നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടുപോയ വൈദികനെ പത്ത് ദിവസങ്ങൾക്ക് ശേഷം വിട്ടയച്ചു

ഒക്‌ടോബർ 13-ന് നൈജീരിയയിലെ ഉമുവാഹിയ രൂപതയിൽ നിന്നും തട്ടിക്കൊണ്ടുപോയ ഫാ. മാർക്ക് ചിമേസി ഗോഡ്‌ഫ്രെ പത്ത് ദിവസങ്ങൾക്ക് ശേഷം മോചിപ്പിക്കപ്പെട്ടു. പരിക്കുകൾ ഒന്നും ഏൽക്കാതെയാണ് അദ്ദേഹം മോചിതനായത്. ഒക്‌ടോബർ 23-ന് പുറത്തിറക്കിയ പ്രസ്താവനയിൽ ഉമുവാഹിയാ ബിഷപ്പ് ലൂസിയസ് ഇവെജാരു ഉഗോർജി ഈ വാർത്ത സ്ഥിരീകരിച്ചു.

“ഈ രൂപതയിലെ വൈദികരിൽ ഒരാളായ ഫാ. മാർക്ക് ചിമേസി ഗോഡ്ഫ്രെയെ ഇസ്ലാമിക തീവ്രവാദികൾ 2021 ഒക്ടോബർ 13 -ന് തട്ടിക്കൊണ്ടുപോയി. പത്ത് ദിവസത്തെ തടവിന് ശേഷം ഇന്ന് അദ്ദേഹത്തെ മോചിപ്പിച്ചു. ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നതിനും പരിക്കേൽക്കാതെ മടങ്ങിവരാൻ സഹായിച്ചതിനും ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു.” -ബിഷപ്പ് വെളിപ്പെടുത്തി.

ഈ വർഷമാദ്യം അഭിഷിക്തനായ യുവവൈദികനായിരുന്നു ഫാ. ഗോഡ്ഫ്രെ. അദ്ദേഹത്തിന്റെ വീടിന് അടുത്തുള്ള സെന്റ് ഗബ്രിയേൽ ഇടവകയിൽ രാവിലെ വിശുദ്ധ കുർബാന അർപ്പിച്ചു തിരിച്ചുവരുന്നവഴിയാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്.

“തടങ്കലിൽ ആയിരുന്നപ്പോൾ പ്രയാസകരവും വേദനാജനകവുമായ കാലഘട്ടത്തിൽ പ്രാർത്ഥനയിൽ സഹായിച്ച എല്ലാ ബിഷപ്പുമാർക്കും വൈദികർക്കും സമപ്പിതർക്കും വിശ്വാസീ സമൂഹത്തിനും അഗാധമായ നന്ദി പ്രകടിപ്പിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. നിങ്ങളുടെ സ്നേഹത്തിന് ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുകയും പ്രതിഫലം നൽകുകയും ചെയ്യട്ടെ.” – ഫാ. ഗോഡ്ഫ്രെ പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.