നൈജീരിയയിൽ ക്രൈസ്തവർ വിഭൂതി ബുധനാഴ്ച കറുത്തവസ്ത്രം ധരിച്ച് പ്രതിഷേധിക്കും  

തുടർച്ചയായിട്ടുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് നൈജീരിയയിൽ ക്രൈസ്തവർ വിഭൂതി ബുധനാഴ്ച കറുത്ത വസ്ത്രം ധരിക്കും. നൈജീരിയയിൽ തുടർച്ചയായി ഉണ്ടാകുന്ന തട്ടിക്കൊണ്ടു പോകൽ, മറ്റ് ആക്രമണപ്രവർത്തനങ്ങൾ എന്നിവയിൽ പ്രതിഷേധിച്ചാണ് വിലാപത്തിന്റെയും പ്രതിഷേധത്തിന്റെയും അടയാളമായ കറുത്തവസ്ത്രം ധരിക്കുന്നത്.

തട്ടിക്കൊണ്ടുപോകലിന് ഇരയായവർക്കുവേണ്ടി പ്രാർത്ഥനയിൽ ചിലവഴിക്കേണ്ട കാലഘട്ടമാണിതെന്ന് ആഫ്രിക്കയിലെ ബിഷപ്പുമാർ സാർവ്വത്രികസഭയോട് ആഹ്വാനം ചെയ്തു. കൂടാതെ, മാർച്ച് ഒന്നു മുതൽ നൈജീരിയയിലെ എല്ലാ നഗരങ്ങളിലും എല്ലാ ഞായറാഴ്ചയും സമാധാനപരമായ പ്രാർത്ഥനാപ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിഷപ്പുമാർ ആഹ്വാനം ചെയ്‌തു.

നൈജീരിയയിൽ വിവിധ ആക്രമണങ്ങളിൽ മരണമടഞ്ഞവർക്കുവേണ്ടിയും ഇവിടെ സമാധാനവും സുരക്ഷയും ഉണ്ടാകുന്നതിനുവേണ്ടിയും ലോകത്തുള്ള എല്ലാ ക്രൈസ്തവരും പ്രാർത്ഥനയിൽ ഒരുമിക്കണമെന്നും നൈജീരിയയിലെ ബിഷപ്പുമാർ അഭ്യർത്ഥിച്ചു.