
“ബന്ധുക്കളെ വേണോ?” ചോദിക്കുന്നത് കോഴിക്കോടിന്റെ ചങ്ക് ബ്രോ കളക്ടർ പ്രശാന്ത് നായര്‍ ഐഎഎസ്. എങ്ങനെയും കേരളത്തിനാവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്കിടെ വ്യത്യസ്തമായ ആശയം അവതരിപ്പിച്ചു കൊണ്ടുള്ള കോഴിക്കോട് കളക്ടറുടെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. എന്താന്നല്ലേ ? നോക്കാം…
പ്രശാന്ത് നായര്‍ ഐഎഎസ് തന്റെ ആശയം അവതരിപ്പിച്ചത് ഒരു ചോദ്യം ചോദിച്ചു കൊണ്ടാണ്. ബന്ധുക്കളെ വേണോ? ആ ചോദ്യത്തിനുള്ളിൽ തന്നെയുണ്ട് അതിന്റെ ലക്ഷ്യവും. പ്രളയത്തിൽ എല്ലാം നഷ്ടപെട്ട ആളുകളെ സഹായിക്കുവാനും അവരെ രക്ഷപെടുത്തുവാനും ആയി ബന്ധുക്കളായി ഏറ്റെടുക്കുന്നതിനുള്ള അഭ്യർത്ഥനയാണ് അത്.
പോസ്റ്റിന്റെ പ്രസക്ത ഭാഗം ഇങ്ങനെ: ‘പ്രളയം തകര്‍ത്തെറിഞ്ഞ കുടുംബങ്ങള്‍ നിരവധിയുണ്ട് കേരളത്തില്‍. അവര്‍ സാധാരണ ജീവിതത്തിലേക്ക് വരണമെങ്കില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തനം ആവശ്യമാണ്. അത്തരത്തിലുള്ള ഒരു കുടുംബത്തെ കേരളത്തിലെ ഏത് ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കാം. അവര്‍ക്ക് നിങ്ങളേം ഇഷ്ടപ്പെടണം കേട്ടോ! ഗള്‍ഫിലോ അമേരിക്കയിലോ ഒരു ബന്ധു ഉള്ളത് നല്ലതാ… പ്രവാസിബന്ധുക്കള്‍ ഇതിലേ… നിങ്ങളുടെ സാമൂഹിക സാംസ്‌കാരിക ജാതി മത ഐഡന്റികള്‍ക്ക് പുറത്ത് നിന്നു ഒരു ബന്ധുവിനെ തിരഞ്ഞെടുക്കുന്നതാണ് ഹീറോയിസം. അതിന് നമ്മുടെ വൊളന്റിയര്‍മാര്‍ സഹായിക്കും. നിങ്ങളുടെ ബന്ധുക്കളെ വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സഹായിക്കാം.’
ഈ ആശയം സ്വീകരിക്കാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ ‘EXTEND YOUR FAMILY/ ബന്ധു ആവാം’ തിരയുക. അവിടെ നിങ്ങൾക്കു ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. നല്ല തീരുമാനങ്ങൾ ഏറ്റെടുക്കാം. നന്മയുടെ കരം കോർക്കാം. അതിനു ഇത്തരം നല്ല ആശയങ്ങളും അതിനു പിന്നിലെ ദീർഘ വീക്ഷണങ്ങളും സ്വീകരിക്കാം.




