വാ വാ യേശുനാഥന്‍ പുതിയ ഈണത്തില്‍

കേരള ക്രൈസ്തവവര്‍ക്കെല്ലാം പ്രത്യേകിച്ച് കത്തോലിക്കര്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു വികാരമാണ് ‘വാ വാ യേശു നാഥാ…’ എന്ന ഗാനം. ദേവാലയത്തില്‍ എല്ലാവരും ഒന്നുചേര്‍ന്ന് ആലപിക്കുന്ന ചുരുക്കം ചില ഗാനങ്ങളില്‍ ഒന്നാണിത്. കേരളക്കരയും കടന്ന് യൂറോപ്യന്‍ ഗായകസംഘങ്ങള്‍ വരെ ഈ ഗാനം ആലപിക്കുന്നുണ്ട്. ഈയിടെ ചെങ്ങളം പള്ളിയുടെ പശ്ചാത്തലത്തില്‍ ഈ ഗാനം പുതിയ ഈണത്തില്‍ ദൃശ്യാവിഷ്‌കാരത്തോടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി; ഒപ്പം അനുകൂല പ്രതികൂല അഭിപ്രായങ്ങളും.

ദൃശ്യാവിഷ്‌കാരത്തോടും അതിന്റെ അവതരണത്തോടും ആര്‍ക്കും ഒട്ടുംതന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നില്ല. ‘വാ വാ യേശുനാഥാ’ പുതിയ ഈണത്തില്‍ അവതരിപ്പിച്ചതിനെയാണ് പലരും എതിര്‍ത്തത്. ശുദ്ധ സംഗീതവും അര്‍ത്ഥസമ്പുഷ്ടമായ രചനയും ക്രിസ്തീയാനുഭവത്തിലേക്ക് മനുഷ്യമനസ്സിനെ ഉണര്‍ത്തുവാന്‍ കഴിയുന്ന ഭാവവുമുള്ള ഈ ഗാനം പുതിയ ഈണത്തിലാക്കി വികൃതമാക്കേണ്ടിയിരുന്നോയെന്നായിരുന്നു പലരും സംശയിച്ചത്. തീര്‍ച്ചയായും അങ്ങനെ വികൃതമാക്കിയിട്ടുണ്ട് പല നല്ലഗാനങ്ങളും.

അധികം ആര്‍ക്കും അറിയില്ലെങ്കിലും ഈ പുതിയ ഈണത്തിന്റെ സംഗീത സംവിധായകന്‍ ഫാ. മാത്യൂസ് പയ്യപ്പള്ളി എം.സി.ബി.എസ് ആണ്. ക്രൈസ്തവ ഭക്തിഗാന രംഗത്തേക്ക് അദ്ദേഹം കടന്നുവന്നിട്ട് അധികകാലം ആയില്ലെന്നത് അവിശ്വസനീയമായി തോന്നാം. എം.സി.ബി.എസ്- കലാഗ്രാമത്തിന്റെ ഡയറക്ടറായ ഫാ. മാത്യൂസ് ധാരാളം നല്ലഗാനങ്ങള്‍ക്ക് ഈണം നല്‍കുകയും, ആല്‍ബങ്ങള്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ശാലീനമെങ്കിലും പക്വമായ സംഗീതസംവിധാനമാണ് അദ്ദേഹത്തിന്റേത്. ‘വാ വാ യേശുനാഥന് പുതിയ സംഗീതം നല്‍കിയതിന് ഫാ. മാത്യൂസ്‌ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.

ഗാനരചന ആരുടേതെന്ന് കൃത്യമായി അറിയാത്ത എന്നാല്‍ വാക്കുകളുടെ ഒതുക്കം കൊണ്ടും പ്രാര്‍ത്ഥനാ ചൈതന്യംകൊണ്ടും മനോഹരമായ ഈ ഗാനം, തന്റെ ഹൃദയത്തില്‍ നിന്നുയരുന്ന ഈണത്തിലാക്കാന്‍ ഏതൊരു സംഗീത സംവിധായകനും ആഗ്രഹിച്ചുപോകും. മാത്രമല്ല, പഴമയുടെ ഹൃദ്യതയും മാധുര്യവും ഏറെയുണ്ടെങ്കിലും, പുതിയ തലമുറയുടെ സംഗീതാഭിരുചിക്കനുസരിച്ച് ചിട്ടപ്പെടുത്തി നവ്യമായ ഒരു സംഗീതാനുഭവം സൃഷ്ടിക്കുകയെന്നത് സംഗീതസംവിധായകന്റെ കടമയുമാണ്.

ഈ ദൗത്യം വാ വാ യേശുനാഥന് പുതിയ സംഗീതം നല്‍കി ഫാ. മാത്യൂസ് നിര്‍വ്വഹിച്ചിരിക്കുകയാണ്. പഴയഗാനങ്ങള്‍ ഒരു ഫാഷനുവേണ്ടി പാടുകയും പുതിയ രീതിയിലുള്ളവ ഉള്ളില്‍തട്ടി ആലപിക്കുകയും ചെയ്യുന്ന ആധുനിക തലമുറയുടെ ആസ്വാദന ഇഷ്ടങ്ങളെ അവഗണിക്കുന്നതു നന്നല്ലല്ലോ.
വാ വാ യേശുനാഥന്റെ പുതിയ ഈണം കേള്‍വിക്കിമ്പം തന്നെ. ഒരു ഗാനത്തിന്റെ സംഗീതം ശക്തവും മധുരവുമാണെങ്കില്‍ അത് നാമറിയാതെതന്നെ നമ്മെ വശീകരിക്കുന്നു. ആ സംഗീതം കാതില്‍വീണ്, കാതില്‍ത്തന്നെ വറ്റുന്നതല്ലാത്തതാ കുമ്പോള്‍ അതിന്റെ സൗന്ദര്യം വര്‍ദ്ധിക്കുന്നു. വാവാ യേശുനാഥന്റെ പുതിയ ഈണം ഈയൊരു അനുഭവമാണ് നല്‍കുന്നത്. ഒന്നുകൂടി കേള്‍ക്കാനും, ഒപ്പം പാടുവാനും തോന്നിപ്പിക്കുന്നതാണത്. വികൃതമാക്കാനല്ല വിപുലമായൊരു സംഗീതാസ്വാദന പ്രപഞ്ചം സൃഷ്ടിക്കുവാനാണ് ഫാ. മാത്യൂസ് ശ്രമിച്ചത്.

ഗായകസംഘം ആലപിക്കുന്ന ശൈലിയാണ് ഈ പുതിയ ഈണം ചിട്ടപ്പെടുത്തലില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗായകസംഘം ആലപിക്കുന്ന രീതിക്ക് അനുയോജ്യമായി പല സ്ഥായികളില്‍ പാടുവാനുള്ള സാധ്യതകള്‍ ഈ സംഗീത സംവിധാനത്തിലുണ്ട്. ദേവാലയത്തില്‍ ഒരാള്‍ മാത്രം പാടുന്നതിനേക്കാള്‍ ദൈവജനത്തിനെന്നും ഇഷ്ടം ഗായകര്‍ സംഘമായി ആലപിക്കുന്നതാണ് എന്ന യാഥാര്‍ത്ഥ്യംകൂടി നാമിവിടെ ഓര്‍ക്കേണ്ടതുണ്ട്.

ഇത് ക്രൈസ്തവ ഭക്തി ഗാനരംഗത്തെ വിപ്ലവകരമായ ഒരു മാറ്റമൊന്നും അല്ലെങ്കിലും പഴയ ഗാനങ്ങളിലെ നന്‍മ, സൗന്ദര്യം ഒട്ടും ചോര്‍ന്നുപോകാതെ, പുതിയ ശൈലിയിലും ഈണത്തിലും അവതരിപ്പിക്കുന്നത് ഇന്നിന്റെ തലമുറയ്ക്ക് ഉപകാരപ്രദമാകും. ഭക്തിഗാനങ്ങള്‍ രചനയിലും ഈണത്തിലും പുതുമയും ദൈവാനുഭവവും ജനിപ്പിക്കാതെ, വെറും ശബ്ദകോലാഹലമാകുന്നത് ശുഭകരമല്ല. വാവായേശുനാഥന്റെ പഴയ ഈണവും ഫാ.മാത്യൂസിന്റെ പുതിയ ഈണവും തമ്മില്‍ താരതമ്യപഠനം നടത്തുന്നതിനേക്കാള്‍, രണ്ടിന്റേയും അനന്യതയും സൗന്ദര്യവും അനുഭവിച്ചുകൊണ്ട് ആലപിക്കുകയാണെങ്കില്‍ ക്രിസ്തുവിലേക്ക് മിഴിതുറക്കാന്‍ നമുക്കാകും.

സാജു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.