നൈജീരിയക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സുരക്ഷ ഏർപ്പെടുത്തണമെന്ന് ആർച്ച് ബിഷപ്പ് കൈഗാമ

നൈജീരിയൻ ജനതയുടെ സംരക്ഷണം ഉറപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് അബുജയിലെ അതിരൂപത അധ്യക്ഷൻ ഇഗ്‌നേഷ്യസ് കൈഗാമ. നൈജീരിയയിലെ നഹാരതീയിലെ ഒരു അനാഥാലയത്തിൽ നിന്ന് എട്ടു കുട്ടികളെ തട്ടിക്കൊണ്ടുപോയതിനെ തുടർന്നാണ് അദ്ദേഹം ജനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാരിനോട് ആവശ്യപ്പെട്ടത്. പ്രാദേശിക സമയം ഏകദേശം ഒരു മണിയോടെ ഇസ്ലാമിക തീവ്രവാദികളെന്ന് സംശയിക്കുന്ന ഒരു കൂട്ടം ആയുധ ധാരികളാണ് അനാഥാലയത്തിൽ അതിക്രമിച്ചു കയറുകയും കുട്ടികളും ജീവനക്കാരുമടങ്ങുന്ന എട്ടോളം പേരെ തട്ടിക്കൊണ്ടുപോയത്.

“നിർഭാഗ്യകരമായ ഈ സംഭവം നടന്നത് ഫെഡറൽ തലസ്ഥാന പ്രദേശമായ അബുജയിലാണ്. ഫെഡറൽ തലസ്ഥാനത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിലുള്ളവരെങ്കിലും സുരക്ഷിതരെന്ന് വിശ്വസിച്ചിരുന്നു. പക്ഷെ ഈ സംഭവത്തിൽ നിന്നും കുട്ടികൾ പോലും സുരക്ഷിതരല്ലെന്നാണ് നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നത്. കഴിഞ്ഞ ആഴ്ച ഒരു പുരോഹിതൻ അക്രമികളിൽ നിന്ന് മോചിപ്പിക്കപ്പെട്ടു. പക്ഷെ, തട്ടിക്കൊണ്ടു പോകപ്പെട്ട മറ്റു പുരോഹിതൻമാർ അത്ര ഭാഗ്യമുള്ളവരായിരുന്നില്ല. അവരെല്ലാവരും അതി ക്രൂരമായി കൊലചെയ്യപ്പെട്ടു. ഇസ്ലാമിക ജിഹാദികളുടെ സംഘങ്ങളാണ് ഇതിനു പിന്നിൽ. മോചന ദ്രവ്യമായി വലിയ തുക ആവശ്യപ്പെടുകയും അത് ലഭിച്ചാൽ പോലും പൊതുവെ അവർ  ഇരകളെ വെറുതെ വിടാറുമില്ല,” -അദ്ദേഹം പറഞ്ഞു. അടുത്തകാലത്തായി തട്ടിക്കൊണ്ടുപോകൽ എന്ന പ്രതിഭാസം സാധാരണമായി തീർന്നിരിക്കുന്നു. ചില സന്ദർഭങ്ങളിൽ തട്ടിക്കൊണ്ടുപോയവരിൽ സർക്കാർ ഉദ്യോഗസ്ഥരും പുരോഹിതരും മത വിശ്വാസികളും ഉൾപ്പെടുന്നത് വളരെ ഭീതി ജനിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൈജീരിയൻ ഭരണാധികാരികളെ അഭിസംബോധന ചെയ്തുകൊണ്ട് ആർച്ച് ബിഷപ്പ്, അവരുടെ ജീവനും സ്വത്തും പ്രധാനമായതിനാൽ പൗരൻമാരുടെ സംരക്ഷണം മികച്ച രീതിയിൽ ഉറപ്പാക്കുവാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ആളുകളെ തട്ടിക്കൊണ്ടുപോകുമ്പോൾ അവർ ഒറ്റയ്ക്കാണെന്നു തോന്നും. അതിനാൽ തന്നെ ഈ സാഹചര്യത്തിന് അടിയന്തിരമായി പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. അതിനായി ഭരണകൂടം ശ്രമിക്കണം. എത്രയും വേഗം തന്നെ ഭയമില്ലാതെ ആളുകൾക്ക് തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിക്കട്ടെ എന്നും അദ്ദേഹം പ്രത്യാശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.