കോവിഡ് കുത്തിവയ്പിന്‍റെ ദേശീയ സങ്കുചിതത്വം ഉപേക്ഷിക്കണം: WHO യ്ക്കു വേണ്ടി സെക്രട്ടറി ജനറലിന്‍റെ അഭ്യര്‍ത്ഥന

കോവിഡ് 19 -നെതിരായ കുത്തിവയ്പ്പു സംബന്ധിച്ച ദേശീയ സങ്കുചിതത്വം ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ സെക്രട്ടറി ജനറല്‍, തെദ്രോസ് ആദനോം ഗബ്രേസൂസ് അഭ്യര്‍ത്ഥിച്ചു. ആഗസ്റ്റ് 19-ന് സ്വിറ്റ്സര്‍ലണ്ടിലെ ജനീവ കേന്ദ്രത്തില്‍ നിന്നും ഇറക്കിയ പ്രസ്താവനയിലൂടെയാണ് കോവിഡ് 19 -നുള്ള പ്രതിരോധ കുത്തിവയ്പ്പു സംബന്ധിച്ച് ലോകത്ത് ഇന്ന് ഉയര്‍ന്നുകേള്‍ക്കുന്ന ദേശീയ സങ്കുചിതത്വം അവസാനിപ്പിച്ച് മാനവികതയുടെ നന്മയ്ക്കായി ചിന്തിക്കുകയും ഐക്യദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുകയും വേണമെന്ന് ഗബ്രേസൂസ് അഭ്യര്‍ത്ഥിച്ചത്.

ആഗോളവ്യാപകമായി കാണുന്ന ഈ സങ്കുചിത മനഃസ്ഥിതി കൊണ്ട് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ചെയ്യുന്ന മരുന്നുകളുടെയും മാസ്ക് പോലുള്ള ചികിത്സാസാമഗ്രികളുടെയും കൈമാറ്റത്തിനും ഗതാഗതത്തിനും എതിരായ വെല്ലുവിളികള്‍ രാജ്യാതിര്‍ത്തികളില്‍ നേരിടുന്നുണ്ടെന്ന് ഗബ്രേസൂസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഏറെ വര്‍ദ്ധിച്ച സങ്കുചിത ദേശീയചിന്താഗതിയും മരുന്നുകമ്പനികളുടെ സ്വാര്‍ത്ഥ താല്പര്യങ്ങളും മഹാമാരിക്കെതിരായ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളേയും സഹായഹസ്തങ്ങളേയും മരവിപ്പിച്ചിരിക്കുകയാണ് ഇതുമൂലം ചെയ്യുന്നതെന്ന് ഗബ്രേസൂസ് ഖേദപൂര്‍വ്വം അറിയിച്ചു. തങ്ങളുടെ ജനങ്ങളെ രക്ഷിക്കാനുള്ള രാഷ്ട്രത്തലവന്മാരുടെ ആവേശം നല്ലതാണെങ്കിലും, ലോകത്തെ മുഴുവന്‍ ഗ്രസിച്ചിരിക്കുന്ന ഈ മഹാമാരിയെ ഇല്ലാതാക്കാന്‍ രാഷ്ട്രങ്ങള്‍ സംഘടിതമായിട്ടാണ് പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ചില രാജ്യങ്ങളെ സഹായിക്കുന്നതിനു പകരം ആവശ്യത്തിലായിരിക്കുന്നവരെയും രോഗബാധയുടെ തീവ്രത അധികമുള്ള ജനങ്ങളെയും അതിരുകള്‍ക്കപ്പുറവും ചെന്നു സഹായിക്കണം. വിശിഷ്യാ, പാവങ്ങള്‍ക്കും മരുന്നുകള്‍ ലഭ്യമാക്കി അവരെയും രക്ഷപ്പെടുത്തിയെങ്കിലേ ഈ വൈറസ് ബാധയെ ഇല്ലാതാക്കുവാനും ആഗോള സാമ്പത്തിക സംവിധാനങ്ങള്‍ ഭദ്രമാക്കുവാനും ജീവിതം സാധാരണഗതിയിലേയ്ക്ക് തിരിച്ചെത്തിക്കുവാനും സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം ലോകാരോഗ്യ സംഘടനയിലെ തന്‍റെ നീണ്ടകാല അനുഭവത്തിന്‍റെ വെളിച്ചത്തില്‍ അഭിപ്രായപ്പെട്ടു.

കോവിഡ് 19 -ന്‍റെ പ്രതിരോധ കുത്തിവയ്പ്പിനെ സംബന്ധിച്ച സ്വാര്‍ത്ഥവും സങ്കുചിതവുമായ ദേശീയത വെടിഞ്ഞ്, പങ്കാളികളും കൂട്ടാളികളുമായ എല്ലാ രാജ്യങ്ങളുമായി മരുന്ന് കൈമാറ്റം ചെയ്യണമെന്നും എന്നാല്‍ അതിന്‍റെ കാര്യക്ഷമതയും പാര്‍ശ്വഫലങ്ങളും കഴിയുന്നത്ര പരീക്ഷിച്ചും പഠിച്ചും ഇല്ലാതാക്കിയും വേണം അവ ലഭ്യമാക്കുവാനെന്നും ഗബ്രേസൂസ് അഭിപ്രായപ്പെട്ടു. അതിനാല്‍ ശാസ്ത്രീയ ഗവേഷണങ്ങളും സാങ്കേതികതയും വൈദ്യശാസ്ത്രത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുമ്പോഴും മനുഷ്യകുലത്തെ രക്ഷിക്കണമെങ്കില്‍ മരുന്നിന്‍റെ കാര്യത്തില്‍ സത്യസന്ധതയും സുതാര്യതയും സേവനമനഃസ്ഥിതിയും ഐക്യദാര്‍ഢ്യവും അനിവാര്യമാണെന്നും അദ്ദേഹം താക്കീത് നല്‍കി. അതിനാല്‍ കൂട്ടായ്മയും സാഹോദര്യവുമാണ് ഈ മഹാമാരിയെ നേരിടാന്‍ അനിവാര്യമായ അടിസ്ഥാന മനോഭാവം എന്ന ചിന്തയോടെയാണ് ഗബ്രേസൂസ് തന്റെ പ്രസ്താവന ഉപസംഹരിച്ചത്.

കടപ്പാട്: ഫാദര്‍ വില്യം നെല്ലിക്കല്‍
www.vaticannews.va

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.