‘നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോകാന്‍ പറ്റില്ലല്ലോ?’! നൗഷാദിന്റെ വാക്കുകള്‍ ചെന്നു തറച്ചത് ജനഹൃദയങ്ങളില്‍

കച്ചവടത്തിനായി എത്തിച്ച വസ്ത്രങ്ങള്‍ മുഴുവന്‍ പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്കായി എടുത്തുനല്‍കി കേരളജനതയുടെ മുഴുവന്‍ ഹൃദയം തൊട്ടിരിക്കുകയാണ് മാലിപ്പുറം സ്വദേശിയായ നൗഷാദ്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് നൗഷാദിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.

പ്രളയദുരിതം അനുഭവിച്ച് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി സഹായം ചോദിച്ച് എത്തിയ സന്നദ്ധപ്രവര്‍ത്തകരുടെ കൈകളിലേയ്ക്കാണ് തന്റെ നഷ്ടത്തെക്കുറിച്ച് തെല്ലും ചിന്തിക്കാതെ കടയില്‍ വില്‍പനയ്ക്കായി എത്തിച്ച തുണിത്തരങ്ങള്‍ മുഴുവനും നൗഷാദ് എടുത്തുകൊടുത്തത്. എന്തുകൊണ്ട് ഇങ്ങനെയൊരു ‘സാഹസ’ത്തിനു മുതിര്‍ന്നു എന്ന് ചോദിച്ചവരോട് നൗഷാദ് പറഞ്ഞ ചില വാചകങ്ങള്‍ ജാതി-മതഭേദമന്യേ എല്ലാവരും മനസില്‍ പതിപ്പിക്കേണ്ടതാണ്, ചിന്തിക്കേണ്ടതാണ്.

‘നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടെ’ – അദ്ദേഹം പറഞ്ഞു. പിന്നീടും എങ്ങനെ ഇത്രയും ചെയ്യാന്‍ സാധിക്കുന്നു എന്ന് ചോദിച്ചവരോട് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു… ‘ദൈവത്തെ മുന്‍നിര്‍ത്തിയാണ് ഇത് ചെയ്യുന്നത്. അപ്പോള്‍ യാതൊരു ആശങ്കയും ഇല്ല’ – എന്ന്. ഇതില്‍ കൂടുതല്‍ എന്ത് സന്ദേശമാണ് പ്രവര്‍ത്തികളിലൂടെ മറ്റുള്ളവര്‍ക്ക് നല്‍കാവുന്നത്. അനേകം നൗഷാദുമാര്‍ ഇനിയും ഉണ്ടാവട്ടെ, ഈ ഭൂമിയില്‍..