മോൺ. വിൻസെന്റ് നെല്ലായിപ്പറമ്പിൽ മെത്രാനായി അഭിഷിക്തനായി

ബിജ്നോർ രൂപതയുടെ പുതിയ മെത്രാനായി മോൺ. വിന്‍സെന്റ് നെല്ലായിപ്പറമ്പിൽ അഭിഷിക്തനായി. ഇന്ന് രാവിലെ 9.30 മുതൽ ക്വാട്ട്ദ്വാർ സെന്റ് ജോസഫ്സ് കോൺവന്റ് സ്കൂൾ അങ്കണത്തിൽ ഒരുക്കിയിരുന്ന പ്രത്യേക വേദിയിൽ മെത്രാഭിഷേക ശുശ്രൂഷകൾ നടന്നു. സീറോ മലബാർ സഭാ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു.

നിയുക്ത മെത്രാന്‍, രക്തസാക്ഷികളുടെ തിരുശേഷിപ്പ് വണങ്ങിയതിനെ തുടര്‍ന്ന്, മോൺ. വിന്‍സെന്റ് നെല്ലായിപ്പറമ്പിലിനെ ബിജ്നോർ മെത്രാനായി നിയമിച്ചു കൊണ്ടുള്ള സീറോമലബാര്‍ സഭയുടെ തലവന്‍ അഭി. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ ഉത്തരവ് രൂപതയുടെ ചാന്‍സിലര്‍ റവ. ഡോ. ഫിലിപ്പ് കരിക്കുന്നേൽ വായിച്ചു. ഇതിന്റെ ഹിന്ദി പരിഭാഷ സി. എം. ഐ. ബിജിനോർ പ്രൊവിൻഷ്യാൾ ഫാ. ബിജു വടക്കേലും വായിച്ചു. തുടര്‍ന്ന് മെത്രാഭിഷേക ശുശ്രൂഷകള്‍ ആരംഭിച്ചു.

ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, ബിജ്നോർ രൂപത മെത്രാൻ മാർ ജോൺ വടക്കേൽ സി.എം.ഐ., ബിഷപ്പ് എമരിറ്റസ് മാർ ഗ്രേഷ്യൻ മുണ്ടാടൻ സി.എം.ഐ. തുടങ്ങിയവർ സഹകാർമ്മികരായിരുന്നു. ശുശ്രൂഷാമദ്ധ്യേ ആഗ്ര ആർച്ചുബിഷപ്പ് ഡോ. ആർബർട്ട് ഡിസൂസ വചന സന്ദേശം നല്‍കി. തിരുകര്‍മ്മങ്ങള്‍ക്കു ശേഷം നടന്ന പൊതു സമ്മേളനത്തിൽ നിരവധി മെത്രാന്മാരും ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും രാഷ്ട്രീയ നേതാക്കന്മാരും സാസ്കാരിക പ്രവർത്തകരും ഇതര മതനേതാക്കളും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.