പൗരോഹിത്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കി ഒരു വൈദികന്റെ സൈക്കിൾ യാത്ര

സഭയുടെ നിലനിൽപ്പിനു ഏറ്റവും അത്യാവശ്യം വേണ്ടുന്ന ഒരു ഘടകമാണ് പൗരോഹിത്യം. വിശുദ്ധരായ പുരോഹിതരും സന്യസ്തരും ആണ് സഭയുടെ സമ്പത്ത്. ഇന്നത്തെ ലോകത്ത് പൗരോഹിത്യത്തെ കുറിച്ച് പല തരത്തിലുള്ള തെറ്റിദ്ധാരണകളും യുവ മനസുകളിൽ ഉണ്ട്. പലപ്പോഴും യുവാക്കളെ ദൈവവി സ്വീകരിക്കുന്നതിൽ നിന്നും പിന്തിരിക്കുന്നത് ഈ തെറ്റിദ്ധാരണകൾ തന്നെ. ഇത് മനസിലാക്കി യുവാക്കളുടെ മനസിലെ തെറ്റിദ്ധാരണകൾ മാറ്റി ദൈവവിളിയുടെ വിത്തുകൾ പാകുവാൻ മൈലുകളോളം സൈക്കിൾ യാത്ര നടത്തുന്ന ഒരു വൈദികൻ ഉണ്ട്. മിസിസിപ്പിയിലെ ഫാ. നിക് ആദം.  അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാം…

ഞായറാഴ്ചയാണ് അദ്ദേഹം തന്റെ സൈക്കിൾ യാത്ര തുടങ്ങിയത്. 5 ദിവസം കൊണ്ട് 350 മൈലുകൾ താണ്ടി അദ്ദേഹം നടത്തുന്ന ഈ ബൈക്ക് യാത്രയ്ക്ക് പിന്നിൽ ഒരേ ഒരു ഉദ്ദേശം മാത്രം. സഭയിൽ അനേകം വിശുദ്ധരായ വൈദികർ ഉണ്ടാകണം. ദൈവവിളി സ്വീകരിക്കുവാൻ യുവജനങ്ങളുടെ ഹൃദയങ്ങൾ ഒരുക്കണം. ഈ കൊറോണ പകർച്ചവ്യാധിയുടെ സമയത്ത് എങ്ങനെ യുവജനങ്ങളിലേയ്ക്ക് എത്തുമെന്നത് മിസിസിപ്പിയിലെ വൊക്കേഷൻ ഡയറക്ടർ ആയ ഫാ. ആദത്തിനു ഒരു സംശയമായിരുന്നു. എന്നാൽ വൈകുന്നേരങ്ങളിൽ സൈക്കിൾ ചവിട്ടാൻ ഇറങ്ങിയപ്പോൾ ആണ് ഇത്തരം ഒരു ആശയം അച്ചന്റെ മനസ്സിൽ തോന്നിയത്. അനേകം ആളുകളോട് സംവദിക്കാൻ അച്ചന് കഴിഞ്ഞു എന്ന കാരണത്താലാണ് ഈ മാർഗ്ഗം അച്ചൻ സ്വീകരിച്ചത്.

യുവത്വത്തിലേയ്ക്ക് പ്രവേശിച്ച നാളുകളില്‍ വാർത്താ അവതാരകനായി തിളങ്ങിയിരുന്നു വ്യക്തിയായിരുന്നു ഫാ. നിക്ക്. അവിടെ നിന്നും ദൈവ സ്നേഹം അനുഭവിച്ചറിഞ്ഞ് വൈദികനായ അദ്ദേഹം ആശയങ്ങളെ യുവജനങ്ങൾക്ക്‌ ഹൃദ്യമായി അവതരിപ്പിക്കുന്നതിൽ മിടുക്കനാണ്. ദൈവം തനിക്കു തന്ന ഈ കഴിവിനെ ദൈവത്തിനായി ഉപയോഗിക്കുകയാണ് അദ്ദേഹം. പലപ്പോഴും യുവജനങ്ങൾക്കു പൗരോഹിത്യത്തെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകള്‍ ഉണ്ട്. അതിൽ ഒന്നാണ് പുരോഹിതർ എന്നാൽ സദാ സമയം പ്രാർത്ഥിച്ചു കൊണ്ടിരിക്കേണ്ടവരാണെന്നുള്ളത്. പ്രാർത്ഥന, പൗരോഹിത്യ ജീവിതത്തിന്റെ ആവശ്യഘടകമായിരിക്കെ തന്നെ അവരും സാധാരണ ജീവിതം നയിക്കുന്നവരാണെന്നും സാധാരണക്കാരെപ്പോലെ തന്നെയുള്ള പ്രവർത്തികളിൽ കൂടെയാണ് വൈദികരും കടന്നുപോകുന്നതെന്നും യുവതലമുറയെ ബോധ്യപ്പെടുത്തുകയാണ് ഈ വൈദികൻ.

ഇത് കൂടാതെ സാമൂഹ്യ മാധ്യമങ്ങളുടെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുന്നുമുണ്ട് ഇദ്ദേഹം. സർഗ്ഗാത്മക മാർഗങ്ങളിലൂടെ ആളുകളുമായി ബന്ധപ്പെടുവാൻ മാധ്യമങ്ങളും നമ്മെ സഹായിക്കുന്നു. അദ്ദേഹം വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.