മ്യാന്‍മര്‍ ബിഷപ്പും ഫ്രാന്‍സിസ് പാപ്പായും കൂടിക്കാഴ്ച നടത്തി 

മ്യാന്‍മര്‍ ബിഷപ്പും ഫ്രാന്‍സിസ് പാപ്പായും തമ്മില്‍ കൂടിക്കാഴ്ച നടത്തി. മേയ് എട്ടാം തിയതി വത്തിക്കാനിലെത്തിയ കര്‍ദ്ദിനാള്‍ ചാള്‍സ് മൗങ് ബോ ഫ്രാന്‍സിസ് പാപ്പായുമായി നിരവധി കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. 90 മിനിറ്റ് നീണ്ട ചര്‍ച്ചയില്‍ ഇരു നേതാക്കളും റോഹിങ്ക്യന്‍ പ്രതിസന്ധി, വിവാദപരമായ ചൈനീസ് ഉടമ്പടി, പുനരുദ്ധാരണ പരിപാടി, അക്കാര്യത്തില്‍ സഭയുടെ പങ്ക്, രാഖൈന്‍ സംസ്ഥാനത്തെ പ്രതിസന്ധികള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

“രാജ്യത്ത് കാര്യങ്ങള്‍ മാറിയിട്ടുണ്ട്, ഞങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ട്, എന്നാല്‍ ഞങ്ങളുടെ രാജ്യം ദുര്‍ബലമാണ്.” കര്‍ദിനാള്‍ ബോ പറഞ്ഞു. “പാപ്പായുടെ സന്ദര്‍ശനം രാജ്യത്തു വലിയ മാറ്റമാണുണ്ടാക്കിയത്. പ്രത്യേകിച്ച്, ജനറല്‍ മിന്‍ ആംഗ് ഹിലാങുമായി കൂടിക്കാഴ്ച നടത്തിയത് സഭയെ കൂടുതല്‍ അംഗീകരിക്കാന്‍ സഹായിച്ചു. ഇപ്പോള്‍ ബിഷപ്പുമാര്‍ക്കു മേലുദ്യോഗസ്ഥന്മാരുമായി കൂടുതല്‍ എളുപ്പത്തില്‍ കൂടിക്കാഴ്ച നടത്താം” കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.

പാപ്പയുടെ മ്യാന്‍മര്‍ സന്ദര്‍ശനം സഭയെ കൂടുതല്‍ ശക്തിപ്പെടുത്തി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ ഇരുവരും പാപ്പായുടെ സന്ദര്‍ശനത്തിന് ശേഷം ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും സംസാരിച്ചു. മ്യാന്‍മറിലെ സഭ, അനുരഞ്ജനവും സമാധാനവും വളര്‍ത്തിയെടുക്കുന്നതിന് മുന്‍കൈ എടുക്കുമെന്നും വിശ്വാസവും, പ്രത്യാശയും, സമാധാനവും, അനുരഞ്ജനവുമുളള രാഷ്ട്രത്തെ കെട്ടിപ്പടുക്കുക എന്നതാണ് നമുക്ക് കൈമാറാന്‍ കഴിയുന്ന ഏറ്റവും മികച്ച സന്ദേശമെന്നും ചര്‍ച്ചയ്ക്കു ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.