ജനനം മുതൽ മരണം വരെ നാവിൽ ഉയരുന്ന ‘ഈശോ’ നാമം: സന്യാസിനിയുടെ ഹ്രസ്വചിത്രം വൈറൽ

സി. സൗമ്യ DSHJ

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ‘ഈശോ – യെസ് ഫ്രം ദി ബൈബിൾ’ എന്ന ഹ്രസ്വചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് ഒരു സിസ്റ്ററാണ്, എം എസ് എം ഐ കോൺഗ്രിഗേഷനിലെ സി. സെബി. ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെ നാവിൽ ഉയരുന്ന ‘ഈശോ’ എന്ന നാമത്തിന്റെ പ്രാധാന്യം ചുരുങ്ങിയ സമയം കൊണ്ട് അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. ‘ഈശോ’ യുടെ കഥ, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്ന സി. സെബി ഈ ചിത്രം നിർമ്മിക്കാനുണ്ടായ സാഹചര്യം വിശദമാക്കുന്നു.

“ആരെയും വേദനിപ്പിക്കാതെ, വിവാദങ്ങൾ ഇല്ലാതെ സോഷ്യൽമീഡിയ വഴി എനിക്ക് ഈശോയെ കൊടുക്കാൻ പറ്റുകില്ലേ?” ഇത് സിസ്റ്റർ തന്നോട് തന്നെ സ്വയം ചോദിച്ച ചോദ്യമാണ്. അതിനുള്ള ഉത്തരമാണ് ‘ഈശോ’ എന്ന ഈ ചെറിയ വീഡിയോയിൽ എത്തിനിന്നത്. ആരെയും കുറ്റപ്പെടുത്താനോ വേദനിപ്പിക്കാനോ ഇഷ്ടപ്പെടാത്ത സി. സെബി, ‘ഈശോ’ എന്ന നാമത്തെ മാത്രം ഉയർത്തിപ്പിടിച്ചുകൊണ്ട് ആ നാമത്തിന്റെ പ്രാധാന്യം ഈ ലോകത്തിൽ എത്രമാത്രം ഉയർന്ന് നിൽക്കുന്നുവെന്ന് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. അതാണ് ഈ ചിത്രം പ്രേഷകരുടെ മനസ്സിൽ സ്വാധീനം ചെലുത്തുന്ന ഒന്നായി മാറുവാൻ കാരണമായത്. വലിയ സംഭാഷണങ്ങൾ ഇല്ലാതെ, ലളിതമായി ചെയ്തിരിക്കുന്ന ഈ ചിത്രം ഇതിനോടകം അനേകരുടെ ഹൃദയത്തിൽ ഇടംപിടിച്ചു കഴിഞ്ഞു. ‘MSMI ക്രിസ് മീഡിയ’ സ്റ്റുഡിയോയിലാണ് എഡിറ്റിങ്, ഡബ്ബിങ് എന്നിവ പൂർത്തിയാക്കിയത്.

“എന്റെ ജീവിതത്തിൽ ഞാൻ ‘ഈശോ’ എന്ന് വിളിച്ച വികാരമുണ്ടല്ലോ, അതിനെ ദൃശ്യവത്കരിക്കുവാൻ ഉള്ള ഒരു പരിശ്രമത്തിന്റെ ഫലമാണ് ഇത്. കലയുടെ ആവിഷ്‌കാരത്തെക്കാൾ ഉപരിയായി ആത്മാവിന്റെ ആവിഷ്ക്കാരമാണ് ഈ ചിത്രം. ഞാൻ വിളിക്കുന്ന ഈശോയെ മഹത്വപ്പെടുത്തണം എന്നത് മാത്രമാണ് ഈ ചിത്രത്തിലൂടെ ആഗ്രഹിച്ചത്. നാം പോലും അറിയാതെ പലപ്പോഴും ‘ഈശോയെ’ എന്ന് വിളിക്കുന്ന പല സാഹചര്യങ്ങളും ഉണ്ടാകുമല്ലോ. ആ സാഹചര്യങ്ങളെ കോർത്തിണക്കി ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അതായത്, ശരീരം പോലും ആവശ്യപ്പെടാതെ ഉള്ളിൽ നിന്നും വരുന്ന വാക്കുകൾ. അതാണ് ‘ഈശോ’ എന്ന നാമം.” സിനിമ നിർമ്മിക്കാനുണ്ടായ സാഹചര്യത്തെ സിസ്റ്റർ വിശദമാക്കി.

ഇതിൽ അഭിനയിച്ചിരുന്നവർക്ക് ഡയലോഗായി ‘ഈശോ’ എന്ന ഒറ്റ നാമം വിളിച്ചാൽ മതിയായിരുന്നു. എങ്കിലും അത് വികാരവായ്പ്പോടെയുള്ള വിളിയായിരിക്കണമെന്ന് അവരോട് സിസ്റ്റർ നിർദ്ദേശിച്ചു. ഇവരെല്ലാം തന്നെ ഈ കഥ പൂർണ്ണമായും ഉൾക്കൊണ്ടാണ് ചെയ്തിരിക്കുന്നത്. “ആരെയും കുറ്റപ്പെടുത്താതെ, സ്നേഹംകൊണ്ട് പ്രതികരിച്ച ഒരു ചിത്രം” എന്നാണ് ഈ ചിത്രത്തെ പ്രേക്ഷകർ വിശേഷിപ്പിച്ചിരിക്കുന്നത്.

കലാകായിക വിഷയങ്ങളോട് വളരെയേറെ താല്‍പര്യവും അതിനെക്കുറിച്ച് അറിവുമുള്ള വ്യക്തിയാണ് എം എസ് എം ഐ  കോൺഗ്രിഗേഷനിലെ ക്രിസ്തുജ്യോതി പ്രൊവിൻസിലെ അംഗമായ സി. സെബി. ചെറുപ്പത്തിൽ നൃത്തം അഭ്യസിച്ചിരുന്നുവെങ്കിലും കോൺവെന്റിൽ ചേർന്നതോടുകൂടി അതെല്ലാം ഈശോയ്ക്കുവേണ്ടി വേണ്ടെന്നുവച്ച ജീവിതമാണ് ഈ സന്യാസിനിയുടേത്. എന്നാൽ ഈശോ, ഇവ വേണ്ടെന്നു വയ്ക്കുവാൻ സിസ്റ്ററിനെ സമ്മതിച്ചില്ല. ദാനമായി കൊടുത്ത കഴിവുകളും താല്‍പര്യങ്ങളും, ഒരു സമർപ്പിതയായ ശേഷവും തുടരുവാൻ അധികാരികളിലൂടെ ദൈവം തന്നെ ഈ സന്യാസിനിയുടെ ജീവിതത്തിൽ ഇടപെട്ടു. അങ്ങനെയാണ് സി. സെബി, മാസ് കമ്മ്യൂണിക്കേഷൻ പഠിച്ചതും സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സജീവമാകുന്നതും.

മുൻപും നിരവധി ഹ്രസ്വചിത്രങ്ങൾ സിസ്റ്റർ ചെയ്തിട്ടുണ്ട്. പൗരോഹിത്യ ജീവിതത്തിന്റെ മഹനീയത ഉയര്‍ത്തിക്കാട്ടി കൊണ്ടുള്ള ‘നിന്നെപ്പോലെ ഒരാള്‍’, സമർപ്പിത ജീവിതത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ‘തിരിച്ചറിവ്’, ജീവന്റെ മൂല്യത്തെ പങ്കുവെയ്ക്കുന്ന ‘അതിഥി’ എന്നിവയാണ് അവ.

ഇനിയും തന്റെ കഴിവുകളെ ഉപയോഗപ്പെടുത്തി കാലഘട്ടത്തിന്റെ ശബ്ദമായി മാറുവാനും അങ്ങനെ നവമാധ്യമങ്ങളിലൂടെ സുവിശേഷത്തിന്റെ മൂല്യം പങ്കുവെക്കുവാനും സിസ്റ്ററിന് സാധിക്കട്ടെ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

4 COMMENTS

Leave a Reply to cCancel reply