അൾത്താര ബാലനിൽ നിന്ന് ക്രിസ്തുവിന്റെ പുരോഹിതനിലേക്ക്

മെൽക്കിസദേക്കിന്റെ ക്രമപ്രകാരം നീ എന്നേക്കും പുരോഹിതനാണ്.
ഹെബ്രായർ 5: 6

തിരുവനന്തപുരം ലത്തീൻ അതിരൂപതക്കുവേണ്ടി ഈ കൊറോണ കാലത്തെ രണ്ടാമത്തെ വൈദികനായി കാരയ്ക്കാമണ്ഡപം സ്വദേശിയായ ഡീക്കൻ വിജിൽ ജോർജിനെ ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടു പുരോഹിത ഗണത്തിലേക്ക് പ്രവേശിച്ചു.

ഡീക്കൻ വിജിൽ ജോർജിന്റെ ജന്മദേശമായ കാരയ്‌ക്കാമണ്ഡപം സെന്റ് ആന്റണീസ് പള്ളിയിൽ വച്ച് ഇന്നത്തെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ചെറിയൊരു സമൂഹത്തെ സാക്ഷിയാക്കി അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസൈപാക്യം പിതാവിന്റെ കൈവെപ്പ് സുശ്രൂഷ വഴി ഡീക്കൻ വിജിൽ ജോർജിനെ ക്രിസ്തുവിന്റെ നിത്യ പൗരോഹിത്യത്തിലേക്ക് അവന്റെ അത്താഴമേശയിലേക്ക് ക്ഷണിച്ചു. കാൽവരിയിലെ തിരുയാഗത്തെ അനുസ്മരിക്കാനും തിരുവത്താഴത്തിന്റെ ഓർമ്മകൾ പുതുക്കാനും ദൈവം തന്റെ ദാസനായ ഡീക്കൻ വിജിൽ ജോർജിനെ സൂസൈപാക്യം പിതാവിലൂടെ നിത്യപുരോഹിതനായി അവരോധിച്ചു.

വ്യക്തിപരമായി വളരെ അടുത്തറിയാവുന്ന വ്യക്തിത്വമാണ് നവ വൈദികനായ ഫാദർ വിജിൽ ജോർജ്. കഴിഞ്ഞ 6 മാസ കാലത്തോളം എന്റെ ഇടവക പള്ളിയായ വിശുദ്ധ നിക്കോളാസ് ദൈവാലയത്തിൽ ഡീക്കനായി അദ്ദേഹം സേവനം ചെയ്തു. ആദ്യകാലങ്ങളിൽ വലിയ അടുപ്പമൊന്നും ഞങ്ങൾ തമ്മിൽ ഇല്ലായിരുന്നു. പരസ്പരം അടുത്തറിയാനും സൗഹൃദത്തിൽ ഏർപ്പെടാനും കൂടുതൽ സഹായിച്ചത് കഴിഞ്ഞ മൂന്നു മാസങ്ങളിലാണ്. അതിനു കാരണക്കാരൻ വേറെയാരുമല്ല കൊറോണ തന്നെ.

കോവിഡിന്റെ ആക്രമണം വർദ്ധിച്ചു വന്നപ്പോൾ കരുംകുളം പഞ്ചായത്തിനു വേണ്ടി ഇടവകയുടെ സഹായത്തോടെ അന്ന് ഡീക്കനായിരുന്ന ഫാദർ വിജിൽ ജോർജിന്റെ നേതൃത്വത്തിൽ ഇടവകയിലെ യുവജനങ്ങളെയും മുതിർന്നവരെയും കോർത്തിണക്കി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഒരു കൂട്ടായ്മയ്ക്ക് രൂപം കൊടുക്കുകയും പഞ്ചായത്തിന്റെ സംവിധാനത്തിൽ നിന്നുകൊണ്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ആ സമയങ്ങളിൽ പലപ്പോഴും അദ്ദേഹത്തിന്റെ പ്രവർത്തനമികവ് നേരിൽ കണ്ട് അത്ഭുതപ്പെട്ട് പോയിട്ടുണ്ട്. ഏതു സമയത്തും ഏതു നേരത്തും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ യാതൊരു മടിയും അദ്ദേഹം കാട്ടിയിട്ടില്ല. യുവത്വത്തിന്റെ എല്ലാ ചുറുചുറുക്കോടും കൂടി ഭവനങ്ങൾ തോറും കയറിയിറങ്ങിയുള്ള, വൈകുന്നേരങ്ങളിൽ കടപ്പുറത്ത് വന്നുകൂടുന്നവരെ പിടിച്ചിരുത്തിയുള്ള, മൈക്ക് അനൗൺസ്മെന്റ്കളിൽ കൂടിയുള്ള, ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഞങ്ങളെയെല്ലാവരെയും ഒരു നാഥനെ പോലെയാണ് അദ്ദേഹം നയിച്ചത്. വിശ്രമമില്ലാത്ത നാളുകൾ അദ്ദേഹത്തിനുണ്ടായിരുന്നു.

പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ വന്നുപോകുന്ന പ്രശ്നങ്ങളെ അദ്ദേഹം കൈകാര്യം ചെയ്യുന്ന രീതി അഭിനന്ദനാർഹമാണ്. വിവാദങ്ങളിലേക്ക് അതിനെയൊന്നും കൊണ്ടുപോകാതെ വളരെ ശ്രദ്ധയോടെ പക്വതയോടെ അതിനെ സമീപിച്ച് രംഗം ശാന്തമാക്കുമായിരുന്നു. കാർക്കശ്യം കാണിക്കേണ്ട ഇടത്ത് കാർക്കശ്യം കാണിക്കുകയും സൗമ്യനായി ഇരിക്കേണ്ടിടത്ത് സൗമ്യനാവുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ശൈലി എടുത്തുപറയേണ്ട ഒന്നാണ്. അപ്പോഴൊക്കെ ഞങ്ങളിൽ ചിലർ പറയുമായിരുന്നു, ഒരു ഇടവകയെ കൊണ്ടു പോകുവാനുള്ള എല്ലാ കഴിവുകളും അദ്ദേഹത്തിനുണ്ട് എന്ന്. അത് സത്യം തന്നെയാണ്. എല്ലായിപ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യം ഞങ്ങൾ ആഗ്രഹിച്ചിരുന്നു. ഒരു പോസിറ്റീവ് വൈബാണ് അദ്ദേഹത്തിൽനിന്ന് ലഭിച്ചുകൊണ്ടിരുന്നത്. നല്ലൊരു പ്രഭാഷകൻ കൂടിയാണ് അദ്ദേഹം ഒപ്പം നല്ലൊരു ഗായകനും. അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടാൽ നമ്മൾ അറിയാതെ അത് കേട്ടിരുന്നുപോകും.

അപ്പോഴാണ് താൻ ഏറെ ആഗ്രഹിച്ചു കാത്തിരുന്ന സ്വപ്നം കണ്ടിരുന്ന തിരുപ്പട്ട കൂദാശാ കർമ്മം കൊറോണ കാരണം മാറ്റിവെച്ചത്. അത് അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു നിരാശപ്പെടുത്തിയിരുന്നു. ആ വിഷമം പലപ്പോഴും ഞങ്ങളോട് പങ്കുവെക്കുകയും ചെയ്തിരുന്നു. പലപ്പോഴും യുവ ജനങ്ങളോടൊപ്പം ചേർന്നിരിക്കാൻ ശ്രമിക്കുന്ന അന്നത്തെ ഡീക്കനായിരുന്ന വിജിൽ ജോർജ് ജീസസ് യൂത്ത് കൂട്ടായ്മകളിൽ വരികയും തന്റെ അനുഭവങ്ങളൊക്കെ പങ്കുവെക്കുകയും ചെയ്തിരുന്നു. അപ്പോഴൊക്കെ ചിരിച്ചുകൊണ്ട് ഒരു തമാശ രൂപേണേ അദ്ദേഹം ഞങ്ങളോട് പറയുമായിരുന്നു. “എന്റെ ഇടവകയിൽ നിന്ന് ഇതുവരെ ആരും വൈദികരായിട്ടില്ല ഞാനാണ് ആദ്യത്തെ വൈദികൻ. അൾത്താര ബാലനായിരുന്ന സമയം തൊട്ടേ എല്ലാവരും എന്നോട് പറയുമായിരുന്നു നീയൊരു വൈദികനാകണമെന്ന് ആ ഒരു വിളി നിന്നിൽ കാണുന്നുണ്ട് എന്നും. വൈദികനാകണമെന്ന് ആഗ്രഹിക്കുകയും ചിന്തിക്കുകയും ചെയ്തിട്ടില്ലാത്ത എനിക്ക് അത് ഒരു തമാശയായി മാത്രമേ തോന്നിയുള്ളൂ. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ താൽപര്യമില്ലാത്ത മനസ്സോടെ ഒന്നു ചെന്നു നോക്കാം എന്നിട്ട് തിരികെ പോരാം എന്ന ചിന്തയോടെ ദൈവ വിളി ക്യാമ്പിൽ പങ്കെടുത്തു. സെലക്ഷനും കിട്ടി. വീട്ടിൽ വന്ന ഞാൻ ദൈവാലയത്തിൽ വരുന്നവരുടെ വാക്കുകൾ കേട്ടു മടുത്തു ഒരു വർഷം ഒന്നു ചെന്നു നിന്നു നോക്കാം എന്നുവിചാരിച്ച് സെമിനാരിയിലേക്ക് പോയി. തിരിച്ചു പോകണം എന്ന് ആഗ്രഹിച്ചു പോയ എന്നെ ദൈവം അവിടെ പിടിച്ചിരുത്തി അങ്ങനെ ഇന്ന് ഞാൻ നിങ്ങളുടെ മുൻപിൽ ഒരു ഡീക്കനായി നിൽക്കുന്നു. ”

ഒത്തിരി നന്മകളാണ് അദ്ദേഹത്തിലൂടെ ഞങ്ങൾക്ക് ലഭിച്ചത്. തിരുപ്പട്ട കൂദാശ നീണ്ടു പോയെങ്കിലും അദ്ദേഹം കാത്തിരുന്നു. ആ ഒരു ദിവസത്തെ അദ്ദേഹം അത്രയ്ക്കും സ്വപ്നം കണ്ടിരുന്നു. ഞങ്ങളും ഏറെ ആഗ്രഹിച്ചിരുന്നു അദ്ദേഹത്തിന്റെ തിരുപ്പട്ട കൂദാശകളിൽ പങ്കെടുക്കാൻ. പങ്കെടുക്കാൻ സാധിക്കാതെ പോയതിൽ വിഷമം ഉണ്ടെങ്കിലും അതിലേറെ സന്തോഷമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഞങ്ങളുടെ ഡീക്കനായ വിജിൽ ജോർജ്ജ് ഫാദർ വിജിൽ ജോർജ്ജ് ആയതിൽ.

പുതിയതുറ ഇടവകയിലെ ഓരോരുത്തർക്കും അദ്ദേഹം സുപരിചിതനാണ്. അദ്ദേഹം ഈ ഇടവകയുടെ മകനല്ല പക്ഷേ അദ്ദേഹം ഇന്ന് ഇടവകയിലെ ഓരോ കുടുംബങ്ങളിലെയും അംഗമാണ്. ഇനി കാത്തിരിക്കുന്നത് പുതിയതുറ ഇടവകയിൽ വന്ന് അദ്ദേഹം അർപ്പിക്കുന്ന പരിശുദ്ധ ബലിക്കുവേണ്ടി.

പുരോഹിതനാകണമെന്ന താല്പര്യമില്ലാതെ മനസ്സില്ലാമനസ്സോടെ പരിശീലനത്തിന് പോയ അദ്ദേഹത്തെ ഇന്ന് ദൈവം സൂസൈപാക്യം പിതാവ് വഴി പുരോഹിതനായി അവരോധിച്ചു എങ്കിൽ ഫാദർ വിജിൽ ജോർജ്ജിലൂടെ ദൈവത്തിന്റെ വലിയൊരു പദ്ധതി നടപ്പിലാക്കേണ്ട ഇരിക്കുന്നു എന്നതിന്റെ അടയാളമാണ്.

പൗരോഹിത്യവും സന്യാസവും പിച്ചിച്ചീന്തപ്പടുന്ന ഈ കാലത്ത് കർത്താവിനു വേണ്ടി വിശ്വസ്തതയോടെ കർമ്മ വീഥിയിൽ കർമ്മനിരതനായിരിക്കുവാൻ ക്രിസ്തു സാക്ഷ്യമായിരിക്കുവാൻ സർവ്വശക്തൻ തന്റെ കൃപകൾ കൊണ്ട് നിറയ്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

ആന്റണി വര്‍ഗീസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.