മ്യാന്മർ ബോംബാക്രമണം: പള്ളി തകർന്ന് നാലോളം പേർ കൊല്ലപ്പെട്ടു

മെയ് 23 ഞായറാഴ്ച രാത്രി, മ്യാന്മർ സൈന്യം കയാൻ തരിയാർ ഗ്രാമത്തില്‍ നടത്തിയ ബോംബാക്രമണത്തിൽ ഒരു കത്തോലിക്കാ പള്ളി തകർന്നു; നാലോളം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

കയാ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ലോകാവിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ മോർട്ടാർ ഷെല്ലുകൾ പതിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണങ്ങളിൽ നിന്നും രക്ഷപെടാനാണ് ആളുകൾ പള്ളിയിൽ അഭയം തേടിയിരുന്നത്. ലോകാവിൽ നിന്ന് പത്ത് മൈൽ അകലെയുള്ള പെഖോണിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിനും ബോംബാക്രമണത്തില്‍ കേടുപാടുകൾ സംഭവിച്ചു. മറ്റ് പല കെട്ടിടങ്ങളും ആക്രമണത്തിൽ നാമാവശേഷമായിട്ടുണ്ട്.

സിവിലിയന്മാർക്കും പള്ളികൾക്കുമെതിരായ ആക്രമണം സൈന്യം ഉടൻ അവസാനിപ്പിക്കണമെന്ന് പ്രദേശത്തെ ജെസ്യുട്ട് വൈദികർ ആവശ്യപ്പെട്ടു. 75 % നിവാസികളും വംശീയ ന്യൂനപക്ഷങ്ങളായ കയാ സംസ്ഥാനമാണ് മ്യാന്മറിലെ ക്രിസ്ത്യാനികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.