ക്യാൻസറിനെ തോൽപ്പിച്ചുകൊണ്ട് ‘നൈറ്റ് ബേർഡ്’ പാടുന്നു

ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തങ്ങളെയോർത്ത് വിലപിക്കുന്നവർക്കുള്ള ഒരു മികച്ച അനുഭവ കഥയാണിത്. സംഭവം അമേരിക്കയിലാണ്. ജീവിതത്തിന്റെ യഥാർത്ഥ സൗന്ദര്യത്തെക്കുറിച്ച്‌ നമ്മെ ഓർമ്മിപ്പിക്കുവാൻ ‘നെറ്റ് ബേർഡ്’ എന്ന പെൺകുട്ടിയുടെ ഗാനവും ജീവിതവും മാത്രം മതി.

അമേരിക്കയിലെ ടെലിവിഷൻ റിയാലിറ്റി ഷോ ആയ അമേരിക്കാസ് ഗോട്ട് ടാലന്റിൽ ‘നൈറ്റ് ബേർഡ്’ എന്നൊരു പെൺകുട്ടിയുണ്ട്. ജെയിൻ മാക്യുസ്കി എന്നാണ് അവളുടെ യഥാർത്ഥ പേര്. കാൻസർ രോഗബാധിതയായെന്നറിഞ്ഞിട്ടും തന്റെ ജീവിതത്തെ സംഗീതം കൊണ്ട് സ്വയം ചികിത്സിക്കുകയും അനേകർക്ക് പ്രചോദനമാകുകയും ചെയ്യുന്ന 30 വയസ്സുകാരി.

ചെറുപ്പകാലം മുതൽ തന്നെ ജെയിൻ തന്റെ ഇടവക ദൈവാലയത്തിലെ ഗായികയായിരുന്നു. 2017-ലാണ് തന്നിലുള്ള സംഗീതത്തെ അവള്‍ ഗൗരവമായി കാണുവാനും അങ്ങനെ കൂടുതൽ അവസരങ്ങൾ അവളെ തേടിയെത്താനും ആരംഭിച്ചത്. ആ സമയത്തായിരുന്നു ഓഹിയോയിൽ നിന്നുള്ള ആ ഗായികയ്ക്ക് കാൻസർ രോഗം സ്ഥിരീകരിച്ചത്. സ്തനാർബുദത്തിന്റെ മൂന്നാം ഘട്ടമാണെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ പിന്നീട് നടത്തിയ പരിശോധനകളിൽ അവളുടെ ശ്വാസകോശത്തെയും നട്ടെല്ലിനേയും കരളിനെയും അത് ബാധിച്ചു എന്നും കണ്ടെത്തി.

“എന്നിൽ സംഭവിച്ച മോശം കാര്യങ്ങളേക്കാൾ എത്രയോ അധികമായി നല്ലത് ഇനി സംഭവിക്കാനിരിക്കുന്നു” – ജെയിൻ പറയുന്നു. പിന്നീട് മൂന്നു വർഷം തുടർച്ചയായ ചികിത്സയായിരുന്നു. ‘ഇറ്റ് ഈസ് ഓക്കേ’ എന്ന് അവൾ പറയുമ്പോഴും കേൾക്കുന്നവർക്കാണ് സംശയം, ഓക്കേ ആണോ എന്ന്. പക്ഷേ, താൻ ശരിക്കും ഓക്കേ ആണെന്ന് തന്റെ പാട്ടുകൊണ്ട് തെളിയിക്കുകയാണ് ആ ഗായിക. ക്യാൻസറിന്റെ കോശങ്ങൾ തന്റെ ശരീരത്തിലാകമാനം പടരുമ്പോഴും സംഗീതമെന്ന വലിയ മറുമരുന്നു കൊണ്ട് സ്വയം ചികിത്സിക്കുകയാണ് ഈ പെൺകുട്ടി.

തന്റെ സഹനത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമെല്ലാം ജെയിൻ എന്ന, ഈ പ്രകാശം പരത്തുന്ന പെൺകുട്ടിക്ക് ഒരുപാട് പറയാനുണ്ട്. കാരണം ഏറ്റവും മനോഹരമായി ജീവിക്കേണ്ട മൂന്ന് വർഷങ്ങൾ അതിതീവ്രമായ സഹനങ്ങൾ കൊണ്ട് ജീവിതത്തെ തിരിച്ചുപിടിച്ച അവളെ നമുക്ക് മാലാഖ എന്നു തന്നെ വിളിക്കാം. കഴിഞ്ഞ മൂന്നു വർഷം കൊണ്ട് ജീവിതത്തോടുള്ള മനോഭാവം തന്നെ മാറുകയായിരുന്നു എന്ന് അവൾ പറയുന്നു.

റിയാലിറ്റി ഷോയിൽ പാടുമ്പോഴും ഒന്നും സംഭവിക്കാത്തതുപോലെ വളരെ സന്തോഷവതിയായി അവളെ നമുക്ക് കാണാം. അത്രയ്ക്ക് ആകർഷകമാണ് അവളുടെ ഗാനവും ശബ്ദവും. ഒരു ദിവസം, താൻ ഇപ്പോഴും ക്യാൻസറുമായി പോരാടുകയാണെന്ന് അവൾ സ്റ്റേജിൽ പങ്കുവച്ചപ്പോഴാണ് ലോകം ഈ ഗായികയുടെ അതിജീവനത്തിന്റെ കഥ അറിയുന്നത്. ‘ഇറ്റ് ഈസ് ഓക്കേ’ എന്ന വാചകം ആ സ്റ്റേജിലും വിധികർത്താക്കളുടെയും കാണികളുടെയും ഹൃദയത്തിൽ പ്രതിധ്വനിക്കുന്നുണ്ട്. കാരണം രക്ഷപെടാൻ വെറും രണ്ടു ശതമാനം മാത്രം സാധ്യതയായിരുന്നു ഡോക്ടർമാർ പറഞ്ഞത്. പക്ഷേ, ഈ പെൺകുട്ടിയാകട്ടെ രണ്ടു ശതമാനം സാധ്യത ഉണ്ടല്ലോ എന്നാണ് അവരോടും ലോകത്തോടും വിളിച്ചുപറയുന്നത്. ആറു മാസം കൂടിയേ ജീവിച്ചിരിക്കുകയുള്ളൂ എന്ന് ഡോക്ടർമാർ വിധി എഴുതിയപ്പോൾ അഞ്ചു വർഷമായി കൂടെയുണ്ടായിരുന്ന ഭർത്താവും അവളെ ഉപേക്ഷിച്ചു. പക്ഷേ, ഒന്നിനും അവളെ തകർക്കാനായില്ല.

“ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. അവിടുന്ന് ഒരിക്കലും നല്ല കാര്യങ്ങൾ വച്ചു താമസിപ്പിക്കുകയില്ല. അവിടുന്ന് എന്നെ സുഖപ്പെടുത്തും. അവിടുന്ന് എനിക്ക് ഇത്രയധികം സഹനങ്ങൾ തരുന്നുണ്ടെങ്കിൽ തീർച്ചയായും അവിടുന്ന് അത്ഭുതം പ്രവർത്തിക്കും. മാസങ്ങൾ മാത്രം അവശേഷിക്കുന്നു എന്ന് ഡോക്ടർമാർ പറഞ്ഞ എനിക്ക് ഇത്രയും വർഷങ്ങൾ ജീവിക്കുവാൻ സാധിച്ചല്ലോ. അതു തന്നെയാണ് അവിടുന്ന് എനിക്കായി അനുദിനവും ചെയ്യുന്ന വലിയ അത്ഭുതം” – ജെയിൻ പറഞ്ഞു. ആലാപനമികവ് കൊണ്ട് ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചിരിക്കുകയാണ് ഈ ഗായികയ്ക്ക്.

നൈറ്റ് ബേർഡ് എന്ന പേര് സ്വീകരിച്ചിരിക്കുന്നത് രാത്രിയിൽ പാടുന്ന പക്ഷിയുമായി തന്റെ ജീവിതത്തിന് വളരെയധികം സാമ്യമുള്ളതിനാലാണ്. “നൈറ്റ് ബേർഡ് പാടുന്നത് പകലിനെ സ്വപ്നം കണ്ടുകൊണ്ടാണ്. ഞാനും അങ്ങനെ തന്നെയാണ്. ജീവിതത്തിന്റെ ഇരുണ്ട നിമിഷങ്ങളിൽ പ്രകാശപൂർണ്ണമായ ഒരു നാളയെ സ്വപ്നം കണ്ടുകൊണ്ട് ദൈവത്തിന്റെ കാരുണ്യത്തിനായി പാടുന്നു” – ജെയിൻ കൂടുതൽ പ്രതീക്ഷയുള്ളവളാകുന്നു.

അതെ, ജെയിൻ പാടുകയാണ്. ദൈവത്തിന്റെ പ്രവർത്തികൾ തന്നിൽ പ്രകടമാകുമെന്നു ഉറച്ചുവിശ്വസിച്ചു കൊണ്ട്. ഇക്കാലമത്രയും തന്നെ ജീവിതത്തിൽ വഴിനടത്തിയ ദൈവം ഇനിയും കാത്തുകൊള്ളും എന്ന് ഉറച്ചുവിശ്വസിച്ചു കൊണ്ട്…. അനേകർക്ക് പ്രചോദനമായിക്കൊണ്ട്….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.