മ്യാന്മറിൽ സൈന്യം തടഞ്ഞുവച്ചിരിക്കുന്ന പുരോഹിതന്റെ മോചനം ആവശ്യപ്പെട്ട് മ്യാന്മറിലെ വിശ്വാസ സമൂഹം

ബാൻമൗ രൂപതയിലെ പുരോഹിതന്‍ ഫാ. കോളുംബാൻ ലാബാങ് ലാർ ഡിയെ സൈനികർ തടവിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മ്യാന്മറിലെ വിശ്വാസ സമൂഹവും സഭാനേതൃത്വവും.

ഇടവകയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ബാൻമൗവിൽ നിന്ന് മിറ്റ്കിനയിലേക്ക് മെയ് 14-നു പുറപ്പെട്ട അദ്ദേഹത്തെ, പോകുന്ന വഴിയിൽ സൈനികർ തടഞ്ഞുവയ്ക്കുകയും അദ്ദേഹത്തിന്റെ ഐഡന്റിറ്റി കാർഡും മൊബൈൽ ഫോണുമടക്കം പരിശോധിക്കുകയും ഇടവകയിലെ അഭയാർത്ഥി ക്യാംപിലെ ഫോട്ടോകൾ ഫോണിൽ കണ്ടതോടെ കൂടുതൽ വിവരങ്ങൾ ആരായുകയും പിന്നീട് തടങ്കലിലാക്കുകയുമാണ് ഉണ്ടായത്. അജപാലനപരമായ കാര്യങ്ങൾക്കു വേണ്ടിയാണ് യാത്രയെന്നു പറഞ്ഞെങ്കിലും സൈനികർ അദ്ദേഹത്തെ തടവിലാക്കുകയായിരുന്നു.

മ്യാന്മറിന്റെ ഭരണാധികാരി ഓങ് സാൻ സൂചിയിൽ നിന്ന് സൈനികർ ഭരണം അട്ടിമറിക്കുകയും ഫെബ്രുവരി ഒന്നു മുതൽ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിൽ വലിയ ഏറ്റുമുട്ടല്‍ നടക്കുകയുമാണ്. ഏകദേശം 790 ആളുകൾ മരണമടയുകയും 5,000 ത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. മ്യാന്മറിൽ സമാധാനം പുലരുന്നതിനായി വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ പ്രത്യേക പ്രാർത്ഥനകൾ നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.