പതിമൂന്ന് പുതിയ കര്‍ദ്ദിനാള്‍മാരെ മാര്‍പാപ്പ നിയമിക്കും

വരുന്ന ഒക്ടോബര്‍ മാസത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിമൂന്ന് പുതിയ കര്‍ദ്ദിനാള്‍മാരെ നിയമിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ സെപ്റ്റംബര്‍ ഒന്നാം തീയതി ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്കിടെ നടന്ന പ്രഭാഷണത്തിലാണ് മാര്‍പാപ്പ ഇക്കാര്യം അറിയിച്ചത്.

വടക്കേ അമേരിക്ക, ആഫ്രിക്ക, മദ്ധ്യ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുമായിരിക്കും പുതിയ കര്‍ദ്ദിനാള്‍മാര്‍ നിയമിക്കപ്പെടുന്നത്. ഇതില്‍ പത്തു പേര്‍, നടക്കാനിരിക്കുന്ന കോണ്‍ക്ലേവില്‍ അംഗമായിരിക്കുമെന്നും മാര്‍പാപ്പാ അറിയിച്ചു. നിയമിക്കപ്പെടുന്ന കര്‍ദ്ദിനാള്‍മാര്‍ അവരുടെ സ്ഥലങ്ങളിലെ മിഷനറി ചൈതന്യം ലോകം മുഴുവന്‍ പകരുന്നവരാകണമെന്നും അവര്‍ ക്രിസ്തുവിന്റെ കരുണയുടെ അടയാളങ്ങളായി തീരണമെന്നും മാര്‍പാപ്പ പറഞ്ഞു.

80 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയില്ല. മൂന്ന് ബിഷപ്പുമാര്‍ പ്രായാധിക്യം മൂലം ഇപ്പോള്‍ അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്. ‘ഈ ബിഷപ്പുമാര്‍ വര്‍ഷങ്ങളായി സഭയ്ക്കു ചെയ്ത സേവനങ്ങളെ നാം വിസ്മരിച്ചുകൂടാ’ – മാര്‍പാപ്പ പറഞ്ഞു. 215 അംഗങ്ങളുള്ള കര്‍ദ്ദിനാള്‍ സംഘത്തിലെ 118 പേരും കോണ്‍ക്ലേവില്‍ അംഗങ്ങളാണ്.