കർദ്ദിനാൾ ടാഗിൾ സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിന്റെ പുതിയ തലവൻ

സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായി ഫിലിപ്പീന്‍സിലെ മനില ആർച്ച്ബിഷപ്പ് ലൂയിസ് അന്റോണിയോ ടാഗിളിനെ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചു. നിലവില്‍ അധ്യക്ഷനായ കർദ്ദിനാൾ ഫെർണാണ്ടോ ഫിലോനിയുടെ പിൻഗാമിയായാണ് ടാഗിളിനെ പാപ്പാ നിയമിച്ചിരിക്കുന്നത്.

കഴിഞ്ഞ എട്ടു വര്‍ഷമായി അദ്ദേഹം മനില രൂപതാധ്യക്ഷനായി സേവനം ചെയ്യുകയായിരുന്നു. 2011 ഡിസംബർ മാസത്തിലാണ് മനില ആർച്ച് ബിഷപ്പായി ടാഗിള്‍ ഉയര്‍ത്തപ്പെട്ടത്. പിറ്റേ വര്‍ഷം ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാള്‍ പദവിയിലേക്ക് ഉയർത്തി.

1957-ല്‍ തലസ്ഥാന നഗരമായ മനിലയില്‍ ജനിച്ച അദ്ദേഹം 1982-ലാണ് പൗരോഹിത്യം സ്വീകരിച്ചത്. 1997 മുതൽ 2002 വരെ അന്താരാഷ്ട്ര ദൈവശാസ്ത്രം കമ്മീഷനിലും ലൂയിസ് അന്റോണിയോ ടാഗിൾ അംഗമായിരുന്നു. 2015 മുതൽ കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സംഘടനയായ കാരിത്താസ് ഇന്റർനാഷണലിന്റെ അധ്യക്ഷപദവിയും അദ്ദേഹം വഹിച്ചുവരുന്നു.