ലോകമെമ്പാടുമുള്ള മികച്ച കത്തോലിക്കാ സിനിമയെ തിരഞ്ഞെടുക്കാൻ ‘ആവേ മരിയ’ അവാർഡ്  

കലയിലൂടെ സുവിശേഷം പ്രചരിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ആവേ മരിയ കാത്തലിക് ഫിലിംസ് അവാർഡുകൾ’ നൽകുന്നു. 2021 -ൽ ലോകമെമ്പാടുമുള്ള മികച്ച കത്തോലിക്കാ ചലച്ചിത്രങ്ങളെ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്.

അന്താരാഷ്ട്ര കത്തോലിക്കാ ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടറും സിനിമാ അവാർഡുകളുടെ തുടക്കക്കാരനുമായ ഗാബി ജകോബ, കത്തോലിക്കാ വിശ്വാസവുമായി ബന്ധപ്പെട്ട സിനിമകൾക്ക് എല്ലാവർഷവും ഈ ഒരു അംഗീകാരം നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ലോകത്തെ ഏത് രാജ്യത്തുനിന്നും കത്തോലിക്കാ സിനിമ സൃഷ്ടിക്കുന്നതിനുള്ള ആഗ്രഹം, സർഗ്ഗാത്മകത എന്നിവ  പ്രോത്സാഹിപ്പിക്കുന്നതിനായി ഈ ആഗോള തലത്തിലുള്ള അവാർഡിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവാർഡിനായി രണ്ട് മാനദണ്ഡമാണ് പ്രധാനമായും പരിഗണിക്കുന്നത്. ഒന്ന്, സിനിമകളുടെ കലാപരമായ മികവും മറ്റൊന്ന് സുവിശേഷവത്കരണ സന്ദേശം എങ്ങനെ സിനിമയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു എന്നതും. സുവിശേഷ സന്ദേശത്തിലൂടെ ഹൃദയങ്ങളിൽ എത്തിച്ചേരുക, ആത്മാക്കളെ സ്പർശിക്കുക എന്നതാണ് കത്തോലിക്കാ സിനിമയുടെ പ്രധാന ദൗത്യം എന്നും ജാക്കോബ വ്യക്തമാക്കി.

മറിയം ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള മദ്ധ്യസ്ഥയാണ്. മറിയത്തെ സ്വർഗ്ഗരാജ്ഞിയായും, ഭൂമിയിലെ രാജ്ഞിയായും, ഹൃദയങ്ങളുടെ രാജ്ഞിയായും കണക്കാക്കുന്നു. അതിനാലാണ് ഈ അവാർഡിന് ‘ആവേ മരിയ’ എന്ന പേര് നൽകുവാൻ കാരണമെന്നും അദ്ദേഹം വെളിപ്പെടുത്തി.

സിനിമയിലെ സാങ്കേതിക നിലവാരവും കത്തോലിക്കാ വിശ്വാസ സംബന്ധമായ കാര്യങ്ങളും വിശകലനം ചെയ്യുന്നത് വിദഗ്ധരായ ജൂറി അംഗങ്ങളും കത്തോലിക്കാ വിശ്വാസത്തിലും  ദൈവശാസ്ത്രത്തിലും പ്രഗത്ഭരായവരും ആയിരിക്കും. തീയതിയും നോമിനേഷൻ ലഭിച്ച സിനിമകളും ഉടൻ പ്രഖ്യാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.