സ്‌കൂള്‍ കുട്ടികളില്‍ ജപമാല ഭക്തി വളര്‍ത്താന്‍ ഒരു രൂപത കണ്ടുപിടിച്ച മാര്‍ഗ്ഗം

സ്‌കൂള്‍ കുട്ടികളുടെ ഇളം ഹൃദയങ്ങളില്‍ പരിശുദ്ധ ദൈവമാതാവിനോട് സ്‌നേഹവും ഭക്തിയും വളര്‍ത്തുന്നതിനായി ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ രൂപത കണ്ടുപിടിച്ച ഒരു മാര്‍ഗ്ഗം ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. 2018-19 അധ്യയന വര്‍ഷത്തിലെ ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലെ ബുധനാഴ്ചകളില്‍ ഉച്ചകഴിഞ്ഞുള്ള സമയം രൂപതയിലെ മുഴുവന്‍ സ്‌കൂളുകളിലും ജപമാല പ്രാര്‍ത്ഥന അരങ്ങേറി.

രൂപതയിലെ സ്‌കൂളുകള്‍ മുഴുവന്‍ ഓണ്‍ലൈനായി ബന്ധിപ്പിച്ച്, രൂപതയുടെ യൂട്യൂബ് ചാനല്‍ വഴി ലൈവ് ടെലികാസ്റ്റിങ്ങും നടത്തിയാണ് ജപമാല യജ്ഞം സംഘടിപ്പിച്ചത്. ഓരോ ആഴ്ചയും ഓരോ സ്‌കൂളാണ് ജപമാലയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്. 3,000- ത്തിലധികം കുട്ടികളും അധ്യാപകരും ഇതില്‍ ഭാഗമാകുകയും ചെയ്തു. രൂപതയുടെ കരിക്കുലം കോര്‍ഡിനേറ്ററായ ജിം ടൗസലാണ് ഈ ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ‘സ്‌കൂളുകളെ തമ്മില്‍ ബന്ധിപ്പിക്കാനും കുട്ടികളില്‍ പ്രാര്‍ത്ഥനയെ വളര്‍ത്താനും രൂപതയുടെ നിയോഗങ്ങള്‍ക്കായി മധ്യസ്ഥപ്രാര്‍ത്ഥന നടത്താനും വഴികള്‍ തേടിക്കൊണ്ടിരുന്ന സമയത്താണ് ഇങ്ങനെയൊരു ആശയം തോന്നിയത്’ – അദ്ദേഹം പറയുന്നു.

‘ പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ട എല്ലാ കുട്ടികള്‍ക്കും ഇതൊരു പുതിയ അനുഭവവും അനുഗ്രഹകാരണവും ആയിട്ടുണ്ടെന്നത് തീര്‍ച്ചയാണ്. കൂട്ടുകാരോടൊപ്പം ചേര്‍ന്നുള്ള പ്രാര്‍ത്ഥനയിലൂടെ, എല്ലാറ്റിലും വലുത് ദൈവവും അവിടുത്തോടുള്ള പ്രാര്‍ത്ഥനയാണെന്ന ചിന്ത അവര്‍ക്കുണ്ടായിട്ടുണ്ട്. കൂടാതെ, ചോദിക്കുന്നവര്‍ക്കെല്ലാം അനുഗ്രഹങ്ങളും കൃപകളും വാരിവിതറാന്‍ സന്നദ്ധയായി നില്‍ക്കുകയാണ് പരിശുദ്ധ മറിയമെന്ന ചിന്തയും അവരില്‍ ഉണര്‍ത്താന്‍ കഴിഞ്ഞു. പല കുട്ടികളും അധ്യാപകരോട് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുകയുണ്ടായി.

മാത്രമല്ല, ഓരോ സ്‌കൂളുകളും തങ്ങളുടേതായ ആശയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി, കുട്ടികളുടെ കൂടി പങ്കാളി ത്വത്തോടെ ജപമാലയജ്ഞം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പരിശ്രമിക്കുകയും ചെയ്തു. അധ്യാപകരും തങ്ങളുടെ ഔദ്യോഗികജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളെന്നാണ് പ്രാര്‍ത്ഥനയെ വിലയിരുത്തിയത്. കുട്ടികളില്‍ പ്രാര്‍ത്ഥശീലവും ദൈവവിശ്വാസവും അച്ചടക്കവും വളര്‍ത്താന്‍ സ്‌കൂള്‍ അധികാരികള്‍ക്ക് പരീക്ഷിക്കാവുന്ന മികച്ച പ്രോഗ്രാമാണിത്’ – ജിം ടൗസല്‍ പറയുന്നു.