ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ച് പുതിയ കര്‍ദിനാളുമാര്‍

കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട പതിമൂന്ന് കര്‍ദ്ദിനാളുമാര്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പം എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ പാപ്പയെ സന്ദര്‍ശിച്ചു. മുന്‍ പാപ്പ വിശ്രമിക്കുന്ന വത്തിക്കാന്‍ ഗാര്‍ഡനിലെ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തില്‍ നേരിട്ടെത്തിയായിരിന്നു സന്ദര്‍ശനം. മാര്‍പാപ്പയോടുള്ള വിശ്വസ്തതയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച മുന്‍ പാപ്പ കര്‍ദ്ദിനാളുമാര്‍ക്ക് ശ്ലൈഹീക ആശീര്‍വ്വാദവും നല്‍കി.

ബനഡിക്ട് പതിനാറാമന്‍ പാപ്പ 2013 ഫെബ്രുവരി 28നാണ് മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാനത്യാഗം ചെയ്തത്. സ്ഥാനത്യാഗം ചെയ്ത നാള്‍മുതല്‍ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്.