പരിശുദ്ധ മറിയം ആദ്യസക്രാരി

ജോസ് ക്ലമന്റ്

ജപമാലയാണ് എന്‍റെ ഏറ്റവും പ്രിയപ്പെട്ട ഭക്തി

വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ

ജപമാല ഭക്തനായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പൗരോഹിത്യം സ്വീകരിച്ചത് 1946 നവംബര്‍ രണ്ടിനായിരുന്നു. 1996 നവംബര്‍ രണ്ടിന് മാതാവിന് പ്രത്യേകം നന്ദിയര്‍പ്പിച്ചുകൊണ്ട് പാപ്പാ തന്‍റെ പൗരോഹിത്യത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷിച്ചു. പരിശുദ്ധ മറിയത്തോടുള്ള ഭക്തിയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ സഭയെ ശക്തമായ രീതിയില്‍ നയിച്ചു. പരിശുദ്ധ മറിയത്തിന്റെ പ്രത്യേക പരിപാലനയും സംരക്ഷണവും മാര്‍പ്പാപ്പയും തിരുസ്സഭയും അനുഭവിച്ചറിഞ്ഞ കാലഘട്ടമായിരുന്നു 2000 മഹാജൂബിലിവര്‍ഷം. പരിശുദ്ധ മറിയത്തെ ചരിത്രത്തിലെ ആദ്യത്തെ സക്രാരിയെന്ന് അതിമനോഹരമായി വിശേഷിപ്പിച്ചുകൊണ്ട് ‘സഭയും പരിശുദ്ധ കുര്‍ബാനയും’ എന്ന ചാക്രിക ലേഖനം അദ്ദേഹം പ്രസിദ്ധീകരിച്ചു.

പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭവതിയായ മറിയം തന്‍റെ ഉദരത്തിലാണ് ആദ്യമായി യേശുവിനെ സംരക്ഷിച്ചത്. അതിനാല്‍ മറിയത്തോട് നാം എത്രമാത്രം അടുക്കുന്നുവോ അത്രമാത്രം നാം പരിശുദ്ധാത്മാവിനാല്‍ നിറയും. കാരണം, അമ്മയുടെ സാന്നിധ്യം പരിശുദ്ധമാണ്. അവളുടെ കൂടെ സദാ കര്‍ത്താവുണ്ട്. അമ്മയുടെ വിമലഹഹൃദയത്തിലേക്ക് വിശ്വാസപൂര്‍വം നാം നമ്മെത്തന്നെ സമര്‍പ്പിക്കണം. അമ്മയുടെ വിമലഹൃദയം ആത്മാക്കളെ ഈശോയുടെ സൗന്ദര്യത്തില്‍ ഒരുക്കിയെടുക്കുന്ന ബ്യുട്ടി പാര്‍ലറാണ്.

ദൈവവചനം മാംസമായ ക്രിസ്തുവിന്‍റെ ജീവിതരഹസ്യങ്ങളാണ് ജപമാല. ദിവ്യരക്ഷകന്‍റെ മനുഷ്യാവതാരവും ജനനവും ജീവിതവും പീഡാനുഭവവും മരണവും ഉത്ഥാനവും സ്വര്‍ഗാരോഹണവും ജപമാലയില്‍ സംഗ്രഹിച്ചിട്ടുണ്ട്. പെസഹാരഹസ്യം സമഗ്രമായി കോര്‍ത്തിണക്കിട്ടുള്ള പ്രാര്‍ത്ഥനാരൂപമാണ് ജപമാല. വിശുദ്ധ കുര്‍ബാന കഴിഞ്ഞാല്‍ ഏറ്റവും അര്‍ത്ഥഗര്‍ഭവും ക്രിയാത്മകവും ധ്യാനാത്മകവുമായ പ്രാര്‍ത്ഥനാ രീതിയാണിത്. വിശുദ്ധ ഗ്രന്ഥത്തിലെ നിരവധി രംഗങ്ങള്‍ ജപമാലാലാപനത്തിന്റെ ധ്യാനസംവിധാനത്തില്‍ നിന്നുള്ള സങ്കേതങ്ങളാണ്. വിശുദ്ധഗ്രന്ഥ വാക്യങ്ങളാണ് ഓരോ ദശകത്തിന്റെയും മുഖ്യമൂല്യങ്ങള്‍. ഈ സ്വര്‍ഗീയഹാരത്തിലെ സുകൃത സൂനങ്ങളായ 15 രഹസ്യങ്ങള്‍ക്കൊപ്പം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ അഞ്ചു രഹസ്യങ്ങള്‍കൂടി ചേര്‍ത്തുകൊണ്ട് ജപമാല പ്രകാശമാനമാക്കിത്തിര്‍ത്തു. മനവും മസ്തിഷ്ക്കവും പ്രവര്‍ത്തിപ്പിച്ച് ജപമാല പൂര്‍ണമായി സമര്‍പ്പിക്കുമ്പോള്‍ ക്രിസ്തുവിന്റെ രക്ഷാകര വേലയിലൂടെ നാം കടന്നുപോകും. പാപത്തില്‍ മരിക്കുകയും ക്രിസ്തുവില്‍ ഉത്ഥാനം ചെയ്യുകയും ചെയ്യും. ദൈവസുതനോടൊപ്പം പരിശുദ്ധ കന്യകയുടെ നേതൃത്വത്തില്‍ നാം സ്വര്‍ഗ്ഗോന്മുകരാകും. അപ്പോള്‍ ദൈവീക പുണ്യങ്ങള്‍ പൂവണിയുകയും വിശ്വാസം സുദൃഡമാകുകയും ചെയ്യും. ശരണം ശക്തവും സ്നേഹം സുചേതനവുമായിത്തീരുമ്പോള്‍ സുവിശേഷത്തിനു സാക്ഷികളായിത്തീരും.

ജപമാലയര്‍പ്പണത്തിന് ആധുനിക യുഗത്തില്‍ കോട്ടം സംഭവിക്കുന്നുവെന്നു മനസ്സിലാക്കിയ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 2002-ല്‍ ജപമാല വര്‍ഷം പ്രഖ്യാപിച്ചുകൊണ്ട് വിശ്വാസികളെ ഈ സുകൃതാഹാരവുമായി കൂടുതല്‍ അടുപ്പിച്ചു. ഫാത്തിമയിലും ലൂര്‍ദിലുമൊക്കെ പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടപ്പോള്‍ ജപമാലസമര്‍പ്പണത്തിന്റെ ആവശ്യകതയാണ് ഊന്നിപ്പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ ജപമണികള്‍ പ്രായഭേദമെന്യേ, പാമര പണ്ഡിത ഭേദമെന്യേ ഏവര്‍ക്കും മാര്‍ഗദര്‍ശകങ്ങളാണ്.

ക്രിസ്റ്റഫര്‍ കൊളംബസ് പേരെടുത്ത ജപമാല ഭക്തനായിരുന്നു. തന്‍റെ കപ്പലിന് ‘സാന്താ മരിയ’ എന്ന് പേരിട്ട കൊളംബസ്, താന്‍ കണ്ടെത്തിയ ഒരു നാടിന് ‘റൊസാരിയോ ഡി സാന്താഫെ’- ‘വിശുദ്ധ ജപമാല’ എന്നാണ് നാമകരണം ചെയ്തത്. പ്രശസ്ത ഇറ്റാലിയന്‍ ശില്പി മൈക്കിള്‍ ആഞ്ചെലോ ഉപയോഗിച്ചിരുന്ന ജപമാല ‘വിരോണ്‍ഡേ’ യിലെ മ്യുസിയത്തില്‍ ഇന്നും സുക്ഷിക്കുന്നുണ്ട്. പ്രസിദ്ധ രാജ്യതന്ത്രജ്ഞനും കത്തോലിക്കാ അയര്‍ലണ്ടിന്റെ വിമോചകനുമായ ഡാനിയല്‍ ഒക്കോണല്‍ തന്‍റെ ഉജ്ജ്വല പ്രസംഗങ്ങള്‍ക്കു മുന്‍പ് ശ്രോതാക്കളോടോത്തു ജപമാല ചൊല്ലുമായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട മാതൃരാജ്യത്തിനുവേണ്ടി വാദിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് ലണ്ടന്‍ പാർലമെന്റ് മന്ദിരത്തിന്റെ ഇടനാഴികളില്‍ ഒക്കോണല്‍ ജപമാല ചൊല്ലികൊണ്ട് നടക്കുമായിരുന്നു. തന്‍റെ പ്രഭാഷണങ്ങള്‍ക്ക് കരുത്ത് ലഭിച്ചിരുന്നത് ജപമാലയില്‍ നിന്നോ, ആവേ മരിയ എന്നാ ജപത്തില്‍ നിന്നോ ആയിരുന്നുവെന്ന് ഒക്കോണല്‍ സക്ഷ്യപ്പെടുത്തിട്ടുണ്ട്. കമ്പിയില്ലാക്കമ്പി കണ്ടുപിടിച്ച മര്‍ക്കോണി പ്രഭു തന്‍റെ മരണശയ്യയില്‍ കിടന്ന് അവസാനം പറഞ്ഞത് ‘എന്റെ ജപമാല’ തരികയെന്നാണ്.

ജീവിതത്തിന്റെ സമസ്ഥമേഖലകളിപ്പെട്ടവരുടെ ജീവിതത്തിനു താരും തളിരും ലക്ഷ്യവും നല്‍കിയിരുന്നത് ജപമാലയായിരുന്നുവെന്ന് നമ്മുക്ക് കാണാനാകും. ചരിത്രത്തിലെ ആദ്യസക്രാരിയായ ഈ അമ്മ ഏതൊരാപത്ഘട്ടത്തിലും തന്‍റെ ജപമാല ആയുധത്തിലൂടെ മാനവരെ രക്ഷിക്കുന്നു; രക്ഷിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് കേരളസഭയില്‍ ഇന്നും ജപമാലഭക്തി ഭദ്രമായി കത്തിജ്വലിച്ചുക്കൊണ്ടിരിക്കുന്നത്. ഇത്ര ശക്തിദായകമായ ഈ പ്രാര്‍ത്ഥന ചൊല്ലാതിരിക്കാന്‍ നാരകീയ ശക്തികള്‍ ഇന്നും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഒരേ പ്രാര്‍ത്ഥന തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചൊല്ലുന്നത് മൂലം ചിലര്‍ക്കെങ്കിലും ജപമാല പ്രാര്‍ത്ഥനയോട് വിരക്തി തോന്നാറുണ്ട്. അതുപോലെ ജപമാല ചൊല്ലുന്നതു വഴി മാതാവിനെ ആരാധിക്കുന്നു എന്ന തെറ്റിദ്ധാരണ പുലര്‍ത്തുന്നവരുണ്ട്. ഇത് അറിവില്ലായ്മയാണ്. മാതാവിനെയും വിശുദ്ധരെയും കത്തോലിക്കാ സഭ ആരാധിക്കുന്നില്ല. അത് ദൈവത്തിനു മാത്രമുള്ളതാണ്. മാതാവിനെയും വിശുദ്ധരെയും വണങ്ങുക മാത്രമാണ് ചെയ്യുന്നത്. ഈ വണക്കം ബൈബിള്‍ അധിഷ്ഠിതമല്ലായെന്ന ആരോപണമാണ് മറ്റു ചിലര്‍ക്കുള്ളത്. ഇവരും ജപമാല സമര്‍പ്പണത്തെ നിരുല്‍സാഹപ്പെടുത്തുന്നു. ഇതും ശരിയല്ല. കാരണം, ജപമാലയിലെ ഓരോ പ്രാര്‍ത്ഥനയും ബൈബിള്‍ അധിഷ്ഠിതമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.