തിന്മയിൽ നിന്നും സ്വയം പരിരക്ഷിക്കാം ഈ പ്രാർത്ഥനയിലൂടെ

ഒരു ദിവസത്തിന്റെ അവസാനം നാം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് സ്വസ്ഥമായ സമാധാനപൂർണമായ ഒരു ഉറക്കം. എന്നാൽ ചില ആകുലതകളും ആശങ്കകളും സ്വസ്ഥമായ ഉറക്കത്തിൽ നിന്നും നമ്മെ തടയാറുണ്ട്. ഉറക്കത്തിനിടയിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങളാകാം, അടുത്ത ദിവസത്തെ ടെൻഷനുകൾ, ഓഫീസ് കാര്യങ്ങൾ, ബാധ്യതകൾ അങ്ങനെ പല കാര്യങ്ങൾ നമ്മുടെ ഉറക്കത്തിനു തടസമാകാം. ഇത്തരത്തിൽ ഉള്ള ആകുലതകൾ എല്ലാം മറന്നു ഉറങ്ങുവാൻ നമ്മെ സഹായിക്കുന്ന ഏറ്റവും മികച്ച മാർഗ്ഗമാണ് ദൈവത്തിന്റെ സ്നേഹനിർഭരമായ സംരക്ഷണത്തിനു നമ്മെ പൂർണ്ണമായും വിട്ടുകൊടുക്കുക എന്നത്.

അവന് നമ്മെ സംരക്ഷിക്കാനും നമ്മുടെ ഹൃദയത്തെ ശാന്തമാക്കാനും കഴിയും. അങ്ങനെ നമുക്ക് സമാധാനത്തോടെ ഉറങ്ങാൻ സാധിക്കും. ദൈവത്തോടും എല്ലാ മാലാഖമാരോടും വിശുദ്ധരോടും രാത്രിയിൽ നമ്മെ സംരക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള വളരെ ഹ്രസ്വമായ ഒരു പ്രാർത്ഥനയാണ് ചുവടെ ചേർക്കുന്നത്:

“പരിശുദ്ധ കന്യാമറിയമേ, വിശുദ്ധ യൗസേപ്പിതാവേ, സകല വിശുദ്ധരേ രാത്രിയിലുണ്ടാകുന്ന എല്ലാ പാപത്തിൽ നിന്നും തിന്മയുടെ അധീശത്വത്തിൽ നിന്നും എന്നെ സംരക്ഷിക്കുന്നതിനായി ഞങ്ങളുടെ കർത്താവിനോട് പ്രാർത്ഥിക്കണമേ. എന്റെ രക്ഷാധികാരിയായി ദൈവം നിയോഗിച്ചിട്ടുള്ള എന്റെ നല്ല കാവൽ മാലാഖയെ ഈ രാത്രിയിൽ എന്നെ കാത്തുകൊള്ളണമേ. നമ്മുടെ കർത്താവ് നമ്മെ അനുഗ്രഹിക്കുകയും എല്ലാ തിന്മകളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുകയും അങ്ങനെ ഞങ്ങൾ നിത്യജീവൻ പ്രാപിക്കുകയും ചെയ്യട്ടെ. മരിച്ച വിശ്വാസികളുടെ ആത്മാക്കളുടെ മേൽ കർത്താവേ അങ്ങയുടെ കാരുണ്യം പൊഴിക്കണമേ. അവർ സമാധാനത്തിൽ ആയിരിക്കട്ടെ. ആമ്മേൻ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.