വിശുദ്ധരുടെ നാമകരണത്തിനായുള്ള സംഘത്തിന്റെ പുതിയ പ്രഖ്യാപനങ്ങള്‍

വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘം പുതിയ എട്ട് പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിച്ചു. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ചേല്ലൊ സെമെറാറൊയെ വ്യാഴാഴ്ച (21/01/21) വത്തിക്കാനില്‍ സ്വീകരിച്ച വേളയില്‍ ഫ്രാന്‍സിസ് പാപ്പാ അധികാരപ്പെടുത്തിയത് അനുസരിച്ചാണ് പ്രസ്തുതസംഘം പുതിയ പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിച്ചത്.

ഈ എട്ടു പ്രഖ്യാപനങ്ങളില്‍ ഒരെണ്ണം ഇറ്റലി സ്വദേശിയായ ഇടവക വൈദികന്‍ ജൊവാന്നി ഫൊര്‍ണസീനിയുടെ രക്തസാക്ഷിത്വം അംഗീകരിക്കുന്നതാണ്. 1944 ഒക്ടോബര്‍ 13-നാണ് ഇറ്റലിയിലെ തന്നെ സാന്‍ മര്‍ത്തീനൊ ദി കപ്രാറയില്‍ വച്ച് വിശ്വാസത്തെപ്രതി അദ്ദേഹം ജീവന്‍ ബലികൊടുത്തത്. ശേഷിച്ച പ്രഖ്യാപനങ്ങള്‍ 5 ദൈവദാസരുടെയും 2 ദൈവദാസികളുടെയും വീരോചിതപുണ്യങ്ങള്‍ അംഗീകരിക്കുന്നവയാണ്.

ഇവരില്‍ നാലു പേര്‍ ഇറ്റലിക്കാരാണ്. ശേഷിച്ച 3 പേര്‍ ബ്രിട്ടന്‍, സ്‌പെയിന്‍ ഫ്രാന്‍സ് എന്നീ നാടുകളില്‍ നിന്നുള്ളവരാണ്. സെമിനാരി വിദ്യാര്‍ത്ഥി പസ്‌ക്വാലെ കന്‍സ്സീ (Pasquale Canzii), രൂപതാ വൈദികരായ മിഖേലെ അര്‍ക്കാഞ്ചലൊ മരിയ അന്തോണിയൊ വീന്തി (Michele Arcangelo Maria Antonio Vinti), റുജ്ജേരൊ മരിയ കപുത്തൊ (Ruggero Maria Caputo) എന്നീ ദൈവദാസരും സാമൂഹ്യസേവന സമുദ്ധാരണ പ്രവര്‍ത്തന പ്രസ്ഥാനത്തിന്റെ സ്ഥാപകയായ അത്മായ അദേലൊ ബൊനോളിസ് (Adele Bonolis) എന്ന ദൈവദാസിയുമാണ് ഇറ്റലിക്കാര്‍.

വിരോചിതപുണ്യങ്ങള്‍ അംഗീകരിക്കപ്പെട്ട ദൈവദാസി, എറ്റം പരിശുദ്ധ കുരിശിന്റെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പീഢാസഹനത്തിന്റെയും സഹോദരികള്‍ എന്ന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയായ, യേശുവിന്റെ മറിയം യൗസേപ്പ് (Mary Joseph of Jesus) ബ്രിട്ടന്‍ സ്വദേശിനിയും അത്മായനായ ദൈവദാസന്‍ ജാക്കമൊ മസര്‍നാവു ഫെര്‍ണാണ്ടസ് (Giacomo Masarnau Fernández) സ്‌പെയിന്‍കാരനും അത്മായനായ ഷെറോം ല്യേഷന്‍ (Jérôme Lejeune) ഫ്രാന്‍സ് സ്വദേശിയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.