നവമായ സാമ്പത്തിക വ്യവസ്ഥയുടെ പ്രയോക്താക്കളാകുവാന്‍ യുവജനങ്ങളെ ഫ്രാന്‍സിസ് പാപ്പാ ക്ഷണിക്കുന്നു

ഫ്രാന്‍സിസ് പാപ്പായുടെ പുതിയ സമ്പദ് വ്യവസ്ഥയെക്കുറിച്ചുളള രാജ്യാന്തര ഓണ്‍ലൈന്‍ യുവജന സമ്മേളനത്തെ നവംബര്‍ 20-ന് അഭിസംബോധന ചെയ്ത വീഡിയോ സന്ദേശത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ചിന്തകള്‍. സമ്മേളനം നവംബര്‍ 19 മുതല്‍ 22 വരെ തീയതികളിലാണ് വി. ഫ്രാന്‍സിസിന്റെ പട്ടണമായ അസ്സീസിയില്‍ സംഗമിച്ചത്.

1. യുവജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന നവ സാമ്പത്തികത

ഓണ്‍ലൈനില്‍ നടന്ന പരിപാടിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും 120 വിവിധ രാജ്യങ്ങളില്‍ നിന്നായി ക്ഷമയോടെ പങ്കെടുത്ത 2000-ലധികം വരുന്ന യുവജനങ്ങളുടെ അര്‍പ്പണബോധത്തെ പാപ്പാ ആമുഖമായി ശ്ലാഘിച്ചു. അതുപോലെ കഴിഞ്ഞ ഏതാനും മാസങ്ങളായി അതാതു രാജ്യങ്ങളില്‍ പുതിയ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് അവര്‍ വ്യാപൃതരായ പ്രവര്‍ത്തനങ്ങളിലുള്ള ഗൗരവബോധം താന്‍ മനസ്സിലാക്കുന്നതായും പ്രസ്താവിച്ചു. യുവജനങ്ങളെ ആകുലരാക്കുന്നതും രോഷാകുലരാക്കുന്നതും മാറ്റത്തിനു നിര്‍ബന്ധിക്കുന്നതുമായ ഒന്നിനെയും അവര്‍ അവഗണിക്കില്ലെന്ന കാര്യവും പാപ്പാ സന്ദേശത്തിന്റെ തുടക്കത്തില്‍ ചൂണ്ടിക്കാട്ടി.

2. അസ്സീസിയില്‍ നിന്നും പ്രചോദനം

വി. ഫ്രാന്‍സിസിന്റെ കാലടികളില്‍ നിന്ന് പ്രചോദനം നേടാന്‍ അസ്സീയില്‍ ഒത്തുചേരുക എന്നതായിരുന്നു ആദ്യത്തെ ആശയം. സാന്‍ ദമിയാനോയിലെ കുരിശുരൂപത്തിലും കുഷ്ഠരോഗിയുടെ മുറിപ്പെട്ട വദനത്തില്‍ നിന്നും എളിയവരുടെ മുഖങ്ങളില്‍ നിന്നും ദൈവം ഫ്രാന്‍സിസിനെ കണ്ടുമുട്ടുകയും വിളിക്കുകയും ഭരമേല്പിക്കുകയും ചെയ്ത ദൗത്യത്തില്‍ നിന്ന് ആരംഭിക്കാം.

“ഇങ്ങനെയൊക്കെ ചെയ്താല്‍ മതിയാകും” എന്ന ദൗര്‍ബല്യത്തില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കി, പ്രപഞ്ചത്തിന്റെ സ്തുതിഗീതം ആലപിക്കുവാനും ആആഹ്ലാദം പ്രകടിപ്പിക്കുവാനും സ്വയം നല്‍കുന്നതിന്റെ സ്വാതന്ത്ര്യം അനുഭവിക്കുവാനും ഫ്രാന്‍സിസിനു കഴിവ് നല്‍കിയ ദൈവത്തിന്, പാപ്പാ വാക്കുകളില്‍ നന്ദിയര്‍പ്പിച്ചു. അതിനാല്‍ യുവജനങ്ങള്‍ വിദൂരതയില്‍ നിന്നു പങ്കുചേരുന്ന അസ്സീസിയിലെ സമ്മേളനം തന്നെ സംബന്ധിച്ചിടത്തോളം ഒരു എത്തിച്ചേരലും ഒരു ഉടമ്പടിയുടെയും സംസ്‌കാരത്തിന്റെയും ദൈവവിളിയുടെയും അനുഭവത്തിനായി ആരംഭം കുറിക്കുന്ന പ്രക്രിയയുടെ ആദ്യ കുതിപ്പാണ്.

3. അസ്സീസിയുടെ വിളി

“ഫ്രാന്‍സീസേ, പോകൂ! ജീര്‍ണ്ണതയിലായ എന്റെ ഭവനം നീ കാണുന്നല്ലേ. അത് പുതുക്കിപ്പണിയൂ.” യുവാവായ ഫ്രാന്‍സിസിനെ ചലിപ്പിച്ച ഈ വാക്കുകള്‍ എല്ലോവരോടും, നാം ഓരോരുത്തരോടുമുള്ള സവിശേഷ അഭ്യര്‍ത്ഥനയായി ഇവിടെ മാറുകയാണ്. ആ ഉള്‍വിളി കേള്‍ക്കുമ്പോള്‍, അതു ചെവിക്കൊള്ളുവാനും ‘അതെ’ എന്നു പറഞ്ഞ് ആ നിര്‍മ്മിതിയില്‍ ഉള്‍ച്ചേരുവാനും യുവജനങ്ങള്‍ക്ക് കഴിയുന്നത് പ്രത്യാശ നല്‍കുന്ന കാര്യമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. പഴയതുപോലെ പോകാനാവില്ലെന്നു മനസ്സിലാക്കുകയും തിരിച്ചറിയുകയും വിശകലനം ചെയ്യുകയും ചെയ്യുന്നതുമൂലം അവര്‍ തല്‍ക്ഷണം ആ വിളി സ്വീകരിച്ചുവെന്ന് പാപ്പാ പ്രസ്താവിച്ചു. ആരെയും വെല്ലുവിളിക്കുന്ന ഗുരുതരമായ പ്രതിസന്ധികളെ തിരിച്ചറിയുവാനുള്ള സന്മനസ്സ് യുവജനങ്ങള്‍ കാണിച്ചതില്‍ പാപ്പാ സന്തോഷം പ്രകടിപ്പിച്ചു.

4. പരിവര്‍ത്തനവിധേയമാകേണ്ട ഇന്നത്തെ സമ്പദ് വ്യവസ്ഥ

യുവജനങ്ങളുടെ പഠനത്തിന്റെയും ഗവേഷണത്തിന്റെയും പ്രവര്‍ത്തനമേഖലയായ സമ്പദ് വ്യവസ്ഥയുടെ സവിശേഷ വീക്ഷണകോണില്‍ നിന്നാണ് അവര്‍ക്ക് അത് ചെയ്യുവാന്‍ സാധിക്കുന്നതെന്ന് പാപ്പാ നിരീക്ഷിച്ചു. സമ്പദ് വ്യവസ്ഥയുടെ ഒരു വ്യത്യസ്ത ആഖ്യാനം അടിയന്തിരമായി ആവശ്യമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. വ്യത്യസ്ത കോണുകളില്‍ നിന്നു നോക്കിയാല്‍ നിലവിലുള്ള ലോകവ്യവസ്ഥ നിലനില്‍ക്കുന്നതല്ലെന്ന വസ്തുത ഉത്തരാവാദിത്വത്തോടെ അംഗീകരിക്കുവാന്‍ യുവജനങ്ങള്‍ക്ക് പ്രാപ്തിയുണ്ടെന്നും പാപ്പാ പറഞ്ഞു. പരിത്യാജിക്കപ്പെട്ടവരോടും പാവങ്ങളോടുമൊപ്പം ഗുരുതരമായി ദുരുപയോഗിക്കപ്പെടുകയും വിവസ്ത്രയാക്കപ്പെടുകയും ചെയ്യുന്ന സഹോദരി ഭൂമിയുടെ വ്യവസ്ഥയും ഇതോടൊപ്പമുണ്ടെന്ന് പാപ്പാ പരാമര്‍ശിച്ചു. വിവസ്ത്രയാക്കപ്പെടുന്ന ഭൂമിയില്‍ നിരവധി പാവങ്ങളും ഉള്‍പ്പെടുന്നതിനാല്‍ അവ രണ്ടും ഒന്നിച്ചാണ് പോകുന്നത്. ആദ്യം വിസ്മരിക്കപ്പെടുന്നവരും, ക്ഷതമേല്‍ക്കുന്നവരും അവര്‍ തന്നെയാണ്. കാലത്തിനൊപ്പം ബോധം മങ്ങുകയോ ഉറങ്ങിപ്പോവുകയോ ചെയ്യുന്ന ഉപരിപ്ലവമായ അപശബ്ദത്തെക്കാള്‍ വളരെ വ്യത്യസ്തമാണ് യുവജനങ്ങളുടെ മനസ്സെന്ന് പാപ്പാ എടുത്തുപറഞ്ഞു.

5. ഉണരുന്ന യുവലോകം

പ്രസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും അവരുടെ നഗരങ്ങളിലും സര്‍വ്വകലാശാലകളിലും തൊഴിലിടങ്ങളിലും ഓഫീസുകളിലും യുവജനങ്ങളുടെ നന്മയ്ക്കായുള്ള ശബ്ദം മാറ്റൊലി കൊള്ളും. തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുകയും വിഷയങ്ങളും ചിന്താപദ്ധതികളും ആവിഷ്‌ക്കരിക്കുന്നവരുടെ ഹൃദയാന്തരങ്ങളില്‍ അത് ചെന്നുകൊള്ളുകയും ചെയ്യുമെന്ന് പാപ്പാ പ്രസ്താവിച്ചു. ഈ ഉടമ്പടി സാക്ഷാത്ക്കരിക്കുന്നതിന് ഇന്നിന്റെയും ഭാവിയുടെയും വാഗ്ദാനങ്ങളായ യുവജനങ്ങളെ ക്ഷണിക്കാന്‍ ഇതെല്ലാം തന്നെയും പ്രേരിപ്പിക്കുന്നുണ്ടെന്ന് പാപ്പാ ഏറ്റുപറഞ്ഞു. നിലവിലുള്ള സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ പ്രത്യേകിച്ചും, കോവിഡ് മഹാമാരിയുടെ ഭീഷണിയില്‍ എല്ലാ സാമൂഹ്യവിഭാഗങ്ങളിലും ഉത്തരവാദിത്വബോധം സൃഷ്ടിക്കുവാന്‍ യുവാക്കള്‍ക്ക് സുപ്രധാന പങ്ക് വഹിക്കുവാനുണ്ടെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

എല്ലാ തീരുമാനങ്ങളുടെയും പ്രവൃത്തികളുടെയും അനന്തരഫലത്തിന്റെ ആദ്യസ്ഥാനം എന്ന നിലയില്‍ അത് യുവജനങ്ങളെ സ്പര്‍ശിക്കും. കാരണം അത് ഉത്ഭവിക്കുന്ന ഇടങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ യുവജനങ്ങള്‍ക്കാവില്ല. ഭാവിയെക്കുറിച്ചല്ല, യുവതയുടെ വര്‍ത്തമാനകാലത്തെക്കുറിച്ചാണ് താന്‍ പറയുന്നതെന്നും പാപ്പാ വ്യക്തമാക്കി. ഭാവിയും വര്‍ത്തമാനവും ഉടലെടുക്കുന്ന ഈയിടത്തു നിന്നു പുറത്തുപോകുവാന്‍ യുവജനങ്ങള്‍ക്കാവില്ല. ഒന്നുകില്‍ അവര്‍ അതില്‍ ഉള്‍പ്പെട്ടിരിക്കും, അല്ലെങ്കില്‍ കഥ അവരെ കടന്നുപോകും.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.