മരിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് മുന്നില്‍ കരുതലിന്റെ കരം തീര്‍ത്ത മനുഷ്യ സ്‌നേഹികള്‍

    ‘എന്റെ കൂടെ അല്‍പം നേരം ഇരിക്കാമോ മോളെ’ മരണത്തിലേയ്ക്ക് നടന്നടുക്കുന്ന ഒരു പാവം വൃദ്ധയുടെ നിസഹായമായ വാക്കുകളായിരുന്നു അത് എന്ന് ഒര്‍ഗന്‍കാരിയായ സാന്ദ്രേ ക്ലാര്‍ക്ക് ഒരിക്കലും കരുതിയിരുന്നില്ല. അല്‍പനേരം അവള്‍ ആ വൃദ്ധയുടെ അടുത്ത് ഇരുന്നു. ഡ്യൂട്ടിയ്ക്ക് കയറേണ്ട സമയമായതിനാല്‍ വേഗം തന്നെ അവള്‍ തന്റേതായ തിരക്കുകളിലെയ്ക്ക് തിരിയുകയും ചെയ്തു. അല്പം കഴിഞ്ഞു മടങ്ങിയെത്തിയ അവള്‍ കണ്ടത് നിശ്ചലമായ ആ വൃദ്ധയുടെ മൃതദേഹം ആയിരുന്നു.

    ഡ്യൂട്ടി കഴിഞ്ഞെത്തിയ അവരുടെ കാതുകളില്‍ ആ മുത്തശിയുടെ ചോദ്യം മുഴങ്ങിക്കൊണ്ടിരുന്നു. അവരുടെ ആ സമയത്തെ മാനസികാവസ്ഥ സാന്ദ്രേയുടെ ഉള്ളില്‍ ഒരു കനലായി അവശേഷിച്ചു. അവള്‍ തീരുമാനിച്ചു, ഇനി ഒരു രോഗിക്കും ഈ അവസ്ഥ ഉണ്ടാകരുത്. ആരും ഒറ്റയ്ക്ക് മരിക്കരുത് എന്ന ആ തീരുമാനമാണ് ‘നോ വണ്‍ ഡൈസ് എലോണ്‍’ എന്ന സംഘടനയ്ക്ക് രൂപം നല്‍കാന്‍ സാന്ദ്രേ ക്ലാര്‍ക്കിന് പ്രേരണ നല്‍കിയത്.

    ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി  ഹോസ്പിറ്റല്‍ ആശുപത്രിയില്‍ ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകൊണ്ട് മറ്റ് ആശുപത്രികള്‍ക്ക് മാതൃക കാണിച്ചു കൊടുത്തത് പാലിയേറ്റീവ് കെയര്‍ നഴ്‌സ് ആയ ബെത് ഓറളും സഹപ്രവര്‍ത്തകനായ ഡോ. റോബിന്‍ ഗ്രോസും ആണ്. അവര്‍ തങ്ങളുടെ അടുത്തുള്ള ഇടവകകളില്‍ എത്തുകയും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. പല സ്ഥലങ്ങളില്‍ നിന്നായി പതിനഞ്ചോളം വോലന്റിയര്‍മാരെ ലഭിച്ചു. അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി. അവര്‍ക്ക് പരിശീലനമോ എന്നൊക്കെ ചോദിച്ചാല്‍ അത് ആവശ്യമാണ്. കാരണം ഇവരുടെ പ്രവര്‍ത്തന മേഖല വളരെ വ്യത്യസ്തമായിരുന്നു. എഴുന്നേറ്റ് നടക്കാന്‍ കഴിയുന്ന രോഗികളെക്കാള്‍ അധികം യന്ത്ര സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന ആളുകളുടെ പക്കലേയ്ക്ക് ആണ് അവര്‍ കടന്നു ചെല്ലുക. മരണത്തെ കാത്ത് കിടക്കുന്നവരിലേയ്ക്ക്. അപ്പോള്‍ അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവര്‍ക്കൊപ്പം ആവുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.

    അങ്ങനെ അവര്‍ മരണത്തെ കാത്ത് കിടക്കുന്നവരിലെയ്ക്ക് സ്‌നേഹത്തിന്റെ താങ്ങായി എത്തി. ചില ആളുകള്‍ക്ക് ഈ യുവജനങ്ങളുടെ സാമീപ്യമായിരുന്നു ആവശ്യം. അവര്‍ക്ക് മുന്‍പില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ പ്രതിനിധികളായി അല്ലെങ്കില്‍ അവരെപോലെ ഒരാളായി ഈ വോളന്റിയേഴ്‌സ് മാറി. കഥ പറഞ്ഞു കൊടുത്തും പാട്ടു കേള്‍പ്പിച്ചും ബൈബിള്‍ വായിച്ചു കൊടുത്തും ഒക്കെ നിത്യമഹത്വത്തിലേയ്ക്കുള്ള അവരുടെ യാത്രയെ സന്തോഷപൂരിതമാക്കി. ഒരാളുടെ അന്ത്യ നിമിഷത്തില്‍ അവര്‍ക്ക് താങ്ങായി ഇരിക്കുക എന്നത് ആ വ്യക്തിയുടെ ജീവന് നല്‍കുന്ന ഏറ്റവും വലിയ ബഹുമാനം ആണെന്ന് മനസിലാക്കിയ ഓരോ വോളണ്ടിയര്‍മാരും ഇന്ന് ആ ദൗത്യം നിര്‍വഹിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണ്.

    പണ്ടുള്ള പ്രായമായവര്‍ പറയും മരിക്കുവാണെങ്കില്‍ കുടുംബത്ത് കിടന്നു മരിക്കണം എന്ന്. കൊച്ചുമക്കളെ കണ്ടും മക്കളോടും മരുമക്കളോടും യാത്ര പറഞ്ഞും ഒക്കെ കടന്നു പോകുന്ന അന്ത്യ നിമിഷങ്ങള്‍ അനുഗ്രഹീതമായി കണ്ടിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ മക്കളും കൊച്ചുമക്കളും ഒക്കെ നിര്‍വഹിക്കേണ്ട ചുമതല പലതും ഇന്നു മെഷീന്‍ ആണ് നിര്‍വഹിക്കുന്നത്.

    അന്ത്യ നേരത്ത് ആശുപത്രിയുടെ ചുവരുകള്‍ക്കുള്ളില്‍ ഭയത്തോടെ മരണത്തെ നേരിടേണ്ടി വരുന്ന അനേകര്‍ ഇന്നത്തെ സമൂഹത്തില്‍ ഉണ്ട്. അവര്‍ക്ക് താങ്ങായി, ആശ്വാസമായി, മനുഷ്യത്വത്തിന്റെ കരമായി മാറുകയാണ് അമേരിക്കയിലെ ‘നോ വണ്‍ ഡൈസ് എലോണ്‍’ സംഘടനയുടെ പ്രവര്‍ത്തകര്‍.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.