ദിവ്യകാരുണ്യത്തിന്റെ അപ്പസ്‌തോലന്‍, വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുറ്റിസിന്റെ നാമത്തിലുള്ള ലോകത്തിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കമാകുന്നു

ദിവ്യകാരുണ്യത്തിന്റെ അപ്പസ്‌തോലന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുറ്റിസിന്റെ നാമധേയത്തിലുള്ള ലോകത്തിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനം ഓസ്ട്രേലിയയില്‍ ഒരുങ്ങുന്നു. കിന്‍ഡര്‍ ഗാര്‍ട്ടന്‍ മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള സ്‌കൂള്‍ 2024 -ല്‍ പ്രവര്‍ത്തനം ആരംഭിക്കും എന്നാണറിയുന്നത്. മോനാമ പട്ടണത്തിന്റെ ഹൃദയഭാഗത്ത് 10 ഏക്കറിലായാണ് മനോഹരമായ സ്‌കൂള്‍ സമുച്ചയം ഉയരുന്നത്.

ബൗദ്ധിക, ശാരീരിക, മാനസിക വളര്‍ച്ചയ്ക്കൊപ്പം ആത്മീയവളര്‍ച്ചയ്ക്കും പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെ വില്‍ക്കാനിയ – ഫോര്‍ബ്സ് രൂപതയാണ് ന്യൂ സൗത്ത് വെയില്‍സിലെ മോവാമ പട്ടണത്തില്‍ ബ്ലസ്ഡ് കാര്‍ലോ കാത്തലിക് കോളജിന് തുടക്കം കുറിക്കുന്നത്. യേശു പഠിപ്പിച്ച പ്രബോധനങ്ങളെയും മാതൃകകളെയും കേന്ദ്രീകരിച്ചുള്ള പാഠ്യക്രമമായിരിക്കും സ്‌കൂളിന്റെ സവിശേഷത.

“ദൈവകേന്ദ്രീകൃതമായി ജീവിക്കാനും ചുറ്റുമുള്ളവരെ പരിപാലിക്കാനും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും സാധിക്കുമെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ച വാഴ്ത്തപ്പെട്ട കാര്‍ലോയുടെ നാമം സ്‌കൂളിന് നല്‍കാനായത് വലിയ ആദരമാണ്. മറ്റുള്ളവര്‍ക്കു വേണ്ടി തങ്ങള്‍ക്കും പ്രചോദനാത്മക ജീവിതം നയിക്കാന്‍ കഴിയുമെന്ന ബോധ്യത്തിലേക്ക് വിദ്യാര്‍ത്ഥീസമൂഹം നയിക്കപ്പെടും” – വില്‍ക്കാനിയ – ഫോര്‍ബ്സ് രൂപതാ ബിഷപ്പ് കൊളുമ്പ മാക്ബത്ത് ഗ്രീന്‍ വ്യക്തമാക്കി.

15 വയസു വരെ മാത്രമേ ജീവിച്ചിരുന്നുള്ളൂവെങ്കിലും അക്കാലം കൊണ്ടുതന്നെ അനേകരെ വിശ്വാസവഴിയിലേക്ക് നയിച്ചതിലൂടെയാണ് കാര്‍ലോ ശ്രദ്ധേയനായത്. കംപ്യൂട്ടറുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളില്‍ പ്രതിഭാശാലിയായിരുന്ന കാര്‍ലോ, തന്റെ കഴിവുകള്‍ പൂർണ്ണമായും ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാനാണ് ഉപയോഗിച്ചത്. കാന്‍സര്‍ രോഗത്തിന്റെ വേദനയാല്‍ പുളയുമ്പോഴും ആ വേദന പാപ്പയ്ക്കും സഭയ്ക്കും വേണ്ടി കാഴ്ചവച്ച് 2006 ഒക്ടോബര്‍ 12 -ന് ഇഹലോകവാസം വെടിഞ്ഞ കാര്‍ലോ 2020 ഒക്ടോബറിലാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.