വിവാഹിതരായതിന്റെ തൊട്ടടുത്ത ദിവസം റോമില്‍ മാര്‍പാപ്പയ്‌ക്കൊപ്പം വിവാഹവേഷത്തില്‍ നവദമ്പതികള്‍

വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ എങ്ങനെ വ്യത്യസ്തമാക്കാമെന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ യുവതലമുറ. ഇത്തരത്തില്‍ തങ്ങളുടെ വിവാഹത്തിനു ശേഷമുള്ള ദിനങ്ങള്‍ വ്യത്യസ്തമാക്കുന്നതിനായി രണ്ട് യുവദമ്പതികള്‍ ചെയ്ത കാര്യമാണിപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പോളണ്ടില്‍ വച്ച് വിവാഹിതരായവരാണ് കറ്റാര്‍സിനയും മൈക്കിളും. വിവാഹത്തിന്റെ പിറ്റേദിവസം അവര്‍ റോമിലേയ്ക്ക് മാര്‍പാപ്പയെ കാണാനും നവദമ്പതികള്‍ക്ക് അദ്ദേഹം നല്‍കുന്ന അനുഗ്രഹം സ്വീകരിക്കാനും പോയി. അതാകട്ടെ, മുപ്പത് ഡിഗ്രിയില്‍ അധികമുള്ള ചൂട് പോലും അവഗണിച്ച്, ഇരുവരും തങ്ങളുടെ വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞും.

‘ഞങ്ങള്‍ സദസ്സിലേയ്ക്ക് വന്നത് അദ്ദേഹം നവദമ്പതികളെ അനുഗ്രഹിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാമെന്നതിനാലാണ്. ഞങ്ങള്‍ക്ക് ഈ അനുഭവവും അനുഗ്രഹവും ലഭിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. കാരണം, ഇത്തരത്തില്‍ വസ്ത്രം ധരിച്ച് പാപ്പായെ കാണാന്‍ സാധിക്കുക എന്നത് ജീവിതത്തില്‍ കിട്ടാത്ത അവസരമാണല്ലോ’ – കറ്റാര്‍സീന പറയുന്നു.

ഏതായാലും വളരെ വൈകാരികമായ നിമിഷങ്ങളാണ് നവദമ്പതികള്‍ക്ക് അവിടെ നിന്ന് ലഭിച്ചത്. കറ്റാര്‍സീനയ്ക്ക് പാപ്പാ ഹസ്തദാനം നല്‍കുകയും ചെയ്തു. ‘പാപ്പായുടെ കൈ, കുറച്ച് നിമിഷങ്ങള്‍ പിടിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. സന്തോഷം കൊണ്ട് ഞാന്‍ കരഞ്ഞുപോയി’ – കറ്റാര്‍സീന പറഞ്ഞു.

‘വിവാഹം ഒരു യൂണിയനില്‍ ഒരുമിക്കുന്നതാണ്. എല്ലാ സാഹചര്യങ്ങളിലും സഹായിക്കാനായി നിലകൊള്ളുക. നല്ല സമയങ്ങളും പ്രത്യേകിച്ച് മോശം സമയങ്ങളും. അപ്പോഴാണ് ജീവിതാവസാനം വരെ സന്തോഷം ഉണ്ടാവുക’ – മൈക്കിള്‍ പറഞ്ഞു.

ഇനി തങ്ങളുടെ വിവാഹത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുമ്പോള്‍ വീണ്ടും പാപ്പായെ കാണാന്‍ എത്തണമെന്ന ആഗ്രഹം പങ്കുവച്ചാണ് ഇരുവരും മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.