മയക്കുമരുന്ന് ഉപയോഗിച്ച് ലോകത്തെ നശിപ്പിക്കുന്ന തീവ്രവാദ തന്ത്രം

“പാശ്ചാത്യ സമൂഹത്തെ മയക്കുമരുന്ന് ഉപയോഗിച്ച് നശിപ്പിക്കുക എന്നത് ഞങ്ങളുടെ മഹത്തായ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്,” ബംഗ്ലാദേശിലെ ബി ഡി ഫുഡ്സ് ലിമിറ്റഡിന്റെ ചെയർമാനായ ബദറുദോസ ചൗധരി മൊമെൻ വെളിപ്പെടുത്തിയതാണിത്. യു.കെ യിലേക്ക് സുഗന്ധവ്യഞ്ജനങ്ങളും മറ്റു ഭക്ഷ്യ ഉത്പന്നങ്ങളും വിതരണം ചെയ്യുന്നതിനൊപ്പം വൻതോതിൽ ദശലക്ഷക്കണക്കിനു ഡോളർ വിലമതിക്കുന്ന ഹെറോയിൻ കടത്തിയതിന് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്ത അവസരത്തിൽ ചൗധരി തന്റെ കള്ളക്കടത്ത് പ്രവർത്തനങ്ങളെ ന്യായീകരിച്ചത് ഇപ്രകാരമാണ്. അഫ്ഗാനിസ്ഥാനിൽ നിന്ന് പാക്കിസ്ഥാൻ വഴിയാണ് ഹെറോയിൻ കയറ്റുമതി ചെയ്യുന്നത്. പ്രസ്തുത രാജ്യങ്ങളിൽ ചൗധരി മൊമെൻ ഇതിനായി പ്രത്യേകം ഓഫീസുകൾ വരെ നടത്തിയിരുന്നു. അതുപോലെതന്നെ പാക്കിസ്ഥാനി പത്രപ്രവർത്തകനായ അഹമ്മദ് റാഷിദ് ഒരു അഫ്ഗാൻ ഉദ്യോഗസ്ഥനുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൽ അദ്ദേഹം നടത്തിയ പ്രസ്താവനയും ഈ കാര്യങ്ങൾ കൂടുതൽ ശരിവയ്ക്കുന്ന രീതിയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. “ഇവിടെ കറുപ്പ് അനുവദനീയമാണ്. കാരണം അത് പാശ്ചാത്യ രാജ്യങ്ങളിലെ ഖാഫിറുകൾ (അവിശ്വാസികൾ) കഴിക്കുന്നു. ഞങ്ങളുടെ മതക്കാരോ അഫ്ഗാനികളോ ഉപയോഗിക്കുന്നില്ല.”

മയക്കുമരുന്നും ഭീകരവാദവും തമ്മിലുള്ള ബന്ധം സ്വാഭാവികമായും വിവാദപരവും എന്നാൽ ആഴത്തിൽ രാഷ്ട്രീയവത്കരിക്കപ്പെട്ടതുമാണ്. കറുപ്പ് ഉൽപ്പാദനത്തിന്റെയും വിതരണത്തിന്റെയും വ്യാപ്തിയിലൂടെ ഗോൾഡൻ ക്രെസെന്റ് അഥവാ ‘സുവർണ്ണ ചന്ദ്രക്കല’ എന്ന് അറിയപ്പെടുന്ന രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാൻ, ഇറാൻ, പാക്കിസ്ഥാൻ എന്നിവ. ഈ രാജ്യങ്ങളിൽ നിന്നുള്ള കറുപ്പ് ആണ് ലോകത്തെ ആകമാനം ലഹരിയിലാഴ്ത്തുന്നതെന്നു തെളിയിക്കുന്ന വ്യക്തമായ പഠനങ്ങളും നിരീക്ഷണങ്ങളും ഉണ്ട്. താലിബാന് തങ്ങളുടെ ‘വിശുദ്ധ’ യുദ്ധത്തിന്റെ അടിസ്ഥാന ആവശ്യമായി കറുപ്പ് മാറിക്കൊണ്ടിരിക്കുന്നതിൽ അതിശയപ്പെടാനൊന്നുമില്ലെന്നാണ് നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്.

ലഹരിമരുന്നിന്റെ ഉത്പാദന കേന്ദ്രമായി മാറ്റപ്പെട്ട അഫ്ഗാനിസ്ഥാൻ  

അഫ്ഗാനിസ്ഥാന്റെ കറുപ്പ് ഉത്പാദനത്തിന്റെ അളവുകൾ ആഗോള സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. അഫ്ഗാനിസ്ഥാനും പോപ്പിച്ചെടിയും തമ്മിലുള്ള ബന്ധം ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന ഒന്നാണ്. എന്നിരുന്നാലും കഴിഞ്ഞ 30 വർഷത്തിനുള്ളിൽ രാജ്യം അതിശയിപ്പിക്കുന്ന രീതിയിലാണ് കറുപ്പ് കൃഷി ആരംഭിച്ചതും വിപുലീകരിച്ചതും. കറുപ്പ് കൃഷിക്ക് അനുയോജ്യമായ രീതിയിലുള്ള അനധികൃത സാഹചര്യം അഫ്ഗാനിസ്ഥാനിൽ അധികൃതർ തന്നെ സജ്ജമാക്കിക്കൊടുത്തു. ദാരിദ്ര്യത്തിലും പട്ടിണിയിലുമായ കർഷകർ അതിനെ ഒരു നിശബ്ദ അനുവാദമായി കണക്കാക്കിക്കൊണ്ട് വൻ തോതിൽ കൃഷി ആരംഭിച്ചു. ഇന്ന് രാജ്യം ലോകമെമ്പാടുമുള്ള മയക്കുമരുന്ന് കടത്തിന്റെ പ്രഭവകേന്ദ്രമായി മാറിയതിനു പിന്നിലെ സാഹചര്യം ഇതാണ്. ലോകത്ത് വിതരണം ചെയ്യപ്പെടുന്ന 90 ശതമാനം കറുപ്പും ഹെറോയിനും അഫ്ഗാനിസ്ഥാനിൽ നിന്നുള്ളതാണ്.

ആഗോള വിപണിയിൽ അഫ്ഗാനിസ്ഥാന്റെ കറുപ്പുത്പാദനത്തിന്റെ ഈ ആധിപത്യത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. വർഷങ്ങളായി തുടരുന്ന നിരന്തരമായ യുദ്ധവും ആഭ്യന്തരകലാപവും നിയമാനുസൃതമായ ഒരു ഗവണ്മെന്റിന്റെ അഭാവവും മത തീവ്രവാദ ഗ്രൂപ്പുകളുടെ നിയന്ത്രണവും ഭരണവും എല്ലാം അഫ്ഗാനിസ്ഥാനിലെ മണ്ണിൽ കറുപ്പ് വിളയുന്നതിനുള്ള വളമായി മാറി. ഇത് തടസ്സപ്പെടുത്തുന്നതിൽ  അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയവും നിസ്സഹകരണവും മറ്റൊരു കാരണമായി പറയാൻ സാധിക്കും.

മയക്കുമരുന്ന് കൃഷിയും കയറ്റുമതിയുമെല്ലാം രാജ്യത്തിന്റെ സുരക്ഷ, പ്രതിരോധം, നീതി എന്നിവയുടെ സുഗമമായ നടത്തിപ്പ് ഇല്ലാതാക്കി. ഇത്തരം കൃഷിക്ക് അനുമതി ലഭിക്കാനായി ഒന്ന് ‘കണ്ണടയ്ക്കാൻ’ കർഷകർ പോലീസിനും നാർക്കോട്ടിക് നിർമ്മാർജ്ജന ഉദ്യോഗസ്ഥർക്കും കൈക്കൂലി നൽകുന്നത് പതിവായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മയക്കുമരുന്ന് കടത്തുകാർ ഉന്നത ഉദ്യോഗസ്ഥരെയും പണത്തിന്റെ ലഹരിക്ക് അടിമകളാക്കി മാറ്റി. അഫ്ഗാൻ സർക്കാരിലെ 70 ശതമാനം ഉദ്യോഗസ്ഥർക്കും ലഹരിമരുന്നുകടത്തിൽ പങ്കുണ്ടെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

വളരെ കുറച്ചു മാത്രം പ്രകൃതി വിഭവങ്ങളുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാൻ. കൃഷി യോഗ്യമായ ഭൂമി വെറും 12 ശതമാനത്തിൽ താഴെ മാത്രമാണ്. അതുപോലെതന്നെ ഗ്രാമീണ ജനസംഖ്യയുടെ 80 ശതമാനവും ദാരിദ്ര്യത്തിലും. 23 ശതമാനം അഫ്ഗാനികൾക്ക് മാത്രമാണ് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നത്. വൈദ്യുതി ഉപയോഗിക്കുന്നത് വളരെ ചെറിയൊരു ശതമാനവും. ഇത്തരം ഒരു സാഹചര്യത്തിൽ കറുപ്പ് കൃഷിയുടെ അനൗദ്യോഗിക അംഗീകാരം വമ്പിച്ച തോതിൽ കൃഷിയിറക്കുവാൻ ആളുകൾക്കു പ്രോത്സാഹനമേകി. എന്നാൽ ആത്യന്തികമായി ഈ കൃഷിയിൽ നിന്ന് അവർക്കു ലാഭം എത്തിച്ചേർന്നത് രാജ്യത്തിന്റെ പുറത്തു നിന്നാണെന്നു എടുത്തുപറയേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് മുൻ അഫ്ഗാൻ പ്രസിഡന്റ് കറുപ്പ് വ്യാപാരത്തെക്കുറിച്ച് “മൂന്ന് ശതമാനം നികുതി ഞങ്ങൾക്ക് ഇതിൽ നിന്ന് ലഭിക്കുന്നു, 100 ശതമാനം കുറ്റവും ഞങ്ങൾ തന്നെ ഏറ്റെടുക്കുന്നു ” എന്നാണ്  പറഞ്ഞത്.

അഫ്‌ഗാനിലെ കറുപ്പ് കൃഷിയുടെ ചരിത്രം

1979 -ലെ സോവിയറ്റ് യൂണിയൻ അധിനിവേശത്തിനു മുൻപ് തന്നെ അഫ്‌ഗാനിസ്ഥാൻ ഭക്ഷ്യ ഉത്‌പാദനത്തിനു സ്വയം പര്യാപ്തത നേടിയിരുന്നു. അതുകൂടാതെ മൊത്ത ഉത്‌പാദനത്തിൽ നിന്ന് മിച്ചം വെയ്ക്കാനും അവർക്ക് കഴിഞ്ഞിരുന്നു. തുർന്നുള്ള അധിനിവേശങ്ങൾ അവരുടെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്തു. തൽഫലമായി മുജാഹിദുകൾ കറുപ്പ് വിലയ്ക്ക് നികുതി ചുമത്താൻ ആരംഭിച്ചു. വിവിധ ജിഹാദി ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരവും സോവിയറ്റ് യൂണിയനെ തുരത്താനുള്ള ആയുധ സമാഹരണത്തിനായി പണം കണ്ടെത്തുവാനും വേണ്ടിയായിരുന്നു ഇത്. അതിനുള്ള ഒരു ധനസമാഹരണ മാർഗ്ഗമായി കറുപ്പ് കൃഷിയും അതിൽ നിന്നുള്ള നികുതിയും മറ്റു വരുമാനവും മാറി. ഇതേ സമയം സോവിയറ്റ് യൂണിയനെ നിർമ്മാർജ്ജനം ചെയ്യാൻ അമേരിക്ക അഫ്ഗാനിലേക്ക് ഒരു ആയുധ പൈപ്പ് ലൈൻ സ്ഥാപിച്ചു. സോവിയറ്റ് യൂണിയനെ മയക്കുമരുന്നിന് അടിമകളാക്കി അവരെ ദുർബലപ്പെടുത്തുക എന്ന തന്ത്രമാണ് അവർ സ്വീകരിച്ചത്. അതിനായി അഫ്ഗാനിസ്ഥാനിൽ നിന്ന് കറുപ്പ് പടിഞ്ഞാറോട്ടൊഴുകുന്നതിനായി അമേരിക്കൻ സിഐഎ ഏജന്റുമാർ അഫ്ഗാനിസ്ഥാനെ സഹായിക്കുകയായിരുന്നു. 1992 -ൽ സോവിയറ്റ് യൂണിയന്റെ പതനത്തോടെ അഫ്ഗാനിസ്ഥാനിൽ വിവിധ മുജാഹിദ് ഗ്രൂപ്പുകൾ തമ്മിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. ഇത് രാജ്യത്ത് വ്യാപകമായ അസ്ഥിരതകൾ സൃഷ്ടിച്ചു. 1998 -ൽ പാക്കിസ്ഥാന്റെ സഹായത്തോടെ താലിബാൻ രാജ്യത്തിന്റെ അധികാരം പിടിച്ചടക്കുകയും കറുപ്പ് ഉപയോഗിച്ച് അവരുടെ സ്വാധീനം ഉറപ്പിക്കുകയും ചെയ്തു. പിന്നീട് രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു ഉപകരണമായി കറുപ്പ് വ്യാപാരത്തെ അവർ ഉപയോഗിച്ചു. പിന്നീടുണ്ടായ യുദ്ധവും രാഷ്ട്രീയ അസ്ഥിരതയുമെല്ലാം ഈ കച്ചവടത്തിന് സഹായകരമായി മാറി.

താലിബാന്റെ തന്ത്രപരമായ കറുപ്പ് നിരോധനം

2000 – 2001 കാലയളവിൽ താലിബാൻ സർക്കാർ ഐക്യരാഷ്ട്ര സഭയുടെ സഹകരണത്തോടെ അതിശയകരമായ ഒരു ഉത്തരവ് നടത്തി. അവരുടെ വരുമാനത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന കറുപ്പ് കൃഷിയുടെ നിരോധനമായിരുന്നു അത്. ഗ്രാമങ്ങളിലും കൃഷിയിടങ്ങളിലും പോപ്പി കൃഷിക്ക് ശക്തമായ വിലക്കായിരുന്നു മുല്ല മുഹമ്മദ് ഒമർ ഏർപ്പെടുത്തിയത്. നിരോധനം മൂലം കർഷകർ അവരുടെ വിളകൾ സ്വയം നശിപ്പിക്കാൻ പോലും നിർബന്ധിതരായി. അത് ചെയ്യാത്തവരെ ജയിലിടുകയോ ക്രൂരമായ ശിക്ഷാ നടപടികൾക്ക് വിധേയമാക്കുകയോ ചെയ്തു. അതിനാൽ തന്നെ നിയമപാലകർ ഈ ഉത്തരവ് മുഴുവൻ ജനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. രാജ്യത്ത് അതുവരെ നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വിരുദ്ധ പ്രചാരണമായി അത് അറിയപ്പെട്ടു. 99 % കറുപ്പുത്പാദനവും നിർമാർജ്ജനം ചെയ്തപ്പോൾ ലോകത്തിലെ ഹെറോയിൻ വിതരണത്തിന്റെ മുക്കാൽ ഭാഗവും ഇല്ലാതായി. എന്നാൽ ഈ നിരോധനം വളരെ ചുരുങ്ങിയ കാലത്തേയ്ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുല്ല ഒമറിന്റെ വളരെ വലിയ ഒരു കച്ചവട തന്ത്രമായിരുന്നു ഇത്. കൃത്രിമ ക്ഷാമം വരുത്തിക്കൊണ്ട് വില  വർധിപ്പിക്കുന്നതിനുള്ള ഒമറിന്റെ വലിയൊരു കച്ചവട തന്ത്രമായിരുന്നു അത്. താലിബാൻ പോപ്പിക്കൃഷി നിർത്തിച്ചെങ്കിലും കറുപ്പ് കൈവശം വയ്ക്കുന്നതിനോ അത് വിപണനം നടത്തുന്നതിനോ തടസ്സം ഏർപ്പെടുത്തിയിരുന്നില്ല എന്നത് വളരെ പ്രസക്തമായ കാര്യമായിരുന്നു. മറ്റു കാർഷിക ഉത്പന്നങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉണക്കിയ കറുപ്പ് വളരെക്കാലം കേടുകൂടാതെ ഇരിക്കും. അതിനാൽത്തന്നെ താലിബാൻ രഹസ്യമായി സൂക്ഷിച്ചിരുന്ന വലിയ അളവിലുള്ള കറുപ്പ് ആ സമയം നാലിരട്ടി വിലയ്ക്ക് അന്താരാഷ്‌ട്ര വിപണിയിൽ വിറ്റഴിച്ചു. താലിബാന് മില്യൺ കണക്കിന് ഡോളറുകൾ ആസ്തി വന്നതിന്റെ വളരെ പ്രധാനപ്പെട്ട ഒരു കാരണം മുല്ല ഒമറിന്റെ ഈ വാണിജ്യ തന്ത്രമായിരുന്നു.

കറുപ്പുപയോഗവും അടിമത്തവും മരണവും

അഫ്ഗാനിസ്ഥാനിൽ കറുപ്പിന്റെ ലഭ്യതയും സമൃദ്ധിയും വളരെ സാധാരണമാണ്. കാബൂളിൽ ഹെറോയിൻ വാങ്ങുന്നത് എന്തെങ്കിലും കഴിക്കാൻ വാങ്ങുന്നതുപോലെ എളുപ്പമാണെന്ന് അവിടെയുള്ളവർ പറയുന്നു. ഒരു ഗ്രാമിന് ആറ് ഡോളർ വിലയുള്ള ഹെറോയിൻ നഗരത്തിലെ മുക്കിലും മൂലയിലും ലഭ്യമാണ്.അഫ്‌ഗാനിലെ കറുപ്പ് കൃഷിയുടെ വർദ്ധനവ് മറ്റു രാജ്യങ്ങളിൽ മയക്കുമരുന്നിന് അടിമകളായവരുടെ എണ്ണം വർദ്ധിക്കുന്നതിലേയ്ക്ക് നയിച്ചു. എന്നാൽ അന്യരാജ്യങ്ങൾ മാത്രമായിരുന്നില്ല ഇതിന്റെ പരിണിത ഫലം അനുഭവിച്ചത്. ഇറാൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലും കറുപ്പ് കൃഷിയുടെ വർദ്ധനവിനോടൊപ്പം തന്നെ ഈ രാജ്യത്തെ ജനങ്ങളുടെ കറുപ്പുപയോഗവും വർധിച്ചു. പാക്കിസ്ഥാനിലും ഇറാനിലുമൊക്കെ നിരവധിയാളുകളാണ് ലഹരിമരുന്നിനു അടിമകളാവുകയും തുടർന്നുള്ള കുറ്റകൃത്യങ്ങളുടെ പേരിൽ ജയിലിൽ കഴിയുകയും ചെയ്യുന്നത്. ഇറാനിലെ ജയിലുള്ളവരുടെ 170 ,000 പേരിൽ 68 ,000 പേരും മയക്കുമരുന്ന് കടത്തിന് ശിക്ഷിക്കപ്പെട്ടവരാണ്. പാക്കിസ്ഥാനിൽ പ്രതിദിനം 700 പേർ മയക്കുമരുന്നിന്റെ ഉപയോഗം മൂലമോ അതേ തുടർന്നുള്ള ആക്രമണങ്ങളിലോ മരണമടയുന്നു. പാക്കിസ്ഥാനിലെ നർക്കോട്ടിക്സ് കണ്ട്രോൾ ഡിവിഷൻ, ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പഠനങ്ങളിൽ 2013 പാക്കിസ്ഥാനിൽ 7. 6 ദശലക്ഷം ആളുകളാണ് മയക്കുമരുന്നിന് അടിമകളായിട്ടുള്ളത്. സുരക്ഷിതമല്ലാത്ത സിറിഞ്ചുപയോഗിച്ച് മയക്കുമരുന്ന് കുത്തിവയ്ക്കുന്നത് മധ്യേഷ്യൻ രാജ്യങ്ങളിൽ HIV / എയ്ഡ്സ്  രോഗങ്ങളുടെ പകർച്ചയ്ക്ക് കാരണമായി. 10 വർഷത്തെ സോവിയറ്റ് – അഫ്ഗാൻ യുദ്ധത്തിലുടനീളമുണ്ടായ മരണത്തെക്കാൾ കൂടുതൽ റഷ്യക്കാർ സമീപ വർഷങ്ങളിൽ അഫ്ഗാൻ മയക്കുമരുന്ന് മൂലം മരിക്കുന്നു. മരണനിരക്ക് മാത്രം കണക്കിലെടുക്കുകയാണെങ്കിൽ അവർ ഇതുവരെ ചെയ്ത തീവ്രവാദ പ്രവർത്തങ്ങളെക്കാൾ വിജയകരമായ ഒരു നിശബ്ദ യുദ്ധതന്ത്രമാണ് ഇത്.

“മയക്കുമരുന്ന് കടത്തുകാർക്ക് വിമതരും താലിബാൻ, അൽ- ക്വയ്ദ തുടങ്ങിയ തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ട്. രാഷ്ട്രീയ അസ്ഥിരത കറുപ്പ് കൃഷി വ്യാപകമാക്കുന്നത്തിനു കാരണമായി. കറുപ്പ് സുരക്ഷയ്ക്കായും ആയുധങ്ങൾക്കും കാലാൾപ്പടക്കാർക്കും പണം നൽകുന്നതിനുള്ള മാർഗ്ഗമായി മാറി. ഇത് കലാപകാരികൾക്കും തീവ്രവാദികൾക്കും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചു. കറുപ്പ് ഇവയെല്ലാം ഒട്ടിച്ചു ചേർത്തുവെച്ചിരിക്കുന്ന പശയാണ്,” ഐക്യരാഷ്ട്ര സഭയുടെ ഡ്രഗ്സ് ആൻഡ് ക്രൈം വകുപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അന്റോണിയോ മരിയ കോസ്റ്റ 2007 – ൽ നടത്തിയ പ്രസ്താവനയാണിത്. ചാവേർ ബോംബർമാർക്ക് ധനസഹായം നൽകുന്നതിനുള്ള പ്രധാന സ്രോതസ്സായി മയക്കുമരുന്ന് വ്യാപാരം മാറിയെന്നു UNODC തുടർന്ന് പറയുന്നു. കറുപ്പ് കൃഷി, മയക്കുമരുന്ന് കടത്ത്, നിഷ്കളങ്കരായ ആളുകളുടെയും കുട്ടികളുടെയും മനഃപ്പൂർവ്വമുള്ള കൊലപാതകം, എന്നിവയെല്ലാം ഇവരുടെ ക്രൂരമായ പ്രവർത്തനങ്ങളാണ്. ഈ തീവ്രവാദികള്‍ പറയുന്നത് അവിശ്വാസികളെ കൊല്ലാൻ ചാവേറുകളായി പോകുന്നവരെ രക്തസാക്ഷികളായാണ് പരിഗണിക്കുക എന്നാണ്.

ആഗോള തീവ്രവാദത്തിന്റെ പ്രോത്സാഹനത്തിനായി മയക്കുമരുന്ന്

രണ്ടു പതിറ്റാണ്ടിലേറെയായി അഫ്ഗാനിസ്ഥാന്റെ വലിയ വരുമാനമാർഗ്ഗമാണ് കറുപ്പ്. പോപ്പികൃഷിയിൽ നിന്നുള്ള ലാഭം രാജ്യത്തിന്റെ ജിഡിപി യുടെ 15 -16 ശതമാനമാണെന്നു ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ ആകെയുള്ള സമ്പത്ത് വ്യവസ്ഥയുടെ പകുതിയോളമാണിതെന്നു അനൗദ്യോഗിക കണക്കുകളും സൂചിപ്പിക്കുന്നു. ഇന്നത്തെ ആഗോള തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ധനസഹായം നൽകുന്നതിനും മയക്കുമരുന്ന് കടത്തിന്റെ പങ്ക് വളരെ വലുതാണെന്ന് യു എൻ തീവ്രവാദ പ്രിവൻഷൻ ഓഫീസർ ഇർക്ക കുലെൻസിക് ഇസ്‌താംബൂളിലെ ഒരു സമ്മേളനത്തിൽ സംസാരിക്കുമ്പോൾ പ്രസ്താവിച്ചിരുന്നു. നിയമ വിരുദ്ധമായുള്ള മയക്കുമരുന്ന് കച്ചവടത്തിൽ തീവ്രവാദ ഗ്രൂപ്പുകൾ വളരെ വ്യാപകമായി പങ്കുചേരുന്നു. ഇത്തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളും ഗാഢബന്ധവും കൂടുതൽ ആശങ്കയുണ്ടാക്കുന്നതുമാണ്. താലിബാന്റെ വരുമാനത്തിന്റെ 30 -40 ശതമാനം വരെ മയക്കുമരുന്നിൽ നിന്നാണെന്നു വിലയിരുത്തപ്പെടുന്നു. 2011 -12 കാലയളവിൽ 400 ദശലക്ഷം ഡോളർ തുകയാണ് പോപ്പി വ്യാപാരത്തിൽ നിന്ന് താലിബാൻ സമാഹരിച്ചതെന്നു യുണൈറ്റഡ് നേഷൻസിന്റെ അൽ-ക്വായ്ദ താലിബാൻ ഉപരോധ നിരീക്ഷണ സംഘത്തിന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

താലിബാന്റെ കറുപ്പ് വ്യാപാരത്തിൽ മുസ്ലീം രാഷ്ട്രമായ പാക്കിസ്ഥാനിലെയും അതുപോലെ തന്നെ അറബ് രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നു ഇതിൽ നിന്നൊക്കെ വ്യക്തമാണ്. അന്തരാഷ്ട്ര ഏജന്റുമാരുടെ ഒരു വലിയ കണ്ണിയും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. 20 വർഷത്തിലേറെയായി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ പ്രധാന ഹെറോയിൻ ശുദ്ധീകരണ- കടത്തൽ കേന്ദ്രമായി നിലകൊള്ളുകയാണ്. ഇന്ന് ഈ പ്രദേശങ്ങളിൽ സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സുസംഘടിതമായ സലഫി തീവ്രവാദ ഗ്രൂപ്പുകളും നിലവിലുണ്ട്.

കറുപ്പിന്റെ വ്യാപാര വഴികൾ

അഫ്ഗാനിസ്ഥാനിൽ നിന്ന് പാക്കിസ്ഥാനിലേക്കെത്തുന്ന മയക്കുമരുന്ന് തോർഖം അതിർത്തി കടന്നു ഗുലാം ഖാൻ, കറാച്ചി എന്നിവിടങ്ങളിലൂടെ പുറം രാജ്യത്തേയ്ക്കു ഒഴുകുന്നു. ബലൂചിസ്ഥാൻ പ്രവിശ്യയുടെ 60 -ലധികം വഴികളാണ് മയക്കുമരുന്നു കടത്തിനായി ഉപയോഗിക്കുന്നത്. ഇതുവഴിയാണ് ഇറാനിലേയ്ക്കും തുർക്കിയിലേയ്ക്കും യൂറോപ്പിലേക്കും മയക്കുമരുന്നു എത്തുന്നത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ചമൻ, നോഷ്‌കി, ജീവനി തുടങ്ങിയ പ്രദേശങ്ങളിലൂടെയും കടൽമാർഗ്ഗവും യു എ ഇ, സൗദി അറേബ്യ, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്കും കറുപ്പ് കടത്തുന്നു. കടത്തു വഴികളിലുള്ള തീവ്രവാദ ഗ്രൂപ്പുകളാണ് കറുപ്പ് വ്യാപാരത്തിൽ നിന്ന് വരുമാനമുണ്ടാക്കി പുഷ്ടിപ്പെടുന്നത്. തുർക്കി റൺ അതിർത്തിയിൽ നിന്ന് പടിഞ്ഞാറൻ, മധ്യ യൂറോപ്പിലേക്ക് ഹെറോയിൻ കടത്തുന്നത് വഴി കുർദ്ദിസ്ഥാൻ വർക്കേഴ്സ് പാർട്ടി പ്രതിവർഷം 200 ദശലക്ഷം ഡോളർ ലാഭമുണ്ടാക്കുന്നു എന്നാണ് തുർക്കിയിലെ നിയമപാലകർ പറയുന്നത്.

മയക്കുമരുന്ന് കടത്തുവാനുള്ള വഴികളിലെ വൈവിധ്യം, കടത്തുകാരുടെ സങ്കീർണ്ണമായ രീതികൾ, തീവ്രവാദ ഗ്രൂപ്പുകളുടെ സംരക്ഷണം എന്നിവയൊക്കെ നാർകോ ജിഹാദിന്റെ ശക്തി തെളിയിക്കുന്ന വിവിധ അളവുകോലുകളാണ്.

‘നാർക്കോ ജിഹാദ്’ എന്ന ആശയം

‘നാർക്കോ-ജിഹാദ്’ എന്ന ആശയം നിയമ വിരുദ്ധമായ മയക്കുമരുന്ന് കച്ചവടത്തിന്റെ വരുമാനത്താൽ പരിപോഷിപ്പിക്കപ്പെടുന്ന മതത്തിന്റെ പേരിലുള്ള ആക്രമണപ്രവർത്തനങ്ങളിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. താലിബാനും മയക്കുമരുന്ന് കടത്തുകാരും അവരുടെ പ്രവർത്തനങ്ങൾക്ക് ന്യായമായ അടിസ്ഥാനങ്ങൾ നൽകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനായി അവർ അവരുടെ മത തത്വങ്ങളെയും സംഹിതകളെയും വളച്ചൊടിച്ചുകൊണ്ടിരിക്കുന്നു. അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്ന് വ്യാപാരം പ്രാദേശികവും ആഗോളവുമായ സുരക്ഷാതലങ്ങളിൽ പ്രകടമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. അയൽ രാജ്യങ്ങളിലെ പൗരൻമാർക്കിടയിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് അടിമത്തം, യുദ്ധങ്ങൾ, ഭീകരവാദം, കലാപങ്ങൾ എന്നിവയൊക്കെ ഇതിന്റെ പ്രതിഫലനങ്ങളാണ്. ഇത്തരം തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളുമായി കൈകോർക്കുന്ന മയക്കുമരുന്ന് വ്യാപാരവും കൈമാറ്റവും ലോകത്തിനു തന്നെ ഭീഷണിയാകുമെന്നതിൽ സംശയമില്ല. ഇത്തരത്തിലുള്ള കറുപ്പ് കച്ചവടത്തെ പിന്തുണയ്ക്കുന്ന എല്ലാ തീവ്രവാദ ഗ്രൂപ്പുകളെയും ഉന്മൂലനം ചെയ്യുവാനും അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളും ആവശ്യമായ നടപടികൾ സ്വീകരിക്കണം. ആത്യന്തികമായി അവിശുദ്ധമായ മാർഗ്ഗങ്ങളിലൂടെ തങ്ങളുടെ നശീകരണലക്ഷ്യത്തിനായി പോരാടുന്നതിന്, വിശ്വാസത്തെ ദുരുപയോഗം ചെയ്യുന്ന മതതീവ്രവാദ സംഘടനകളുടെ കപടന്യായ വാദം ലോകജനതയുടെ മുൻപിൽ തുറന്നു കാട്ടേണ്ടതുണ്ട്. പതിറ്റാണ്ടുകളായി ഇവർ നടത്തിക്കൊണ്ടിരിക്കുന്ന നിരപരാധികളുടെ കൊലപാതകങ്ങൾ, യുദ്ധങ്ങൾ, രക്തചൊരിച്ചിലുകൾ എന്നിവയോടൊപ്പം മയക്കുമരുന്നിലൂടെ നടത്തുന്ന അനേകായിരം നിശബ്ദ കൊലപാതകമെന്ന കുതന്ത്രവും നാം മനസ്സിലാക്കിയിരിക്കണം.

(കടപ്പാട്: ‘Narco-Jihad’ – Haram money for a Halal cause?, https://www.efsas.org/publications/study-papers/%E2%80%98narco-jihad%E2%80%99-%E2%80%93-haram-money-for-a-halal-cause/)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.