പരിശുദ്ധ മറിയത്തിന്റെ ജനനത്തിരുനാള്‍

ഡീ. ജോസഫ് ചിലമ്പിക്കുന്നേല്‍ MCBS

പരിശുദ്ധ അമ്മയാല്‍ സ്‌നേഹിക്കപ്പെടുന്നവരേ,

മനുഷ്യകുലത്തെ നരകത്തിലേക്ക് വീഴാന്‍ അനുവദിക്കാതെ തന്റെ നീലയങ്കിയോട് ചേര്‍ത്തുപിടിച്ച് സംരക്ഷിക്കുന്ന പരിശുദ്ധ അമ്മക്ക് നമ്മെ ഓരോരുത്തരെയും സമര്‍പ്പിച്ചുകൊണ്ട് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന്റെ മംഗളങ്ങള്‍ നേരുന്നു!

മാതാവിന്റെ ജനനത്തെ അനുസ്മരിക്കുന്ന ഈ ദിനത്തില്‍ തിരുസഭ നമുക്ക് വിചിന്തനത്തിനായി നല്‍കിയിരിക്കുന്ന വചനഭാഗം മത്തായി 1:1-16 ലെ ഈശോയുടെ വംശാവലിയാണ്. ഉച്ഛരിക്കാന്‍ വിഷമമുള്ള പേരുകളടങ്ങിയ ഈ അവതരണം പ്രത്യക്ഷത്തില്‍ പരിശുദ്ധ അമ്മയുടെ ജനനവുമായി ഒരു ബന്ധവുമില്ലായെന്നു തോന്നാമെങ്കിലും സുവിശേഷപണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച് ഒരുപാട് അര്‍ത്ഥതലങ്ങളടങ്ങിയ ഒരു വചനഭാഗമാണ്. പല വ്യാഖ്യാനങ്ങളുണ്ടെങ്കിലും ഇന്നത്തെ തിരുനാളിനോട് ചേര്‍ന്നുപോകുന്ന ഒരു വ്യാഖ്യാനം ഇതാണ്.

ഈ വംശാവലിയില്‍ പരിശുദ്ധ അമ്മയെക്കൂടാതെ മറ്റു നാല് സ്ത്രീകളുടെ പേരുകള്‍ കൂടി കാണാം. അതിലെ രസകരമായ വസ്തുത എന്നുള്ളത് ഈ നാലു പേരുടെയും ജീവിതം ബൈബിളില്‍ പരിശോധിച്ചാല്‍ എന്തെങ്കിലും തരത്തില്‍ സ്വഭാവദൂഷ്യം ഉള്ളവരാണെന്നു കാണാം. എന്നാല്‍ വംശാവലിയില്‍ അവര്‍ക്കു ശേഷം കാണുന്ന പരിശുദ്ധ അമ്മയില്‍ പാപത്തിന്റെ മാലിന്യം അല്‍പം പോലുമില്ല. കര്‍മ്മപാപത്തിന്റെ മാത്രമല്ല ജന്മപാപത്തിന്റെയും കറയില്ലെന്നു തന്നെ മനസിലാക്കണം. ഏല്‍പിക്കുവാന്‍ പോകുന്ന മഹോന്നതമായ ദൗത്യം നിറവേറ്റാന്‍ മറിയത്തെ ദൈവം മുന്‍കൂറായി ഒരുക്കിയിട്ടുണ്ട് എന്നത് തീര്‍ച്ചയാണ്. വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകളില്‍ പറഞ്ഞാല്‍, “അവതരിച്ച വചനത്തിന്റെ മാതാവായി മുന്‍കൂട്ടി തെരഞ്ഞെടുക്കപ്പെട്ട മറിയം, അതേസമയം അവന്റെ രക്ഷാകരപ്രവര്‍ത്തിയുടെ ആദ്യഫലം കൂടിയാണ്. രക്ഷകനായ ക്രിസ്തുവിന്റെ കൃപ അവളില്‍ മുന്‍കൂട്ടി പ്രവര്‍ത്തിച്ചു. ഉത്ഭവപാപത്തില്‍ നിന്നും എല്ലാത്തരം പാപങ്ങളില്‍ നിന്നും അവളെ സംരക്ഷിച്ചു.” ഈ ഒരു വിശ്വാസസത്യത്തെയാണ് ഈ തിരുനാള്‍ ആഘോഷത്തിലൂടെ നാം ഏറ്റുപറയുക.

എന്നിരുന്നാലും ഈ ഒരു കാര്യം പരിമിതമായ മനുഷ്യബുദ്ധിയിലൂടെ ചിന്തിച്ചാല്‍ ആരും ചിരിച്ചുപോകുന്ന ഒരു കാര്യം തന്നെയാണ്. ഇന്നത്തെ പഴയനിയമ വായനയിലും സമാനമായ ഒരു സംഭവം നമ്മള്‍ വായിച്ചുകേട്ടു. ഉല്‍പത്തി 17-ല്‍, സര്‍വ്വശക്തനായ ദൈവം അബ്രാഹത്തിനു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയുകയാണ്, നിന്റെ ഭാര്യ സാറായെ അനുഗ്രഹിച്ച് അവളില്‍ നിന്ന് നിനക്ക് ഞാനൊരു പുത്രനെ നല്‍കും എന്ന്. ഇത് കേട്ടതും തൊണ്ണൂറു കഴിഞ്ഞ സാറായുടെ ഭര്‍ത്താവായ അബ്രാഹം കമിഴ്ന്നുവീണു ചിരിച്ചു. എന്നാല്‍ അത് അസാദ്ധ്യമെന്നു കരുതിയ അബ്രാഹത്തിന്, ഇസഹാക്കിനെ ലഭിച്ചപ്പോള്‍ ദൈവശക്തിക്ക് എല്ലാം സാദ്ധ്യമാണെന്ന് അദ്ദേഹത്തിനു ബോദ്ധ്യമായി. പിന്നെ അബ്രാഹം ദൈവം പറയുന്ന കാര്യത്തില്‍ മറിച്ചൊന്നു ചിന്തിക്കാന്‍ നിന്നിട്ടില്ല.

പരിശുദ്ധ അമ്മയിലേക്കു വരുമ്പോള്‍ വി. അന്‍സലം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: “എല്ലാവിധ പാപക്കറകളില്‍ നിന്നും സ്വതന്ത്രമാക്കി തന്റെ പുത്രന് വസിക്കാന്‍ പരിശുദ്ധമായൊരു വാസസ്ഥലം ഒരുക്കാന്‍ ദൈവത്തിന്റെ ജ്ഞാനത്തിന് കഴിയാതിരിക്കുമോ?” സര്‍വ്വശക്തനായ ദൈവത്തിന്റെ ജ്ഞാനത്തിന് തീര്‍ച്ചയായും സാധിക്കും. ഈ വെല്ലുവിളി നിറഞ്ഞ വിശ്വാസത്തിന്റെ ഉടമകളാകുവാനാണ് ഈ തിരുനാള്‍ ഒന്നാമതായി നമ്മോട് ആഹ്വാനം ചെയ്യുക. അതിനാല്‍, പൗലോസ് ശ്ലീഹായോടൊപ്പം നമുക്കും ഏറ്റുപറയാം. 2 കൊറി 5:7 “എന്തെന്നാല്‍ ഞങ്ങള്‍ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ്, കാഴ്ചയാലല്ല. ഞങ്ങള്‍ക്ക് നല്ല ധൈര്യമുണ്ട്.”

സാഹിത്യകാരന്മാര്‍ തങ്ങളുടെ രചനയില്‍ വായനക്കാരുടെ ശ്രദ്ധയെ പിടിച്ചിരുത്താന്‍ അല്ലെങ്കില്‍ കലാരംഗത്തുള്ളവര്‍ അവരുടെ പ്രേക്ഷകരുടെയും കേള്‍വിക്കാരുടെയും ശ്രദ്ധയെ ആകര്‍ഷിക്കുവാന്‍ ഉപയോഗിക്കുന്ന Literary Technique-കളില്‍ ഒന്നാണ് Paradox; ഒരു സത്യത്തെ അല്ലെങ്കില്‍ ഒരു ആശയത്തെ അവതരിപ്പിക്കുവാന്‍ വൈരുദ്ധ്യമുള്ള രണ്ട് വാക്കുകളെയോ, ചിന്തകളെയോ ഉപയോഗിക്കുന്ന ഒരു സാഹിത്യരീതി. ഉദാഹരണം പറഞ്ഞാല്‍, നമ്മള്‍ ഒരുപാട് കേട്ടിട്ടുള്ള ഒരു പ്രയോഗമാണ് ‘ഇത് പരസ്യമായ ഒരു രഹസ്യമാണ്’ എന്നത്. അല്ലെങ്കില്‍ ബഹുമാനപ്പെട്ട ജോയി ചെഞ്ചേരില്‍ അച്ചന്‍ രചിച്ച ഗാനത്തിലെ പ്രസിദ്ധമായ ഒരു വരി, ‘…ഇത്ര ചെറുതാകാന്‍ എത്ര വളരേണം…’

പരിശുദ്ധ അമ്മയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഒരു Paradox കാണാം. പാപമില്ലാതെ ജനിച്ച്, പാപം ചെയ്യാതെ ജീവിച്ച് ഒടുവില്‍ സ്വര്‍ഗം പുല്‍കിയ മറിയം പാപികള്‍ക്ക് ഒരു സങ്കേതമാണ് എന്ന് ഏറ്റുപറയുമ്പോള്‍ ഒരു Paradox ആയി തോന്നിയേക്കാം. കാരണം, വിശപ്പ് അനുഭവിച്ചവനേ വിശക്കുന്നവന്റെ വേദന മനസിലാകൂ അല്ലെങ്കില്‍ സഹനങ്ങള്‍ അനുഭവിച്ചവനേ സഹിക്കുന്നവന്റെ വേദന മനസിലാകൂ എന്ന തത്വമനുസരിച്ച് ജീവിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പരിശുദ്ധ മറിയം പാപരഹിതയെങ്കിലും പാപം എന്താണെന്ന് അവള്‍ക്കറിയാം. അത് ദൈവത്തില്‍ നിന്നുള്ള അകന്നുപോകലാണ്.

പാപം ചെയ്യാത്ത മറിയം അത് എങ്ങനെ അറിഞ്ഞു? ഫുള്‍ട്ടന്‍ ജെ. ഷീന്‍ ഇതിനെക്കുറിച്ച് മനോഹരമായ ഒരു ചിന്ത തന്റെ ‘മണ്‍പാത്രത്തിലെ നിധി’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ലൂക്കാ 2-ല്‍, തന്റെ പന്ത്രണ്ടു വയസ്സുള്ള ദിവ്യസുതനെ മൂന്നു ദിവസം നഷ്ടപ്പെട്ട സംഭവം വഴി, പാപം മൂലം ദൈവത്തില്‍ നിന്നും അകന്ന ഒരു പാപിയുടെ ഹൃദയത്തെ പീഡിപ്പിക്കുന്ന വേദനയും അകല്‍ച്ചയും അവര്‍ക്കു പകരമായി മറിയം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ ഏതു പാപിയെയും മനസിലാക്കാനും സഹായിക്കാനും പരിശുദ്ധ അമ്മക്ക് കഴിയും.

എങ്കില്‍ അടുത്ത ചോദ്യം, ഏതു രീതിയിലാണ് പാപികളുടെ സങ്കേതമായ പരിശുദ്ധ മറിയം നമ്മെ സഹായിക്കുക? ഇതിനും രക്ഷാകരസംഭവത്തില്‍ മാതാവിന്റെ പങ്കിനെ വിവരിക്കാന്‍ ഫുള്‍ട്ടന്‍ ജെ. ഷീന്‍ പറയുന്ന ഉദാഹരണം തന്നെ കടമെടുക്കാം. അദ്ദേഹം എഴുതിവയ്ക്കുന്നു: “സൂര്യനെ സൃഷ്ടിച്ച ദൈവം ചന്ദ്രനെയും സൃഷ്ടിച്ചു. സൂര്യനില്ലായിരുന്നുവെങ്കില്‍ ചന്ദ്രന്‍ ശൂന്യാകാശത്തില്‍ തങ്ങിനില്‍ക്കുന്ന ഒരു കരിക്കട്ട മാത്രമാകുമായിരുന്നു. ചന്ദ്രന്റെ പ്രകാശമെല്ലാം സൂര്യന്റെ പ്രഭാപൂരത്തിന്റെ ഒരു പ്രതിഫലനമാണ്. എങ്കിലും ചന്ദ്രന്‍ സൂര്യന്റെ തിളക്കത്തിന് ഒരു കുറവും വരുത്തുന്നില്ല. അതേവിധം മറിയം തന്റെ ദൈവികസുതനെ പ്രതിഫലിപ്പിക്കുന്നു. അവിടുത്തെ കൂടാതെ അവള്‍ ഒന്നുമല്ല. ഇരുണ്ട രാത്രികളില്‍ നാം ചന്ദ്രനോട് കൃതജ്ഞരാണ്. കാരണം അത് പ്രകാശിക്കുമ്പോള്‍ അങ്ങ് കാണാമറയത്ത് ഒരു സൂര്യനുണ്ടെന്നുള്ള പ്രതീക്ഷ നല്‍കുന്നുണ്ട്.”

അതുപോലെ തന്നെ പാപികളുടെ സങ്കേതമായ മറിയവും നമുക്കു നല്‍കുന്ന ഒരു പ്രതീക്ഷയുണ്ട്. തന്നേക്കാള്‍ പതിന്മടങ്ങ് പ്രകാശമുള്ള സൂര്യന്‍ – ദൈവപുത്രനായ യേശു പാപികളെയും കാത്തുനില്‍ക്കുന്നുണ്ട്. ആ സൂര്യനെക്കുറിച്ചാണ് ഹെബ്രാ. 4:14-16 ല്‍ നാം വായിക്കുന്നത്. അത് ഇ പ്രകാരമാണ്: “സ്വര്‍ഗത്തിലേക്ക് കടന്നുപോയ ശ്രേഷ്ഠനായ ഒരു പ്രധാന പുരോഹിതന്‍ – ദൈവപുത്രനായ യേശു നമുക്കുള്ളതു കൊണ്ട് നമ്മുടെ വിശ്വാസത്തെ നമുക്ക് മുറുകെപ്പിടിക്കാം. നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്ത് സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍. അതിനാല്‍ വേണ്ട സമയത്ത് കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.”

അതേ കൃപാവരത്തിന്റെ സിംഹാസനത്തിന്റെ മുമ്പിലാണ് വിശുദ്ധ കുര്‍ബാനക്കായി അണഞ്ഞിരിക്കുന്നത്. അതിനെ പ്രത്യാശയോടെ സമീപിക്കുന്നവര്‍ക്ക് തന്റെ കരുണയും കൃപയും വേണ്ടുവോളം നല്‍കാന്‍ അവിടെ യേശു നമുക്കായി കാത്തിരിക്കുന്നുണ്ട്. പാപം ചെയ്തിട്ടില്ലെങ്കിലും പാപികളുടെ സങ്കേതമായ പരിശുദ്ധ അമ്മയുടെ കരം പിടിച്ച് ആ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാനുള്ള ക്ഷണമാണ് ഈ തിരുനാള്‍ എന്ന ബോധ്യം മനസില്‍ സൂക്ഷിക്കാം. അതോടൊപ്പം ക്ഷമിക്കാനും മറക്കാനുമുള്ള ഒരു ദൗത്യം കൂടി ഈ തിരുനാള്‍ നമുക്ക് നല്‍കുന്നുണ്ട്. പാപം ചെയ്യാത്ത ക്രിസ്തു നമ്മോട് കാരുണ്യം കാട്ടി കൃപ വര്‍ഷിക്കുന്നു. പാപക്കറയേശാത്ത പരിശുദ്ധ അമ്മ പാപികളുടെ സങ്കേതമായി നിലനിന്ന് നമ്മെ ഈ ശോയിലേക്ക് അടുപ്പിക്കുന്നു. അങ്ങനെയെങ്കില്‍ പാപം ചെയ്യുക വഴി പാപത്തിന്റെ ഫലമായുണ്ടാകുന്ന കുറ്റബോധത്തെപ്പറ്റിയും മാനസികവേദനയെപ്പറ്റിയും അറിവുള്ളവരായ നമ്മള്‍ എത്രയോ അധികം കാരുണ്യം നമ്മുടെ സഹോദരങ്ങളോട് കാണിക്കുവാന്‍ കടപ്പെട്ടവരാണ്. അതിനാല്‍ ഈശോയുടെ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ പ്രതിരൂപങ്ങളാകാനുള്ള കൃപയ്ക്കായി ഈ ബലിയില്‍ പ്രാര്‍ത്ഥിക്കാം.

ഡീ. ജോസഫ് ചിലമ്പിക്കുന്നേല്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.