ആദ്യ ആശീർവാദം പാപ്പായ്ക്ക്: കാരണം വ്യക്തമാക്കി റോമിൽ നിന്നുള്ള നവ വൈദികൻ

ഏപ്രിൽ 25, ദൈവവിളിക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനാദിനത്തിൽ റോം പരിശുദ്ധമായ തിരുക്കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു. ഈ തിരുപ്പട്ടത്തിന്റെ അവസരത്തിൽ നവവൈദികരിൽ ഒരാളുടെ കരം ചുംബിച്ച പാപ്പാ, അദ്ദേഹത്തിൽ നിന്ന് ആശീർവാദവും സ്വീകരിക്കുന്നത് ലോകം ഏറെ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. ഏറെ ആളുകളെ ആ സംഭവം ആകർഷിക്കുകയും ചെയ്തു. ഈ സംഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ഫാ. മാറ്റിയസ് ഹെൻ‌റിക്.

“നവവൈദികരുടെ കരം മുത്തുന്ന ഒരു പതിവുണ്ട്. ആ സമയം പാപ്പായോട് ഞാൻ എന്റെ ആദ്യ ആശീർവാദം അങ്ങേയ്ക്കു നല്‍കട്ടെയോ എന്ന് ചോദിച്ചു. വളരെ വിനയത്തോടെ അദ്ദേഹം തലകുനിച്ച് ആശീർവാദം സ്വീകരിച്ചു” – ഫാ. മാറ്റിയസ് ഹെൻ‌റിക് പറഞ്ഞു.

സാധാരണ ഗതിയിൽ ആദ്യ ആശീവാദം നൽകുന്നത് മാതാപിതാക്കൾക്കാണ്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം വൈദികന്റെ മാതാപിതാക്കൾക്ക് തിരുപ്പട്ട ശുശ്രൂഷയിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. “അപ്പോൾ ഞാൻ ചിന്തിച്ചു. റോമിന്റെ ബിഷപ്പായി മാർപാപ്പ ആണ് എന്നെ പൗരോഹിത്യ വിളിയിലേയ്ക്ക് വളർത്തിയത്. എന്റെ മാതാപിതാക്കൾ എനിക്ക് ജന്മം നൽകി. പക്ഷേ, എന്നെ ദൈവത്തിന്റെ പുരോഹിതനാക്കിയതിൽ മാർപാപ്പയ്ക്കും നിർണ്ണായകപങ്കുണ്ട്; ഇന്ന് പുരോഹിതനായി ഉയർത്തിയതും അദ്ദേഹം തന്നെ. അതിനാൽ മാതാപിതാക്കൾ അടുത്തില്ലാത്ത അവസരത്തിൽ പൗരോഹിത്യത്തിലേയ്ക്ക് എന്നെ കൈപിടിച്ചു വളർത്തിയ ഒരു പിതാവിന്റെ സ്ഥാനത്തു നിന്ന മാർപാപ്പയോട് ആശീർവാദം നല്‍കട്ടെയെന്നു ചോദിക്കുകയായിരുന്നു” – വൈദികൻ പറഞ്ഞു.

സ്വമേധയാ ഞാൻ ഒരു ചോദ്യം ചോദിച്ചു. “പരിശുദ്ധ പിതാവേ, എന്റെ ആദ്യ ആശീർവാദം അങ്ങേയ്ക്കു നൽകാമോ? ഏറെ വിനയത്തോടെ അദ്ദേഹം തലകുനിച്ചു. ഞാൻ അദ്ദേഹത്തിന് ആശീർവാദം നൽകി” – ഫാ. മാറ്റിയസ് ഹെൻ‌റിക് അന്നത്തെ സംഭവത്തെ ഓർത്തെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.