വത്തിക്കാന്‍റെ പ്രസ്സ് ഓഫീസിന് പുതിയ അസിസ്റ്റന്റ് ഡയറക്ടർ 

വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് അസിസ്റ്റന്‍റ് ഡയറക്ടറായി ക്രിസ്ത്യന്‍ മുറേയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ജൂലൈ 25-ാ൦ തീയതി വ്യാഴാഴ്ച രാവിലെ ഇറക്കിയ പ്രസ്താവനയിലൂടെയാണ് പുതിയ നിയമനവിവരം വത്തിക്കാൻ പ്രസിദ്ധപ്പെടുത്തിയത്.

1995 മുതല്‍ വത്തിക്കാന്‍ റേഡിയോയില്‍ സ്പാനിഷ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ക്രിസ്ത്യന്‍ മുറെ. 2018 ഏപ്രില്‍ മുതല്‍, ആസന്നമാകുന്ന ആമസോണിയന്‍ സിനഡിനായി അതിന്‍റെ ജനറല്‍ സെക്രട്ടേറിയേറ്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കവെയാണ് ഈ നിയമനം ഉണ്ടായത്.

ബ്രസീലിലെ റിയോ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷന്‍, മാര്‍ക്കറ്റിംഗ് വിഷയങ്ങളില്‍ ഉന്നതബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. കുടുംബിനിയും രണ്ട് മക്കളുടെ അമ്മയുമായ ക്രിസത്യന്‍ മുറെ, ബ്രസീലിലെ റിയോ ദി ജെനീറോ സ്വദേശിനിയാണ്.

സഭയുടെയും പാപ്പായുടെയും വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്ന ജോലിയില്‍ നിന്നും തന്നെ പ്രത്യേകമായി തിരഞ്ഞെടുത്ത്, വത്തിക്കാന്‍റെ പ്രസ്സ് ഓഫീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ സ്ഥാനത്തേയ്ക്കു നിയമിച്ചതില്‍ അതിയായ സന്തോഷവും നന്ദിയും ഉണ്ടെന്ന് വ്യാഴാഴ്ച രാവിലെ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ പ്രസ്താവനയില്‍ ക്രിസ്ത്യന്‍ മുറെ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.