നൈജീരിയൻ ബിഷപ്പിനെ തട്ടിക്കൊണ്ടു പോയി; മോചനത്തിനായി പ്രാർത്ഥിച്ച് കത്തോലിക്കർ

നൈജീരിയയിലെ ഇമോ സ്റ്റേറ്റിന്റെ തലസ്ഥാനമായ ഒവേറിയിൽ നിന്ന് ബിഷപ്പിനെ തട്ടിക്കൊണ്ടു പോയി. ഒവേറി അതിരൂപതയുടെ സഹായമെത്രാനായ ബിഷപ്പ് മോസസ് ചിക്വെയെ ഞായറാഴ്ച രാത്രിയിലാണ് തട്ടിക്കൊണ്ടു പോയതെന്ന് രൂപതാധികൃതർ അറിയിച്ചു. ബിഷപ്പിന്റെ മോചനത്തിനും ജീവന്റെ സുരക്ഷിതത്വത്തിനുമായി പ്രാർത്ഥനയിലാണ് വിശ്വാസികൾ.

ഈ നിമിഷം വരെ, തട്ടിക്കൊണ്ടു പോകുന്നവരിൽ നിന്ന് ഒരു ആശയവിനിമയവും ഉണ്ടായിട്ടില്ല. 53-കാരനായ ബിഷപ്പിന്റെ അവസ്ഥയെക്കുറിച്ചും വിവരങ്ങൾ ലഭ്യമല്ല. മാധ്യമങ്ങൾ നൽകുന്ന വിവരമനുസരിച്ച് പ്രാദേശികസമയം രാത്രി എട്ടു മണിയോടെ ഓവറിയിലെ പോർട്ട് ഹാർ‌കോർട്ട് റോഡിലാണ് തട്ടിക്കൊണ്ടു പോകൽ നടന്നത്. ബിഷപ്പിനെയും അദ്ദേഹത്തിന്റെ ഡ്രൈവറെയും ബിഷപ്പിന്റെ ഔദ്യോഗികവാഹനത്തിൽ തന്നെയാണ് തട്ടിക്കൊണ്ടു പോയത്. പിന്നീട് ഈ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

നൈജീരിയയിൽ വൈദികരുടെ നേർക്കു നടക്കുന്ന ആക്രമണപരമ്പരയിൽ ഏറ്റവും അവസാനത്തേതാണ് ഈ സംഭവം. ഇതുവരെ വൈദികരെയും സെമിനാരിക്കാരെയും ആയിരുന്നു ആക്രമികൾ തട്ടിക്കൊണ്ടു പോയിരുന്നതെങ്കിൽ ഈ പ്രാവശ്യം ബിഷപ്പിനെയാണ് തട്ടിക്കൊണ്ടു പോയത്. ഇത് ആദ്യ സംഭവം ആണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.