പ്രകാശനത്തിനും മുമ്പ് വിവാദമാക്കപ്പെട്ട പാപ്പായുടെ ചാക്രികലേഖനത്തിന് സ്വിസ് കപ്പൂച്ചിന്‍ സന്യാസി, ഡോ. നിക്ലൗസ് കൂസ്റ്റര്‍ നല്‍കുന്ന മറുപടി

1. തലക്കെട്ടിനെക്കുറിച്ചുള്ള വിവാദം

സാഹോദര്യവും സാമൂഹികസമത്വവും വിഷയമാക്കുന്ന ഫ്രാന്‍സിസ് പാപ്പായയുടെ നവമായ ചാക്രികലേഖനത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചല്ല വിമര്‍ശനം. മറിച്ച്, ശീര്‍ഷകത്തെ സംബന്ധിച്ചാണ് ചില പ്രസ്ഥാനങ്ങള്‍ വിവാദസ്വരം ഉയര്‍ത്തുന്നത്.

ലത്തീന്‍ മൂലത്തിലെ Fratres Omnes ‘എല്ലാവരും സഹോദരങ്ങള്‍’ എന്ന പരിഭാഷയ്ക്കു പകരം, ”എല്ലാവരും സഹോദരന്മാര്‍…” എന്ന് തദ്ദേശീയഭാഷകളില്‍ പുല്ലിംഗരൂപത്തില്‍ വിവര്‍ത്തനം ചെയ്തുകൊണ്ടാണ് ചിലര്‍ വിവാദം ഉയര്‍ത്തിയിരിക്കുന്നത്. സ്ത്രീകളെ പാപ്പാ ഒഴിവാക്കുകയാണെന്നും, പുരുഷമേധാവിത്വ ഭാവമുള്ളതാണ് ഈ ചാക്രികലേഖനമെന്നുമാണ് ചില സ്ത്രീ സ്വതന്ത്രവാദികളുടെയും പ്രസ്ഥാനങ്ങളുടെയും വിയോജിപ്പ്.

ഒക്ടോബര്‍ 3-ന് അസീസിയില്‍ വച്ച് പാപ്പാ ഒപ്പിടുവാന്‍ പോകുന്ന ഈ ചാക്രികലേഖനത്തിന്റെ തലക്കെട്ടിനെ സംബന്ധിച്ച വിവാദങ്ങള്‍ക്ക് ദൈവശാസ്ത്രജ്ഞനും വി. ഫ്രാന്‍സിസിനെക്കുറിച്ചുള്ള പഠനങ്ങളില്‍ പണ്ഡിതനും പ്രഗത്ഭനുമായ സ്വിസ് കപ്പൂച്ചിന്‍ സന്യാസി, ഡോ. നിക്ലൗസ് കൂസ്റ്ററാണ് വിവാദത്തിന്റെ ചുരുള്‍ അഴിയിക്കുന്നത്.

2. ‘എല്ലാവരും സഹോദരങ്ങള്‍’ എന്ന തലക്കെട്ടിലൂടെ പാപ്പാ നല്‍കുന്ന സന്ദേശം

വി. ഫ്രാന്‍സിസിന്റെ രചനകളുടെ പണ്ഡിതനും ഫ്രാന്‍സിസ്‌കന്‍ നിഷ്പാദുക സഭാംഗവുമായ സ്വിറ്റ്‌സര്‍ലണ്ടുകാരന്‍, നിക്ലാവൂസ് കൂസ്റ്റര്‍ വത്തിക്കാന്റെ ദിനപത്രം, ”ഒസര്‍വത്തോരെ റൊമാനോ”യുടെ സെപ്തംബര്‍ 23-ന്റെ പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം ചാക്രികലേഖനത്തിന്റെ തലക്കെട്ടിലേയ്ക്ക് കൂടുതല്‍ വെളിച്ചം വീശുകയും തെറ്റിദ്ധാരണകള്‍ തിരുത്തുകയും ചെയ്യുന്നുണ്ട്. ”ഫ്രാത്രെസ് ഓംനെസ്”, ‘Fratres omnes’ എന്ന ലത്തീന്‍ പദം അര്‍ത്ഥമാക്കുന്നത് ‘എല്ലാ സഹോദരീ സഹോദരന്മാരും’ എന്നാണ്. പാപ്പായുടെ മൂന്നാമത്തെ ചാക്രികലേഖനത്തിന് തലക്കെട്ടായി സ്വീകരിച്ചിരിക്കുന്നത്, സഭയിലെ പതിവനുസരിച്ച് ചാക്രികലേഖനത്തിന്റെ ആദ്യത്തെ രണ്ടു വാക്കുകള്‍ ‘Fratres omnes’ തന്നെയാണ്. സഭാപ്രബോധനങ്ങളുടെ മൂലരചന ലത്തീനാകയാല്‍, ലത്തീന്‍ മൂലരചനയുടെ ആദ്യവാചകത്തിന്റെ ആദ്യത്തെ രണ്ടു വാക്കുകളാണ് പാരമ്പര്യമായി തലക്കെട്ടായി പരിഗണിച്ചു പോരുന്നത്.

വി. ഫ്രാന്‍സിസ് അസീസിയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ആരംഭിക്കുന്നതാണ് പാപ്പായുടെ ഈ ചാക്രികലേഖനം, എല്ലാം സഹോദരങ്ങള്‍, ‘Fratres omnes’ എന്ന ശീര്‍ഷകം ആരെയൊക്കെയാണ് ഉദ്ദേശിക്കുന്നത്? ഇറ്റാലിയന്‍ ഭാഷയില്‍ ‘Fratelli tutti’ എന്ന പ്രയോഗം പുരുഷന്മാരായ സഹോദരന്മാരെ മാത്രമല്ലേ പ്രതിനിധാനം ചെയ്യുന്നുള്ളൂ, എന്നതെല്ലാം സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്ന് ഉയരുന്ന ചോദ്യങ്ങളും സംശയങ്ങളുമാണ്. അതിനാല്‍ ഈ സഭാപ്രബോധനം എല്ലാവരെയും ഉള്‍ക്കൊള്ളുന്നില്ലല്ലോ? എന്നെല്ലാമുള്ള വാദമുഖങ്ങളും വിവാദസ്വരങ്ങളും ചില പ്രസ്ഥാനങ്ങളും വ്യക്തികളും പ്രബോധനം പുറത്തിറങ്ങും മുന്‍പേ ആരംഭിച്ചുകഴിഞ്ഞു. വാസ്തവത്തില്‍, ഈ അഭിസംബോധനയിലൂടെ അസീസിയിലെ വി. ഫ്രാന്‍സിസ് എല്ലാ വിശ്വാസികളെയും അതായത്, ലോകമെമ്പാടുമുള്ള എല്ലാ സഹോദരങ്ങളെയും (സഹോദരിമാരെയും സഹോദരന്മാരെയും) അഭിസംബോധന ചെയ്യുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

3. അക്ഷരാര്‍ത്ഥം വിവര്‍ത്തനത്തിലെ അപാകത

‘എല്ലാ സഹോദരന്മാര്‍ക്കും’ എന്ന് പുരുഷന്മാരെ മാത്രം അഭിസംബോധന ചെയ്യുന്ന ഒരു സഭാപ്രബോധനത്തിലെ ഒരു വാചകം പോലും വായിക്കരുത് എന്ന പ്രതികരണമാണ് ജര്‍മ്മനിയിലെ സ്ത്രീ സ്വാതന്ത്ര്യവാദികളുടെ പ്രതികരണം. അതുപോലെ തന്നെ, അസീസിയിലെ വി. ഫ്രാന്‍സിസിന്റെ അഭിസംബോധനയില്‍ ‘സ്ത്രീകളും പുരുഷന്മാരും’ ഉള്‍പ്പെടുന്നുവെന്ന സത്യം അക്ഷരാര്‍ത്ഥത്തിലും വിവേകമില്ലാതെയും നടത്തുന്ന വിവര്‍ത്തനങ്ങളാണ് അവഗണിക്കുന്നത്. എന്നാല്‍, മധ്യകാലഘട്ടത്തില്‍ അസീസിയിലെ വി. ഫ്രാന്‍സിസ് വിഭാവനം ചെയ്തതുപോലുള്ള ഒരു സാര്‍വത്രിക സാഹോദര്യത്തെയാണ് പുതിയ ചാക്രികലേഖനത്തിലൂടെ പാപ്പാ കാണുന്നതെന്നാണ് ഡോ. കൂസ്റ്ററുടെ പ്രതികരണം.

യഥാര്‍ത്ഥത്തില്‍, ഈ തലക്കെട്ടിലൂടെ സ്ത്രീ വായനക്കാരെയും ആധുനിക വായനക്കാരെയും അത്ഭുതപ്പെടുത്താന്‍ പ്രാപ്തിയുള്ള, പാരിസ്ഥിതിക ധ്യാനത്തില്‍ മധ്യകാലഘട്ടത്തില്‍ മുഴുകിയിരുന്ന വി. ഫ്രാന്‍സിസിന്റെ ഒരു ആത്മീയവൈഡൂര്യത്തിലേയ്ക്കാണ് പാപ്പാ വെളിച്ചം വീശുന്നതെന്ന് കൂസ്റ്റര്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

4. അസീസിയിലെ വി. ഫ്രാന്‍സിസിന്റെ ഉദ്ധരണി

പാപ്പാ പ്രബോധിപ്പിക്കുന്ന ഈ മൂന്നാമത്തെ ചാക്രികലേഖനം, Fratres Omnes, ‘എല്ലാവരും സഹോദരങ്ങള്‍” തുടക്കത്തില്‍ തന്നെ നടത്തിയിരിക്കുന്നത് വിവേചനപരമായ ഒരു ഉദ്ധരണിയല്ലേ? എന്ന ചോദ്യം ആദ്യമായി ഉയര്‍ത്തിയത് ചാക്രികലേഖനത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടന്ന റോമിലെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത രാജ്യാന്തര മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായിരുന്നു. പാപ്പായുടെ തിരഞ്ഞെടുപ്പിനുശേഷം ആദ്യമായി വിശ്വാസസമൂഹത്തെ അഭിസംബോധന ചെയ്തപ്പോള്‍ ‘സഹോദരീ സഹോദരന്മാരേ’ എന്ന പ്രയോഗമായിരുന്നല്ലോ? ഇപ്പോള്‍ ‘എല്ലാവരും സഹോദരന്മാര്‍’ എന്നു മാത്രം അഭിസംബോധന ചെയ്യുന്നത് എന്തുകൊണ്ടാണ്? സ്ത്രീകളെ ഒഴിവാക്കിയുള്ള പ്രാരംഭവാക്കുകളോടെ സഭയുടെ പകുതി ഭാഗത്തെ ഈ ചാക്രികലേഖനം ഒഴിവാക്കുന്നത് എന്തുകൊണ്ടാണ്?

5. ആദ്യവാചകം ഒരു ഉദ്ധരി

മറുപടിയായി വത്തിക്കാന്റെ പ്രസ്സ് ഓഫിസ് ഡയറക്ടര്‍ വിശദീകരിച്ചത് ഇങ്ങനെയാണ്: പുതിയ ചാക്രികലേഖനം ആരംഭിക്കുന്നത് അസീസിയിലെ മധ്യകാല വിശുദ്ധന്റെ വാക്കുകളിലൂടെയാണ്, ബോധപൂര്‍വ്വമാണ് ഈ വാക്യം ഉപയോഗിച്ചിരിക്കുന്നത്, വിശുദ്ധന്റെ വാക്കുകളെ വളരെ വിശ്വസ്തതയോടെയാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. വി. ഫ്രാന്‍സിസ് തന്റെകൂടെ ജീവിച്ച സഹോദരന്മാരെ അഭിസംബോധന ചെയ്യുന്നതിനാല്‍, ”ഓംനെസ് ഫ്രാത്രെസ്” എന്ന പ്രയോഗം സ്വാഭാവികമായും പുല്ലിംഗ രൂപത്തിലായിരിക്കും. ഈ യുക്തി അനുസരിച്ചാണെങ്കിലും ശരിയായ വിവര്‍ത്തനം ഉദ്ദേശിക്കുന്നത് ‘എല്ലാ സഹോദരന്മാരെയും’ ആയിരിക്കും. അങ്ങനെ വരുമ്പോള്‍ സഭയിലെ ഒരു ന്യൂനപക്ഷത്തെ മാത്രമേ ഉള്‍ക്കൊള്ളുകയുള്ളൂ എന്ന വിവാദത്തിന് പ്രസക്തിയില്ല.

എന്നാല്‍, ഫ്രാന്‍സിസ് പാപ്പാ വിശുദ്ധന്റെ മാതൃകയെ വളരെ വിവേകത്തോടെയാണ് ചാക്രികലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ, ഉപയോഗിച്ചിരിക്കുന്ന വാചകത്തിന്റെ വിവര്‍ത്തനത്തെ പുരുഷനു മാത്രമുള്ളതെന്ന് മനസിലാക്കാന്‍ മാത്രം ശ്രമിക്കുകയാണെങ്കില്‍, അസ്സീസിയിലെ വി. ഫ്രാന്‍സിസ് തന്റെ ‘ഉദ്‌ബോധനങ്ങളില്‍’ ക്രിസ്ത്യാനികളായ എല്ലാ പുരുഷന്മാരെയും സ്ത്രീകളെയും അഭിസംബോധന ചെയ്യുന്നുവെന്ന് തിരിച്ചറിയുന്നതില്‍ എല്ലാവരും പരാജയപ്പെടുക തന്നെ ചെയ്യും. ആധുനിക ഭാഷകളിലേയ്ക്കുള്ള വിവര്‍ത്തനങ്ങളില്‍ മധ്യകാല പ്രയോഗത്തിന്റെ അര്‍ത്ഥത്തെ കൃത്യമായും മനസിലാക്കാവുന്ന സാമാന്യബുദ്ധിയാണെന്നും, അതിനാല്‍ അര്‍ത്ഥശൂന്യമായ വിമര്‍ശനങ്ങള്‍ നല്ലതല്ലെന്നും കപ്പൂച്ചിന്‍ വൈദികന്‍ നിക്ലാവൂസ് കൂസ്റ്റര്‍ ചൂണ്ടിക്കാണിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.