നിന്റെ കിരീടം ആരും കവര്‍ന്നെടുക്കാന്‍ പാടില്ല

ജിന്‍സി സന്തോഷ്‌

ദൈവത്തിന്റെ പദ്ധതികളെ മനുഷ്യന് പരാജയപ്പെടുത്താൻ സാധിക്കില്ല. “കർത്താവേ, അങ്ങേയ്ക്ക് എല്ലാം സാധ്യമാണെന്നും അങ്ങയുടെ യാതൊരു ഉദ്ദേശത്തെയും ആർക്കും തടയാനാവില്ലന്നും ഞാനറിയുന്നു” (ജോബ് 42:2).

ജീവിതയാത്രയിൽ പൂർത്തിയാക്കാൻ നിനക്കൊരു നിയോഗമുണ്ട്. സഭയാകുന്ന ശരീരത്തിൽ ഒരോ ക്രൈസ്തവനും ചെയ്തുതീർക്കാനുള്ള ചെറുതും വലുതുമായ ഉത്തരവാദിത്വങ്ങളുണ്ട്. ദൈവം നിന്നെ ഭരമേല്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾക്ക് ഈ ഭൂമിയിലെ ജീവിതത്തിൽ വളരെ പ്രാധാന്യമുണ്ട്. നീ അതിനെ നിസ്സാരമായി കാണരുത്. നീ പിന്മാറിയാൽ നിന്റെ സ്ഥാനത്ത് മറ്റൊരാളെ തന്റെ പദ്ധതി നടപ്പാക്കാൻ ദൈവം കണ്ടെത്തും. നീ ദൈവസന്നിധിയിൽ തിരസ്ക്കരിക്കപ്പെടുകയും ചെയ്യും. ആകാരവടിവോ ഉയരമോ അല്ല കർത്താവ് നോക്കുന്നത്. ആരുടെയും അയോഗ്യതയുടെ ആഴമോ, യോഗ്യതയുടെ ഉന്നതിയോ അവിടുന്ന് പരിഗണിക്കില്ല. ദൈവികപദ്ധതിയിൽ ഒരു മനുഷ്യൻ കാണിക്കുന്ന വിശ്വസ്തതയാണ് അയാളിലൂടെ വലിയ കാര്യങ്ങൾ ചെയ്യാൻ സ്വർഗ്ഗം കണക്കാക്കുന്ന യോഗ്യത.

ഇന്ന് ദൈവം തരുന്ന പ്രേരണ നാളെ നിനക്കു ലഭിക്കണമെന്നില്ല. അവിടുത്തെ വിളിയുടെ നിമിഷത്തിനുവേണ്ടി നൈമിഷികതയെ ദൂരെയെറിയാൻ മനസ്സിനെ ചിട്ടപ്പെടുത്താം. നിത്യതയോളം എത്തുന്നു നിത്യതയെപ്പോലും അതിലംഘിക്കുന്ന നിങ്ങളുടെ പ്രത്യുത്തരങ്ങൾ. “നിന്റെ കിരീടം ആരും കവർന്നെടുക്കാൻ പാടില്ല” (വെളി. 3:11).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.