

മാർത്തോമ്മാ നസ്രാണികൾ പെസഹാ വ്യാഴാഴ്ച വൈകുന്നേരം ഭവനങ്ങളിൽ നടത്തുന്ന ഒരു പ്രധാന വിശ്വാസ ആചരണമാണു പെസഹാ ഭക്ഷണം അഥവാ പെസഹാ ആഘോഷം. ഭാരത നസ്രാണികളുടെ തനിമയാർന്ന ഈ കർമം അപ്പം മുറിക്കൽ, പാലു കാച്ചൽ, പാലുകുടി എന്നീ പേരുകളിലും അറിയപ്പെടുന്നു. മാർഗവാസികളുടെ തനതായ വിശ്വാസ പാരന്പര്യത്തിൽ വളർന്നുവന്ന ഈ പുണ്യകർമം പഴയനിയമത്തിലെ പെസഹാ ഭക്ഷണത്തിന്റെയും (നിയ16:1-19) പുതിയനിയമത്തിലെ അന്ത്യഅത്താഴം (ലൂക്കാ 22:14-20, 1 കോറി 11:23-25), അപ്പം മുറിക്കൽ ശുശ്രൂഷ (നട 2:42) എന്നിവയുടെയും സമ്മിശ്ര രൂപമാണെന്നു പറയാം. പഴയനിയമത്തിലെ പെസഹാക്കുഞ്ഞാടിനെ ഭക്ഷിക്കുന്ന കർമം (പുറ 12:114) ഭാരത നസ്രാണികളുടെ പെസഹാ ഭക്ഷണത്തിൽ ഇല്ല. പക്ഷേ പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളിനോട് (നിയ 16:18) ഈ ആചരണത്തിനു കൂടുതൽ സാമ്യം കാണാം.
എന്തായാലും മാർത്തോമ്മാ നസ്രാണികൾക്ക് ആദ്യനൂറ്റാണ്ടുകളിൽ ഉണ്ടായിരുന്ന യഹൂദബന്ധത്തിന്റെ ശക്തമായ ഒരു തെളിവു കൂടിയാണു പെസഹാ ഭക്ഷണം. അപ്പം മുറിക്കൽ എന്ന പദം തന്നെ അർഥവ്യാപ്തിയേറിയതും തിരുവചനസത്ത നിറഞ്ഞതുമാണ്. ആദിമ സഭാ സമൂഹത്തിന്റെ പ്രത്യേകതകളിലൊന്നായിട്ടാണ് അപ്പംമുറിക്കലിനെ ശ്ലീഹന്മാരുടെ നടപടിപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് (നട. 2:42). പരിശുദ്ധ കുർബാനയുമായി ബന്ധപ്പെടുത്തിയാണു സഭാപിതാക്കന്മാർ ഈ അപ്പം മുറിക്കലിനെ വ്യാഖ്യാനിക്കുക. മാർത്തോമ്മാ നസ്രാണികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അപ്പം മുറിക്കൽ അഥവാ പരിശുദ്ധ കുർബാന ഇടവകപ്പള്ളികളിൽ ഞായറാഴ്ചതോറും അനുഷ്ഠിച്ചു വരുന്നു. ഭവനങ്ങളിൽ വർഷംതോറും നടത്തുന്ന അപ്പം മുറിക്കൽ അഥവാ പെസഹാ ഭക്ഷണം കുർബാനയാകുന്ന വലിയ അപ്പം മുറിക്കലിന്റെ ഓർമ പുതുക്കലാണ്.
ചില പ്രത്യേകതകൾ
1. ഈ അപ്പം മുറിക്കൽ അഥവാ പെസഹാ ഭക്ഷണം പൂർണമായും ഭവനങ്ങളിലായിരുന്നു നടത്തിയിരുന്നത്. കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണു പ്രസ്തുത കർമത്തിന്റെ കാർമികൻ. ഓരോ ഭവനത്തിലും ഭവനാംഗങ്ങൾ മുഴുവനും അയൽപക്കക്കാരും പങ്കെടുക്കുന്നു. ഒരു ഭവനത്തിലെ ശുശ്രൂഷ കഴിഞ്ഞ് അടുത്ത ഭവനത്തിൽ എന്ന രീതിയിലാണ് ഇതു നടത്തുന്നത്. പെസഹാ വ്യാഴം രാത്രി മുഴുവൻ ഉറങ്ങാതെ നടത്തുന്ന ഈ കർമം അന്ത്യഅത്താഴത്തിനുശേഷം ഈശോ ഗത്സമനിയിൽ പ്രാർഥനാനിരതനായി ചെലവഴിച്ചതിന്റെ അനുസ്മരണം കൂടിയാണ്.
2. ഭവനങ്ങളിൽ നിന്ന് ആരെങ്കിലും പ്രസ്തുത വർഷം മരിച്ചുപോയിട്ടുണ്ടെങ്കിൽ അവിടെ കുരിശപ്പം പുഴുങ്ങുന്ന പതിവില്ല. ആ ഭവനങ്ങളിൽ മുറിക്കാനുള്ള കുരിശപ്പം അടുത്ത ഭവനങ്ങളിൽ നിന്നു കൊണ്ടുവരികയും ആഘോഷങ്ങളില്ലാതെ അതു മുറിച്ചു ഭക്ഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞവർഷം തങ്ങളോടൊപ്പം അപ്പം മുറിക്കാനും പാലുകുടിക്കാനുമുണ്ടായിരുന്ന പരേതരോടുള്ള ആദരസൂചകമായി ഈ രീതിയെ കാണാവുന്നതാണ്. കുരിശപ്പത്തിന്റെ പങ്കുവയ്ക്കൽ കുടുംബങ്ങൾ തമ്മിലുള്ള ആഴമായ സ്നേഹബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ്.
3. പെസഹാ ഭക്ഷണത്തിലെ പ്രധാന വിഭവം കുരിശപ്പമാണ്. അപ്പം പുഴുങ്ങുക എന്നാണ് കുരിശപ്പം ഉണ്ടാക്കുന്നതിനെക്കുറിച്ച് പറയുക. ഭയഭക്തി ബഹുമാനത്തോടെയുള്ള ഒരു കർമം തന്നെയാണ് അപ്പം പുഴുങ്ങൽ. സൗമ്മാറന്പാക്കാലം (വലിയ നോന്പുകാലം) മുഴുവൻ നടത്തിവരുന്ന ഉപവാസവും പ്രാർഥനയും ഇതിനായുള്ള ഒരു അകന്ന ഒരുക്കമാണെന്ന് പറയാം. രണ്ടു വാഴയില മടക്കി അതിൽ കുരിശപ്പം ഉണ്ടാക്കുന്നു. ഈ അപ്പത്തിന്റെ മുകളിൽ ഓശാന ഞായറാഴ്ചത്തെ കുരുത്തോല മുറിച്ച് കുരിശാകൃതിയിൽ വയ്ക്കുന്നതിനാലാണ് ഇത് കുരിശപ്പം എന്ന് അറിയപ്പെടുന്നത്.
ഓരോ വാഴയില മടക്കി അതിൽ മറ്റ് അപ്പങ്ങൾ ഉണ്ടാക്കുന്നു. ഇവയിൽ കുരിശ് വയ്ക്കാറില്ല. ഇണ്ടറിയപ്പം എന്നാണ് ഈ അപ്പം അറിയപ്പെടുക. കുരിശപ്പം നടുക്കും മറ്റ് അപ്പങ്ങൾ ചുറ്റുമായി പാത്രത്തിൽ വച്ച് അപ്പം പുഴുങ്ങിയെടുക്കുന്നു. സാധാരണ അടുപ്പിൽ വിറക് കത്തിച്ചാണ് അപ്പം പുഴുങ്ങുക. മാവ് പുളിക്കുന്നതിന് മുന്പ് അപ്പം പുഴുങ്ങുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.
4. തേങ്ങാപ്പാലും ശർക്കരയും ചേർത്തു ചൂടാക്കിയെടുക്കുന്നതാണ് “പാല്’ എന്ന വിഭവം. ഓശാന ഞായറാഴ്ചത്തെ കുരുത്തോല മുറിച്ച് കുരിശാകൃതിയിൽ പാലിലും ഇടുന്നു. പാലു കാച്ചാനുള്ള തവികളും കോപ്പകളും പുതിയവയോ, ഇതിനുവേണ്ടി മാത്രം ഉപയോഗിക്കുന്നവയോ ആയിരിക്കും. അപ്പം പുഴുങ്ങുന്പോഴും പാലുകാച്ചുന്പോഴും ഭവനത്തിലനുഷ്ടിക്കുന്ന പ്രാർഥനാപൂർവമായ നിശബ്ദത ശ്രദ്ധേയമാണ്.
5. പെസഹാ വ്യാഴാഴ്ച വൈകിട്ട് പള്ളിയിലെ കാലുകഴുകൽ ശുശ്രൂഷയും പരിശുദ്ധ കുർബാനയും കഴിഞ്ഞു വന്നിട്ടാണ് അപ്പം മുറിക്കൽ നടത്തുക. നിലത്തു പായ വിരിച്ച് അതിൽ എല്ലാവരും നിൽക്കുന്നു. കുടുംബത്തിലെ ഏറ്റവും പ്രായമുള്ള പുരുഷനാണ് അപ്പം മുറിക്കുക. പ്രസ്തുത കുടുംബത്തിൽ മുതിർന്ന പുരുഷന്മാർ ഇല്ലെങ്കിൽ സന്നിഹിതരായിരിക്കുന്ന മറ്റു കുടുംബങ്ങളിലെ പ്രായംചെന്ന പുരുഷനെ അപ്പം മുറിക്കാൻ ക്ഷണിക്കുന്നു. അപ്പം മുറിക്കുന്ന ആൾ കൈകൾ കഴുകി, മുട്ടുകുത്തി നിന്ന് സ്ലീവാ അടയാളം വരച്ച ശേഷം കുരിശപ്പം മുറിച്ച് മുതിർന്നവർ തുടങ്ങി ഓരോരുത്തർക്കായി നൽകുന്നു. എല്ലാവരും പ്രാർഥനയോടെ രണ്ട് കൈകളും കുരിശാകൃതിയിൽ നീട്ടി അപ്പം വാങ്ങുന്നു. എല്ലാവർക്കും നൽകിയ ശേഷം അപ്പം മുറിച്ചയാൾ അപ്പം ഭക്ഷിക്കുന്നു. തുടർന്ന് മറ്റുള്ളവരും ഇതേക്രമത്തിൽത്തന്നെ പാലും സ്വീകരിക്കുകയും കുടിക്കുകയും ചെയ്യുന്നു.
ഇതോടൊപ്പം വാഴപ്പഴങ്ങളും ഭക്ഷിക്കുന്ന രീതി കാണാറുണ്ട്. പെസഹായ്ക്കു പഴുപ്പിക്കാൻ വേണ്ടി മാത്രം പ്രത്യേകം വാഴക്കുലകൾ മാറ്റിനിർത്തുന്ന പതിവ് നസ്രാണികൾക്കുള്ളതാണ്. നിശബ്ദരായി ഭയഭക്തികളോടെയാണു മുതിർന്നവരും കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബാംഗങ്ങൾ ഈ ശുശ്രൂഷയിൽ പങ്കുചേരുക. ഒരു തരി അപ്പമോ ഒരു തുള്ളി പാലോ നിലത്തുപോകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുന്നു. പ്രസ്തുത കാര്യം കുഞ്ഞുങ്ങളെ പ്രത്യേകം ഓർമിപ്പിക്കുകയും ചെയ്യുന്നു. ഓരോ ഭവനത്തിലെയും അപ്പംമുറിക്കലിനുശേഷം പ്രാർഥിച്ചു സ്തുതി ചൊല്ലി എല്ലാവരും കൂടി അടുത്ത ഭവനത്തിലേക്കു പോകുന്നു.
6. അയൽപക്കത്തുള്ള മറ്റു മതസ്ഥർക്കും അപ്പം പങ്കുവയ്ക്കുന്ന രീതി എടുത്തുപറയേണ്ടതാണ്. അപ്പം മുറിക്കലിനുശേഷം ഭവനങ്ങളിലെ കുട്ടികളാണു മിക്കവാറും ഇണ്ടറിയപ്പവും പഴങ്ങളും അയൽ വീടുകളിൽ കൊണ്ടുപോയി കൊടുക്കുക. മതസൗഹാർദത്തിനും സാമൂഹിക ബന്ധങ്ങൾക്കും നസ്രാണികൾ കൊടുത്തിരുന്ന പ്രാധാന്യം ഇവിടെ വ്യക്തമാണ്.
ചില ആനുകാലിക പ്രവണതകൾ പെസഹാ ആചരണത്തിന് ഇപ്പോൾ തനിമ ചോരുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അപ്പംമുറിക്കൽ ശുശ്രൂഷയിൽ സമീപകാലത്തു കണ്ടുവരുന്ന ചില പരിണാമങ്ങൾ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്.
1. തികച്ചും കുടുംബകേന്ദ്രീകൃതമായിട്ടായിരുന്നു ഈ കർമം നൂറ്റാണ്ടുകളായി നടത്തിപ്പോന്നിരുന്നത്. പക്ഷേ ഇപ്പോഴത് പള്ളികേന്ദ്രീകൃതമായി പലയിടത്തും മാറി. അതു തനിമ ചോരലാണ്. കാരണം പള്ളിയിലെ അപ്പംമുറിക്കൽ കുർബാനയാണ്. ഭവനത്തിലെ അപ്പംമുറിക്കൽ പെസഹാഭക്ഷണവും. ഇങ്ങനെയായിരുന്നു പുണ്യപിതാക്കന്മാർ ഇതിനെ കണ്ടിരുന്നതും നടത്തിയിരുന്നതും. കുർബാനയിലെ കാർമികൻ പുരോഹിതനും പെസഹാ അപ്പംമുറിക്കലിന്റെ കാർമികൻ കുടുംബത്തിലെ പ്രായമുള്ള പുരുഷനും. അങ്ങനെ നിലനിൽക്കുന്നതും തുടരുന്നതുമല്ലേ വിശ്വാസ സംരക്ഷണത്തിനും പ്രഘോഷണത്തിനും ഉചിതം?
2. അപ്പംപുഴുങ്ങൽ ഒരു ശുശ്രൂഷയായിത്തന്നെയാണു നസ്രാണികൾ കാണുന്നത്. അതുകൊണ്ടാണ് അകന്നതും അടുത്തതുമായ ഒരുക്കങ്ങളിലൂടെ അതു നിർവഹിക്കുന്നത്. പക്ഷേ ഇന്നു പലയിടത്തും അപ്പം പുഴുങ്ങാൻ പലർക്കും സമയം കിട്ടാറില്ല. ചിലർക്കു കുരിശപ്പം പുഴുങ്ങാൻ അറിയില്ല. പകരം ബേക്കറിയിൽ നിന്നു കുരിശുള്ള ബ്രെഡ് വാങ്ങി മുറിക്കുന്നു. അതിലെന്തു പരിപാവനതയാണു കാണാൻ കഴിയുക? എന്തു വിശ്വാസസംരക്ഷണവും പ്രഘോഷണവുമാണു ചൂണ്ടിക്കാണിക്കാനുള്ളത്? ഈ കുരിശുള്ള അപ്പം എന്തു വിശുദ്ധിയിലാണ് ഉണ്ടാക്കപ്പെടുക? എന്തു നന്മയിലാണ് പങ്കുവയ്ക്കപ്പെടുക? അതുകൊണ്ട് ഈ കർമം കുടുംബകേന്ദ്രീകൃതമായിത്തന്നെ നടത്താൻ ശ്രമിക്കാം. ചെറുതെങ്കിലും വിശുദ്ധിയോടെ കുരിശപ്പം ഭവനങ്ങളിൽ പുഴുങ്ങിയെടുക്കാം. അപ്പം പുഴുങ്ങാൻ സാധിക്കാത്തവരുമായി അതു പങ്കുവയ്ക്കാം.
ജയിംസച്ചൻ ചവറപ്പുഴ