പെണ്‍കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന, വിശുദ്ധരുടെ അതിമനോഹരമായ പേരുകള്‍

നാം ആദരവോടെ കാണുകയും മാദ്ധ്യസ്ഥ്യം യാചിക്കുകയും ചെയ്യുന്ന വിശുദ്ധരുടെ പേരുകള്‍ തന്നെ നമ്മുടെ കുട്ടികള്‍ക്ക് നല്‍കുന്നത് എത്ര മനോഹരമായ കാര്യമാണ്. പെണ്‍കുട്ടികളുടെ കാര്യത്തിലാണെങ്കില്‍ മരിയ, തെരേസ, എലിസബത്ത്, ബര്‍ണഡിറ്റ് തുടങ്ങിയ പേരുകളില്‍ ഒരാളെങ്കിലും ഇല്ലാത്ത ക്രൈസ്തവ കുടുംബങ്ങളില്ലെന്നു തന്നെ പറയാം. എന്നാല്‍ അടുത്തകാലത്ത് വിശുദ്ധരായവരുടെ, ആധുനിക കാലഘട്ടത്തിലെ വിശുദ്ധരുടെ പേരുകള്‍ അധികമാരും ഇപ്പോഴും കുഞ്ഞുങ്ങള്‍ക്ക് കൊടുത്തു കാണുന്നില്ല.

ദൈവദാസരും വാഴ്ത്തപ്പെട്ടവരും വിശുദ്ധരുമൊക്കെയായ പുതിയകാല പുണ്യാത്മാക്കളുടെ പേരുകളും അറിഞ്ഞ്, അത് മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും നല്‍കി, അവരെ ആ പുണ്യാത്മാക്കളുടെ സംരക്ഷണത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കാവുന്ന ഏതാനും ചില പേരുകള്‍ ഇതാ….

1. ഫൗസ്റ്റീന

ദൈവകരുണയുടെ വിശുദ്ധ എന്നറിയപ്പെടുന്ന വി. മരിയ ഫൗസ്റ്റീനയുടെ പേര് പെണ്‍കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്. അനേകം സ്വര്‍ഗീയ വെളിപാടുകള്‍ ലഭിച്ചിരുന്ന വിശുദ്ധയോട് ചേര്‍ന്ന് ജീവിതം നയിക്കാന്‍ അതുവഴി അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.

2. ഡൊറോത്തി

അബോര്‍ഷന്‍ പോലുള്ള സാമൂഹികതിന്മകള്‍ക്കെതിരെ പോരാട്ടം നടത്തുന്നതിനായി രൂപം കൊടുത്ത കാത്തലിക് വര്‍ക്കര്‍ മൂവ്‌മെന്റിന്റെ സഹസ്ഥാപകയായ ഡൊറോത്തി, നിലവില്‍ ദൈവദാസിയായി ഉയര്‍ത്തപ്പെട്ട പുണ്യാത്മാവാണ്. പെണ്‍കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന മറ്റൊരു മനോഹര നാമമാണ് ഇത്.

3. സെലി (Zelie)

വി. കൊച്ചുത്രേസ്യയുടെ അമ്മയായ വി. സെലി മാര്‍ട്ടിന്റെ പേരാണ് ഇവിടെ ഉദ്ദേശിച്ചത്. ഒരു വിശുദ്ധ കുടുംബത്തിലെ നായികയായിരുന്ന വ്യക്തിയുടെ പേര് പെണ്‍കുട്ടിയ്ക്ക് നല്‍കിയാല്‍ എത്ര അനുഗ്രഹപ്രദമായിരിക്കും.

4. ഈഡിത്ത്

ആവിലായിലെ വി. തെരേസയുടെ രചനകളില്‍ ആകൃഷ്ടയായി കര്‍മ്മലീത്താ സഭയില്‍ ചേര്‍ന്ന് പുണ്യജീവിതം നയിച്ച വിശുദ്ധയാണ് ഈഡിത്ത്. എഴുത്തുകാരിയും ബുദ്ധിശാലിയുമായിരുന്ന വിശുദ്ധ സ്ത്രീകളെക്കുറിച്ച് എഴുതിയ അനേകം ലേഖനങ്ങള്‍ അതിപ്രശസ്തമാണ്.

5. കോര്‍ണീലിയ

വിവാഹശേഷം പ്രത്യേക സാഹചര്യങ്ങളാല്‍ സന്യാസം സ്വീകരിച്ച വിശുദ്ധയാണ് കോര്‍ണീലിയ അഗസ്റ്റ കോണെല്ലി. ഹോളി ചൈല്‍ഡ് ജീസസ് എന്ന പേരില്‍ അവര്‍ സന്യാസ സഭ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പലവിധ സഹനങ്ങള്‍ ഏറ്റെടുത്ത് ജീവിച്ച ഈ വിശുദ്ധയുടെ പേരും പെണ്‍കുട്ടികള്‍ക്ക് അനുയോജ്യം തന്നെ.

അതുപോലെ തന്നെ, പെണ്‍കുട്ടികള്‍ക്കിടാവുന്ന മറ്റുചില പേരുകളാണ് യെമ്മ (വി. യെമ്മ ഗാല്‍ഗാനി), മരിയന്‍ (വി. മരിയന്‍ കോപ്), കാതെറി( വി. കാതറി റ്റേകാക്വിത), ചിയാര (വാ. ചിയാര ലൂക്കാ ബദാനോ), കോറ (ദൈവദാസി കോറ ഇവാന്‍സ്) തുടങ്ങിയവ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.