പുതുവർഷത്തിലേയ്ക്ക്, പുതുതാക്കപ്പെടേണ്ട വർഷത്തിലേയ്ക്ക് ഒരു കുറിപ്പ്

ഫാ. എഫ്രേം മണിയംപ്രായിൽ OSB

ക്രിസ്തുമസ് ആഘോഷങ്ങളുടെ ആരവം കഴിഞ്ഞു. ഇനി പുതുവർഷപ്പിറവിയുടെ ചിന്തകളുണർത്തുന്ന ദിവസങ്ങളാണ്.

എന്താണ് പുതുവർഷപ്പിറവി? സത്യത്തിൽ ഒരു പുതിയ വർഷം ജനിക്കുന്നുണ്ടോ? കാലാകാലങ്ങളായി വന്നുകൊണ്ടിരിക്കുന്ന 365 ദിവസങ്ങളാകുന്ന ഒരു വർഷം ആവർത്തിക്കപ്പെടുന്നു – പുതിയ പേരിൽ! 2020 മാറി 2021 ആകുന്നു! അത്രയല്ലേയുള്ളൂ? അതായത്, ഒരു വിധത്തിൽ പറഞ്ഞാൽ 2020 പുതുതാക്കപ്പെടുന്നതല്ലേ 2021?

പുതിയനിയമത്തിലെ വെളിപാട് പുസ്തകം 21:1-ൽ വി. യോഹന്നാൻ “ഒരു പുതിയ ആകാശവും പുതിയ ഭൂമിയും” എന്ന വിഷയം അവതരിപ്പിക്കുന്നുണ്ട്. കാരണം “ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി.” തുടർന്ന് അദ്ദേഹം വിവരിക്കുന്നു: “ഇതാ ദൈവത്തിന്റെ കൂടാരം മനുഷ്യരോടു കൂടെ. അവിടുന്ന് അവരോടൊത്തു വസിക്കും. അവർ അവിടുത്തെ ജനമായിരിക്കും. അവിടുന്ന് അവരോടു കൂടെ ആയിരിക്കുകയും ചെയ്യും.”

“പഴയതെല്ലാം കടന്നുപോയി” (വെളി. 21:4) എന്ന് വി. യോഹന്നാൻ പറയുന്നതിലൂടെ അദ്ദേഹം ലക്ഷ്യം വയ്ക്കുന്നത് പുതുതാക്കപ്പെടാവുന്ന ആകാശത്തെയും ഭൂമിയെയും കുറിച്ചാണ്. ഇവിടെ പുതിയ ആകാശവും ഭൂമിയും സൃഷ്ടിക്കപ്പെടുന്നതിനെക്കുറിച്ചല്ല മറിച്ച്, ദൈവത്തിന്റെ ആദ്യ സൃഷ്ടികാലം മുതൽ ഉണ്ടായിരുന്ന ദൈവവും ദൈവജനവും ഒരുമിച്ചു വസിച്ചിരുന്ന ആ പഴയ സാഹചര്യം പുനരവതരിപ്പിക്കപ്പെടുന്നതിനെക്കുറിച്ചാണ് പരാമർശിക്കുന്നത്.

ഇതു തന്നെയാണ് വി. പൗലോസ് ശ്ലീഹാ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി നിങ്ങൾ പുതിയ മനുഷ്യനെ ധരിക്കുവിൻ എന്ന് പറയുമ്പോഴും ഉദ്ദേശിക്കുന്നത്. എഫേ. 4:22-24-ൽ നാം വായിക്കുന്നു: “നിങ്ങളുടെ പഴയ ജീവിതരീതിയിൽ നിന്ന് രൂപം കൊണ്ട വഞ്ചന നിറഞ്ഞ ആസക്തികളാൽ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിൻ. നിങ്ങൾ മനസ്സിന്റെ ചൈതന്യത്തിൽ നവീകരിക്കപ്പെടട്ടെ. യഥാർത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദ്യശ്യത്തിൽ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങൾ ധരിക്കുവിൻ.”

കൊളോ. 3:10-ലും നാം ഇതേ ആശയം കാണുന്നു: “പഴയ മനുഷ്യനെ അവന്റെ ചെയ്തികളോടു കൂടെ നിഷ്കാസനം ചെയ്യുവിൻ. സമ്പൂർണ്ണജ്ഞാനം കൊണ്ട് സ്രഷ്ടാവിന്റെ പ്രതിച്ഛായയ്ക്കനുസൃതമായി നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ ധരിക്കുവിൻ.”

പുതുതാക്കപ്പെടേണ്ട മാനുഷികഭാവങ്ങളെക്കുറിച്ചാണ് വി. പൗലോസ് ശ്ലീഹാ ഇവിടെ വിവക്ഷിക്കുന്നത്. വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ തനിമയുടെ സാദ്യശ്യത്തിലേയ്ക്ക് പുതുതാക്കപ്പെടേണ്ട നമ്മുടെ ചിന്തകളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും വാക്കുകളെക്കുറിച്ചും പ്രവൃത്തികളെക്കുറിച്ചും പ്രതിപാദിക്കുന്ന ഏറ്റവും നല്ല വിശുദ്ധ ഗ്രന്ഥഭാഗമാണിത്. കാരണം, നമെല്ലാവരും അടിസ്ഥാനപരമായി ദൈവത്തിന്റെ സാദ്യശ്യത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ്. ആ സാദൃശ്യത്തിന്റെ തനിമയിലേയ്ക്കുള്ള തിരിച്ചുപോക്കാണ് പുതിയ മനുഷ്യനെ ധരിക്കുവിൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്!

ഈ പുതുതാക്കപ്പെടലിന്റെ ഉച്ചസ്ഥായിയിലാണ് “ഇനി മേൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്” എന്ന വി. പൗലോസ് ശ്ലീഹായുടെ തന്നെ സാക്ഷ്യപ്പെടുത്തൽ! (ഗലാ. 2:20). ക്രിസ്തു അനുയായിയുടെ സകല ചിന്തകളിലും മനോഭാവങ്ങളിലും വാക്കുകളിലും നിലപാടുകളിലും ക്രിസ്തു മാത്രം പ്രതിഫലിപ്പിക്കപ്പെടുന്ന സമ്പൂർണ്ണ പുതുതാക്കപ്പെടൽ! ഇത്തരത്തിൽ “പുതിയ സൃഷ്ടിയാവുക എന്നത് പരമപ്രധാനം” ആണ് എന്ന് വി. പൗലോസ് ശ്ലീഹാ ക്രിസ്തു അനുയായികളെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു (ഗലാ. 6:15).

“ക്രിസ്തുവിൽ പുതുജീവിതം” (കൊളോ. 2:20) എന്ന തലക്കെട്ട് കഴിഞ്ഞുവരുന്ന കൊളോസുകാർക്കുള്ള ലേഖനത്തിലെ ചില ഭാഗങ്ങൾ ഇവിടെ പ്രസക്തമാണ്: “അതിനാൽ നിങ്ങൾ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുവിൻ” (കൊളോ. 3:12). നിങ്ങൾ “പരസ്പരം ക്ഷമിച്ച് സഹിഷ്ണുതയോടെ വർത്തിക്കുവിൻ” (കൊളോ. 3:13). നിങ്ങൾ “എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂർണ്ണമായ ഐക്യത്തിൽ ബന്ധിക്കുന്ന സ്നേഹം പരിശീലിക്കുവിൻ” (കൊളോ. 3:14).

“നിങ്ങൾ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കർത്താവായ യേശുവഴി പിതാവായ ദൈവത്തിന് കൃതജ്ഞതയർപ്പിച്ചുകൊണ്ട് അവന്റെ നാമത്തിൽ ചെയ്യുവിൻ” (കൊളോ. 3:17). “നിങ്ങളുടെ ജോലി എന്തുതന്നെ ആയിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാർത്ഥതയോടെ ചെയ്യുവിൻ” (കൊളോ. 3:23). നിങ്ങൾ “കൃതജ്ഞതാനിർഭരിതരായി ഉണർന്നിരുന്ന് നിരന്തരം പ്രാർത്ഥിക്കുവിൻ” (കൊളോ. 4:2). “നിങ്ങളുടെ സംസാരം എപ്പോഴും കരുണാമസൃണവും ഹൃദ്യവുമായിരിക്കട്ടെ” (കൊളോ. 4:6).

ഈ തിരുവചനങ്ങളെല്ലാം ഓരോ ക്രിസ്തു അനുയായിയുടെയും പുതുതാക്കപ്പെടേണ്ട നിലപാടുകളെ ഉദ്ദേശിച്ചുള്ളവയാണ്. ഈ അവസരത്തിൽ പുതിയനിയമത്തിലെ ‘ഉപമകളുടെ ഉപമ’ എന്നറിയപ്പെടുന്ന ധൂർത്തപുത്രന്റെ ഉപമ ഒരിക്കൽക്കൂടി ചിന്താവിഷയമാക്കുന്നത് തികച്ചും സന്ദർഭോചിതമാണ്. ലൂക്കാ 15:11-32 -ലാണ് ഈ ഉപമയുള്ളത്.

ഇളയമകൻ “പിതാവേ, സ്വത്തിൽ എന്റെ ഓഹരി എനിക്ക് തരിക” എന്നുപറഞ്ഞ് “എല്ലാം ശേഖരിച്ചുകൊണ്ട് ദൂരദേശത്തേയ്ക്കു പോയി”. ഒരുപക്ഷേ, ഇളയമകന്റെ നിലപാട് ഒരു തരത്തിലും തെറ്റല്ല എന്ന് നമുക്ക് തോന്നാം – തനിക്ക് അവകാശപ്പെട്ട, തന്റെ ഓഹരി മാത്രം ചോദിച്ചുവാങ്ങുന്ന സാധുവായ ഇളയമകൻ. എന്നാൽ, “അവിടെ ധൂർത്തനായി ജീവിച്ച്‌ സ്വത്തു നശിപ്പിച്ചുകളഞ്ഞു” എന്ന വചനം അവനെ “ധൂർത്തപുത്രൻ” ആക്കുന്നു. അവന്റെ നിലപാടിലെ തന്നിഷ്ടത്തിന്റെ പൂർണ്ണത വെളിപ്പെടുത്തപ്പെടുന്നു. പിന്നീട്, ആ ദേശത്തു കഠിനക്ഷാമം ഉണ്ടാകുന്നു, അവൻ ഞെരുക്കത്തിലാകുന്നു, പന്നികളുടെ തവിടു പോലും അവന് “ആരും കൊടുത്തില്ല.” തന്നിഷ്ടത്തിന്റെ പിറകെ പോയവന് നേരിടേണ്ടിവരുന്ന ഭൗതിക തിരിച്ചടികളുടെ മൂർദ്ധന്യാവസ്ഥ വി. ലൂക്കാ ഇവിടെ വർണ്ണിക്കുന്നു. “അപ്പോൾ അവനു സുബോധമുണ്ടായി” (ലൂക്കാ 15:17). എന്ന തിരുവചനം ഇവിടെ വളരെ ശ്രദ്ധേയമാണ്. തന്നിഷ്ടത്തിന്റെ വഴികളിൽ നിന്ന് സുബോധത്തിന്റെ വഴികളിലേയ്ക്ക് മടങ്ങിയെത്തുന്ന മകൻ!

അതിനെ തുടർന്നുള്ള വാക്യം (ലൂക്കാ 15:18) വിശുദ്ധ ഗ്രന്ഥത്തിലെ അതിമനോഹരമായ മാനസാന്തര വിവരണമാണ്: “ഞാൻ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേയ്ക്കു പോകും. ഞാൻ അവനോട് പറയും: പിതാവേ, സ്വർഗ്ഗത്തിനെതിരായും നിന്റെ മുൻപിലും ഞാൻ പാപം ചെയ്തു. നിന്റെ പുത്രൻ എന്നു വിളിക്കപ്പെടാൻ ഞാൻ ഇനി യോഗ്യനല്ല. നിന്റെ ദാസരിൽ ഒരുവനായി എന്നെ സ്വീകരിക്കണമേ.”

ആ മകൻ പഴയ നാട്ടിലേയ്ക്കു തന്നെ മടങ്ങുവാൻ തീരുമാനിക്കുന്നു. പഴയ നാട്ടിൽ, താൻ ജനിച്ചുവളർന്ന വീട്ടിൽ സ്വന്തം പിതാവിന്റെയും സഹോദരന്റെയും ജോലിക്കാരുടെയും കൂടെ “പുതുതാക്കപ്പെട്ട” മനസ്സുമായി ജീവിക്കുവാൻ “സുബോധ”ത്താൽ ആ മകൻ തീരുമാനിക്കുന്നു. “മേൽത്തരം വസ്ത്രം ധരിപ്പിക്ക”പ്പെട്ട് “കൈയിൽ മോതിരവും കാലിൽ ചെരുപ്പും അണിയിക്ക”പ്പെട്ട് അവന് തന്റെ പുത്രസ്ഥാനവും പദവിയും തിരിച്ചുകിട്ടുന്നു. എന്നാൽ, “നിന്റെ പുത്രൻ എന്നു വിളിക്കപ്പെടാൻ ഞാൻ ഇനി യോഗ്യനല്ല” എന്ന നിലപാട് എടുത്തുകൊണ്ട് ആ മകൻ തന്റെ പിതാവിന്റെ ദാസരിൽ ഒരുവനായിരിക്കുവാനാണ് സ്വയം തീരുമാനിക്കുന്നത്.

മുമ്പ് സ്വന്തം ഇഷ്ടമനുസരിച്ച് ജീവിച്ചപ്പോൾ തെറ്റ് തിരിച്ചറിയാതിരുന്ന ആ പുത്രൻ ഇപ്പോൾ സ്വന്തം ഇഷ്ടം പൂർണ്ണമായി വെടിഞ്ഞ് പിതാവിന്റെ ഇഷ്ടത്തിന് കീഴ്‌വഴങ്ങുന്ന ദാസനാകുന്നു! പുത്രൻ എന്ന സ്വന്തം പദവി തിരിച്ചുകിട്ടിയപ്പോൾ തന്റെ തുടർജീവിതത്തിൽ തെറ്റുകൾ ആവർത്തിക്കാതിരിക്കുവാൻ തന്റെ സാഹചര്യങ്ങൾ പുതുതാക്കപ്പെടുന്നില്ലെങ്കിലും തന്റെ മനസ്സ് ഒരു ദാസന്റെ മനസ്സായി “പുതുതാക്കുന്ന” മകൻ! സ്വന്തം തെറ്റ് സ്വയം തിരിച്ചറിയുന്നതിന്റെയും സ്വന്തം തെറ്റ് ഏറ്റുപറയുവാൻ സ്വയം തീരുമാനമെടുക്കുന്നതിന്റെയും സ്വന്തം തെറ്റ് സ്വയം ഏറ്റുപറയുന്നതിന്റെയും സ്വന്തം തെറ്റ് തുടർജീവിതത്തിൽ ആവർത്തിക്കപ്പെടാതിരിക്കുവാൻ പരിഹാര നിലപാട് സ്വയം ഏറ്റെടുക്കുന്നതിന്റെയും വിശുദ്ധ ഗ്രന്ഥത്തിലെ ഏറ്റവും നല്ല ഉദാഹരണമാണിത് (ശരിയായ കുമ്പസാരത്തിന്റെ ഘടകങ്ങളെല്ലാം ഇവിടെ പ്രകടമാണ്). തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കുവാൻ സ്വന്തം സാഹചര്യങ്ങളും സഹവാസികളും പദവിയും ജോലിയും ഉത്തരവാദിത്വങ്ങളുമല്ല മാറ്റിക്കിട്ടാൻ ആഗ്രഹിക്കേണ്ടത്. മറിച്ച്, സ്വന്തം മനസ്സാണ് മാറ്റപ്പെടേണ്ടത് എന്ന് കാണിച്ചുതരുന്ന വിശുദ്ധ ഗ്രന്ഥത്തിലെ മനോഹര വ്യക്തിത്വം.

ഇത്തരം ഒരു പുതുതാക്കപ്പെടലാണ് ഈ പുതുവർഷത്തിൽ ദൈവംതമ്പുരാൻ നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നത്. നമ്മുടെ സ്രഷ്ടാവും പരിപാലകനുമായ ദൈവപിതാവിന്റെ ആഹ്വാനങ്ങൾക്ക് സമ്പൂർണ്ണമായി വിധേയമാകുന്ന ഒരു പുതുതാക്കപ്പെട്ട ജീവിതം, ഒരു വിശുദ്ധ ജീവിതം. അതിനായി, കഴിഞ്ഞുപോയ 365 ദിവസങ്ങൾക്കു പകരം പുതുതാക്കപ്പെടാവുന്ന 365 ദിവസങ്ങളാണ് ദൈവം നമുക്ക് തരുന്നത്. നമ്മുടെ സഹവാസികളും സഹപ്രവർത്തകരും ജോലിസ്ഥലവും നമ്മുടെ വരുമാനവും സാമ്പത്തികാവസ്ഥയും ഒന്നും മാറാത്തപ്പോൾ നമ്മുടെ ചിന്തകളും മനോഭാവങ്ങളും വാക്കുകളും വിലയിരുത്തലുകളും പ്രവൃത്തികളും നമുക്ക് സ്വയം മാറ്റാവുന്ന 365 ദിവസങ്ങൾ!

കഴിഞ്ഞുപോയ 2020 -ലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോൾ വേണ്ടിയിരുന്നില്ല, ശരിയായില്ല, തെറ്റായിപ്പോയി, ആ മറുപടി വേണ്ടായിരുന്നു, ക്ഷമിക്കാമായിയിരുന്നു, വെറുതേ സംശയിച്ചു, സത്യം തിരിച്ചറിയാൻ ശ്രമിയ്ക്കാതെ അവിഖ്യാതി പറഞ്ഞല്ലോ, കുറച്ചു കൂടി നന്നായി പ്രാർത്ഥിക്കാമായിരുന്നു, മറ്റുള്ളവരുടെ കുറ്റം പറയേണ്ടിയിരുന്നില്ല, കുറച്ചുകൂടി നന്നായി ജീവിക്കാമായിരുന്നു… എന്നൊക്കെ നാം സ്വയം തിരിച്ചറിയുന്ന വിവിധ ജീവിതനിലപാടുകൾക്കു പകരം പുതിയ വിശുദ്ധ സാധ്യതകളുടെ 365 ദിവസങ്ങൾ, അഥവാ പുതിയ ഒരു വർഷം!

സാഹചര്യങ്ങളല്ല പുതുതാക്കപ്പെടേണ്ടത് – പഴയ സാഹചര്യങ്ങളോടുള്ള നമ്മുടെ നമ്മുടെ മനോഭാവം മാത്രമാണ് പുതുതാക്കപ്പെടേണ്ടത് എന്ന് എപ്പോഴും ഓർത്തിരിക്കേണ്ട ഒരു വർഷം! പുതുതാക്കപ്പെടുന്ന ഹൃദയങ്ങളെ എന്നും എപ്പോഴും കാത്തിരിക്കുന്ന ദൈവംതമ്പുരാന്റെ അനുഗ്രഹാശിസ്സുകൾ പുതിയ വർഷത്തിലേയ്ക്ക് എല്ലാവർക്കും ആശംസിച്ചുകൊണ്ട്

ഫാ. എഫ്രേം മണിയംപ്രായിൽ OSB

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.