തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികനായി പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ച് നൈജീരിയൻ സഭാസമൂഹം

ബൊക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി എന്ന് സംശയിക്കുന്ന നൈജീരിയൻ പുരോഹിതനായി പ്രാർത്ഥനാസഹായം ആവശ്യപ്പെട്ട് നൈജീരിയൻ രൂപത. ഫാ. ഏലിയാ ജുമാ വാഡ എന്ന പുരോഹിതനാണ് മറ്റൊരു ദൈവാലയത്തിലേക്കുള്ള യാത്രാമദ്ധ്യേ മെയ്ദുഗുരിയിൽ വച്ച് തട്ടിക്കൊണ്ടു പോകപ്പെട്ടത്. തട്ടിക്കൊണ്ടു പോയവർ ഔദ്യോഗികമായി ഇതുവരെ രൂപതയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് രൂപതാ സെക്രട്ടറി ഫാ. ജോൺ ബകേനി പറഞ്ഞു. നൈജീരിയയിലെ ക്രിസ്ത്യാനികളെയും പുരോഹിതരെയുമാണ് അക്രമികൾ ലക്ഷ്യമിടുന്നത്.

ബോക്കോ ഹറാം തീവ്രവാദികളുടെ വരവോടെ 2009 മുതലാണ് പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിലെ ജനങ്ങൾക്ക് അരക്ഷിതാവസ്ഥ ആരംഭിച്ചത്. ആഫ്രിക്കൻ രാജ്യങ്ങളെ മുഴുവനായും ഇസ്‌ലാമിക രാജ്യങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ബൊക്കോ ഹറാം തീവ്രവാദികൾ ഇത്തരം പീഡനങ്ങൾ പ്രത്യേകിച്ച്, ക്രൈസ്തവർക്കെതിരായുള്ള ഉപദ്രവങ്ങൾ നടത്തിവരുന്നത്.

മുസ്ലിം ഫുലാനി, ഫുലാനി മിലിഷിയാ തുടങ്ങിയ തീവ്രവാദ സംഘങ്ങളും ഇപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിൽ വളരെയധികം ആക്രമണങ്ങൾ നടത്തിവരുന്നുണ്ട്. രാഷ്ട്രീയപരമായും മതപരമായുമുള്ള എല്ലാ സംവിധാനങ്ങളെയും താറുമാറാക്കുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് ഇത്തരത്തിലുള്ള ഗ്രൂപ്പുകൾ നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.