പുതുവര്‍ഷം – പ്രതീക്ഷയുടെ ചിറകുകളില്‍ പറക്കാന്‍

മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

ബ്ര. റോബിന്‍ കോലഞ്ചേരി MCBS

മുകളിലേയ്‌ക്കെറിഞ്ഞ കല്ല് താഴേയ്ക്ക് തിരിച്ചു വരും. എന്നാല്‍, മുകളില്‍ നിന്നു മണ്ണിലേയ്ക്കു വീണ മഴത്തുള്ളികള്‍ അപ്രകാരം തിരിച്ചുപോകില്ല. മുകളിലേയ്ക്ക് വളര്‍ന്ന ചെടിയോ, അറ്റുവീണ ഇലയോ മുമ്പുണ്ടായിരുന്ന അവസ്ഥയിലേയ്ക്ക് തിരിച്ചുവരില്ല. മുന്നോട്ടുനടക്കുന്ന മനുഷ്യന്‍ തിരിച്ചുനടക്കുന്നതുപോലെ കടന്നുപോയ കാലം (Past) തിരിച്ചുവരില്ല. എന്നാല്‍, കടന്നുപോയ കാലത്തിലെ ഓര്‍മ്മകള്‍ ഇന്നുകളിലും നാളെകളിലും പോറലുകള്‍ ഉണ്ടാക്കിയേക്കാം. എങ്കിലും പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ പാറിനടക്കുന്ന വീഥികളില്‍ മുന്നോട്ടുനീങ്ങാന്‍ സാധിക്കും. കടന്നുപോയ വത്സരത്തിന്റെ കയ്പ് നിറഞ്ഞ അനുഭവങ്ങളുടെ രഥം ഉപേക്ഷിച്ച് പുതിയ പോരാളിയായി പ്രതീക്ഷയുടെ ചിറകുകളില്‍ പറക്കാന്‍ നമുക്കു മുമ്പില്‍ ഒരു വത്സരം കൂടി.

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഫോണില്‍ വായിച്ച ഒരു മെസേജ് ഇങ്ങനെയാണ്: “According to the laws of aviation, a honey bee can’t fly; because its wings are too smaller in comparison to its fat body. But, a bee still flies because it doesn’t care what the human laws tell.”

Laws of Aviation അനുസരിച്ച് ഒരു തേനീച്ചയ്ക്ക് പറക്കാനാവില്ല. കാരണം, തടിച്ച വലിയ ശരീരത്തോട് തുലനം ചെയ്യുമ്പോള്‍ ഇതിന്റെ ചിറകുകള്‍ വളരെ ചെറുതാണ്. എന്നാല്‍, തേനീച്ച അപ്പോഴും പറക്കുന്നു. കാരണം, മാനുഷികനിയമങ്ങള്‍ എന്തുപറയുന്നു എന്ന് ഇത് ശ്രദ്ധിക്കുന്നില്ല. നമുക്കു ചുറ്റുമുള്ളവയെ, നമ്മുടെ സാഹചര്യങ്ങളെ നോക്കാതെ ദൈവത്തെ നോക്കാനാണ് സുവിശേഷകന്‍ ഉദ്‌ബോധിപ്പിക്കുക. പുതിയ വര്‍ഷത്തില്‍ സുവിശേഷം പ്രധാനമായും മൂന്നു ചിന്തകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

1. “എത്രയോ വിലപ്പെട്ടവരാണ് നിങ്ങള്‍” (മത്തായി 6:26): നാം വിലപ്പെട്ടവരാണെന്ന ബോധ്യം നമുക്ക് ഉണ്ടാവണം. “നീ എനിക്ക് വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമാണ്” (ഏശ. 43:4). വിലപ്പെട്ടവരായതുകൊണ്ടാണ് ദൈവം നമ്മെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചത്. നാം വിലപ്പെട്ടവരായതുകൊണ്ടാണ് സ്വപുത്രനെ ‘വില’ എന്ന പോലെ മരിക്കാന്‍ വിട്ടുകൊടുത്തത്. സ്വന്തം സാദൃശ്യത്തില്‍ സൃഷ്ടിക്കാത്ത സൃഷ്ടവസ്തുക്കളെയെല്ലാം അവിടുന്ന് കാക്കുന്നെങ്കില്‍ നമ്മെയും തീര്‍ച്ചയായും കാത്തുപരിപാലിക്കുമെന്ന് അവിടുന്ന് പറയുകയാണ്.

ഒരു അദ്ധ്വാനവുമില്ലാത്ത പുല്ല് ഏറെ അലങ്കരിക്കപ്പെടുന്നുവെങ്കില്‍ ഏറെ അദ്ധ്വാനിക്കുന്ന മനുഷ്യരെ അവിടുന്ന് പരിപാലിക്കാതിരിക്കുമോ? ഒരിക്കലുമില്ല. അപ്പോള്‍ അവിടെ ഒരു ചോദ്യം ഉയര്‍ന്നേക്കാം, പിന്നെ എന്തിന് കൊറോണ പോലുള്ള പ്രശ്നങ്ങള്‍? അവിടെ, എല്ലാം ദൈവത്തിനു സമര്‍പ്പിക്കുക. “എന്തുകൊണ്ടെന്നാല്‍, നമ്മുടെ അനന്തനന്മയ്ക്കു വേണ്ടിയുള്ള അവിടുത്തെ പദ്ധതികള്‍ നമുക്ക് അജ്ഞാതമാണ്.” നമ്മള്‍ ദൈവത്തിന് വിലപ്പെട്ടവരാണെന്ന ബോദ്ധ്യത്തില്‍ ജീവിക്കുകയാണ് വേണ്ടത്.

2. “ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക”: ‘അവിടുത്തെ’ രാജ്യവും നീതിയും അന്വേഷിക്കണമെങ്കില്‍ അതിനും മുമ്പ് ദൈവത്തെ അന്വേഷിക്കണം. “അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും” (മത്തായി 7:7). ദൈവാന്വേഷിയാകുക. ദൈവത്തെ കാണാന്‍ അകക്കണ്ണ് വേണം.

“Madam, What is worse than having no eye sight?” – ഹെലന്‍ കെല്ലറിനോട് ഒരാള്‍ ചോദിച്ചു: ഹെലന്‍ കെല്ലര്‍ മറുപടി പറഞ്ഞു: “Having eye sight, but no insight vision.”

ദൈവത്തെ കാണാന്‍ ഉള്‍ക്കണ്ണ് വേണം. അല്ലാത്തപക്ഷം, അവിടുത്തെ രാജ്യം തേടേണ്ടതിനു പകരം നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും, അവ ലഭിക്കാന്‍വേണ്ടി നേര്‍ച്ചകളുമായി നടക്കും. പ്രശ്നങ്ങളില്‍, സംഘര്‍ഷങ്ങളില്‍, ക്ലേശങ്ങളില്‍ നാം ദൈവത്തെ ആശ്രയിക്കുന്നു. സുരക്ഷിതസൗഭാഗ്യങ്ങളില്‍ ഒരിക്കലും അവനെ ഓര്‍മ്മിക്കാറില്ല. സുരക്ഷിതരായിരിക്കുമ്പോള്‍, സന്തോഷവാന്മാരായിരിക്കുമ്പോള്‍ താന്‍ എന്തുകൊണ്ട് അപ്രകാരമായിരിക്കുന്നു എന്ന് പലരും തിരിച്ചറിയാതെ പോകുന്നു.

“നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും” എന്ന വചനം മറക്കാന്‍ ഇനി ശീലിക്കേണ്ടിവരും. കാരണം, മറ്റെല്ലാം നേടാനുള്ള കുറുക്കുവഴിയായി മാത്രം ദൈവത്തെയും ദൈവിക കാര്യങ്ങളെയും തേടിപ്പോകുന്നവര്‍ വളരെ കൂടിക്കൊണ്ടിരിക്കുകയാണിന്ന്. ദൈവത്തിലേയ്ക്കു തിരിയണം, അവിടുത്തെ കാര്യങ്ങള്‍ക്ക് ആദ്യം സ്ഥാനം കൊടുക്കണം എന്ന് പുതുവര്‍ഷത്തില്‍ സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

3. മൂന്നാമതായി, പുതുവര്‍ഷത്തില്‍ ദൈവം നമ്മോടു പറയുക, “ആകുലപ്പെടരുത്; ഉത്കണ്ഠാകുലരാകരുത്” എന്നാണ്. ആകുലത കൂടിയതുകൊണ്ട് നടക്കേണ്ട നന്മയോ തിന്മയോ വരാതിരിക്കുന്നില്ല; അത് നേരത്തെ കടന്നുപോവുകയുമില്ല; വൈകുകയുമില്ല. നടക്കേണ്ട സമയത്തു തന്നെ അത് വരും.

ഒരു അമ്മ തന്റെ മകനെ വലിയൊരു ജോലിയുടെ ഇന്റര്‍വ്യൂവിനു പോകാന്‍ സഹായിക്കുകയായിരുന്നു. ഒരു മണിക്കൂര്‍ യാത്രയുണ്ട്. അമ്മ ഭക്ഷണമെല്ലാം ഉണ്ടാക്കി കഴിക്കാന്‍ കൊടുത്തു. മകന്‍ ഇന്റര്‍വ്യൂവിനു കാത്തിരുന്ന് ഭക്ഷണം കഴിക്കാതെ തളര്‍ന്നാലോ എന്നു കരുതി മകനോട് കാത്തിരിക്കാന്‍ പറഞ്ഞ്, നിര്‍ബന്ധിച്ച് ഭക്ഷണം പാത്രത്തിലാക്കി കൊടുക്കുകയും ചെയ്തു. വലിയ ഇന്റര്‍വ്യൂവിനു പോകുന്നതുകൊണ്ട് അപകടമുണ്ടായാലോ എന്നുപറഞ്ഞ് ബൈക്കിന് പോകാനിരുന്ന മകനെ നിര്‍ബന്ധിച്ച് ബസ്സിനു വിട്ടു. ഒരു മണിക്കൂര്‍ യാത്രയേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ട്രാഫിക് ബ്ലോക്കില്‍ പെട്ട് ബസ് വൈകി. അവസാനം ഇന്റര്‍വ്യൂവിനു എത്തിയപ്പോഴേയ്ക്കും കയറേണ്ട നമ്പര്‍ വിളിച്ച് കടന്നുപോയിരുന്നു. പിന്നെ ഓഫീസേഴ്‌സിനോടു പറഞ്ഞ് അവസാനം കയറിയപ്പോള്‍ ടെന്‍ഷന്‍ കാരണം ഒരുങ്ങിയപോലെ പെര്‍ഫോം ചെയ്യാനുമായില്ല; ജോലി കിട്ടിയതുമില്ല.

അനാവശ്യമായി ആകുലപ്പെട്ടതുകൊണ്ട് ഒരു ഉപകാരവുമില്ല. ചിലപ്പോള്‍ നഷ്ടങ്ങളായിരിക്കാം ജീവിതത്തില്‍ ബാക്കി. എന്നാല്‍, ദൈവത്തില്‍ ആശ്രയിച്ചു ജീവിച്ചാല്‍ ഒന്നും നഷ്ടമായി തോന്നുകയില്ല. ഇഷ്ടങ്ങള്‍ കഷ്ടങ്ങളാകുവാനും നഷ്ടങ്ങളാകുവാനും അധികനേരം വേണമെന്നില്ല. ആകുലപ്പെടാതെ എല്ലാത്തിന്റെയും നിയന്താവും സംരക്ഷകനുമായ ദൈവത്തില്‍ ആശ്രയിച്ചാല്‍ നഷ്ടങ്ങളുടെ കണക്കുകളിലേയ്ക്കല്ല, ദൈവമെന്ന നേട്ടത്തിലേയ്ക്കായിരിക്കും നമ്മുടെ നയനങ്ങള്‍ തുറന്നിരിക്കുക.

കഴിഞ്ഞ വര്‍ഷം വിജയങ്ങളുടേതായിരുന്നിരിക്കാം; എങ്കില്‍ ദൈവത്തെ സ്തുതിക്കുക. കഴിഞ്ഞ വര്‍ഷം ചിലപ്പോള്‍ പരാജയങ്ങളുടേതായിരിക്കാം; തളര്‍ച്ചകളുടെയും നഷ്ടങ്ങളുടെയും വേര്‍പാടുകളുടേതുമായിരുന്നിരിക്കാം; ദൈവത്തില്‍ ആശ്രയിക്കുക: എന്നാല്‍, “ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല” (ഏശയ്യാ 40:31).

ദൈവത്തിന് നാം വിലപ്പെട്ടവരാണെന്ന ബോദ്ധ്യത്തില്‍ ദൈവരാജ്യവും നീതിയും അന്വേഷിച്ചുകൊണ്ട് ഉത്കണ്ഠപ്പെടാതെ അവിടുന്നില്‍ ആശ്രയിച്ച് മുന്നേറാന്‍ നമുക്ക് പരിശ്രമിക്കാം. ശരിക്കും നോക്കിയാല്‍ ഇവ മൂന്നും ബന്ധപ്പെട്ടിരിക്കുന്നു. ഞാന്‍ ദൈവത്തിനു വിലപ്പെട്ടവനാണെന്ന ബോദ്ധ്യം എന്നിലുണ്ടെങ്കില്‍ ഞാന്‍ ദൈവത്തെ അന്വേഷിക്കും. ദൈവരാജ്യത്തെ അന്വേഷിച്ച് കണ്ടുപിടിക്കും, തീര്‍ച്ച. അവിടെ ഉത്കണ്ഠ ഉണ്ടാവുകയുമില്ല. കഴിഞ്ഞുപോയ കാലവും ഉണ്ടായ നഷ്ടങ്ങളും തിരിച്ചുവരാതിരിക്കുന്നതു തന്നെയാണ് നല്ലത്. ആ പ്രതീക്ഷകളില്‍ ‘ഇന്നു’കളില്‍ നമുക്ക് ചുവടുവയ്ക്കാനാകും.

ഏതാനും ദിനങ്ങള്‍ മാത്രം ജീവിക്കുന്ന ചിത്രശലഭം അനേകം ഹൃദയങ്ങള്‍ കീഴടക്കുന്നു. കാരണം, അതിന് ഇന്ന് ഈ നിമിഷമാണ് പ്രധാനം. വി. മദര്‍ തെരേസ പറയുന്നത് മനസ്സില്‍ കുറിച്ചിടാം: “Yesterday is gone. Tomorrow has not yet come. We have today only let us Begin.”

എല്ലാവര്‍ക്കും പുതുവത്സരത്തിന്റെ മംഗളങ്ങളും നന്മകളും! ഈ പുതിയ വര്‍ഷം ദൈവം നയിക്കട്ടെ, സഹായിക്കട്ടെ, പരിപാലിക്കട്ടെ. അതിനായി നമുക്ക് ആഗ്രഹിക്കാം. വിശുദ്ധ ബലിയില്‍ പ്രാര്‍ത്ഥിക്കാം. എല്ലാമറിയുന്ന നല്ലവനായ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ എന്നേയ്ക്കും, ആമ്മേന്‍.

ബ്ര. റോബിന്‍ കോലഞ്ചേരി MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.