എന്റെ കുമ്പസാരവിചാരങ്ങള്‍

ഫാ. നോബിൾ തോമസ് പാറക്കൽ

20 വര്‍ഷത്തിലേറെയായി ഇടയില്‍ വലിയ കാലദൈര്‍ഘ്യമില്ലാതെ കുമ്പസാരിക്കുന്ന ഒരു യുവാവാണ് ഞാന്‍ (ഇപ്പോള്‍ വൈദികനാണ് – കുമ്പസാരിപ്പിക്കാറുമുണ്ട്). എന്റെ ജീവിതത്തില്‍ പലതവണ സ്വന്തം സുഹൃത്തുക്കളായ വൈദികരുടെ അടുക്കല്‍ ഞാന്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞു കുമ്പസാരിച്ചിട്ടുണ്ട്. എന്നെ നല്ലതുപോലെ പരിചയമുള്ളവരും അടുത്തറിയാവുന്നതുമായ നിരവധി വൈദികരുടെ അടുക്കലും അവധിക്കാലങ്ങളില്‍ എന്‍റെ ഇടവകവൈദികന്റെ അടുത്തും കുമ്പസാരിച്ചിട്ടുണ്ട്. ളോഹയിട്ടുകൊണ്ടു തന്നെ എന്റെ ഇടവകപ്പള്ളിയില്‍ വികാരിയച്ചന്റെയടുത്ത് ഞാന്‍ കുമ്പസാരിച്ചതു മറ്റൊരാളെക്കൂടി കുമ്പസാരിക്കാന്‍ പ്രേരിപ്പിച്ചത് എന്റെ ജീവിതാനുഭവമാണ് (പെസഹാക്കാലത്തു മാത്രം കുമ്പസാരിച്ചിരുന്ന ആ ചേട്ടന്‍ പിന്നീട് എന്നോട് പറഞ്ഞതാണിത്).

അവരോടൊക്കെ ഞാന്‍ ഏറ്റുപറഞ്ഞത് എന്റെ ജീവിതത്തിലെ വിജയങ്ങളെയും നേട്ടങ്ങളെയും കുറിച്ചല്ല. വെട്ടിപ്പിടിച്ചതിന്റെ നാള്‍വഴി വിവരിക്കാന്‍ പോകുന്ന ഗര്‍വ്വോടെയല്ല അവിടെയൊന്നും മുട്ടുകുത്തിയതും. ആത്മീയവും ധാര്‍മ്മികവുമായ ഒരു ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ പരാജയപ്പെട്ടതിന്‍റെയും പതറിപ്പോയതിന്‍റെയും ഉള്‍വേവോടുകൂടിയായിരുന്നു. സുഹൃത്തുക്കളും സഹപാഠികളും ഗുരുഭൂതരും ആത്മീയപിതാക്കന്മാരുമൊക്കെയായിരുന്ന ആ പുരോഹിതരാരും ഒരിക്കലും എന്‍റെ കുമ്പസാരത്തെ ഓര്‍മ്മിപ്പിക്കുംവിധം എന്നോട് പെരുമാറിയിട്ടില്ല. ഓരോ കുമ്പസാരത്തിനും ശേഷം അതേ വൈദികരോട് കളിതമാശ പറഞ്ഞ് കൂട്ടുകൂടി മുന്പോട്ടു പോകുന്പോഴും, ഇവരെന്‍റെ ജീവിതപരാജയങ്ങള്‍ അറിഞ്ഞവരും കേട്ടവരുമാണല്ലോയെന്ന ചിന്ത തമാശക്കുപോലും എന്നെ അലട്ടിയിട്ടുമില്ല. ആരുടെയും നോക്കിലും വാക്കിലും എന്‍റെ ഏറ്റുപറച്ചിലുകളുടെ ആവര്‍ത്തനങ്ങള്‍ ഒരിക്കലും ഉണ്ടായിട്ടില്ല.

ഇന്നും അതേ ആത്മവിശ്വാസത്തോടെ തന്നെ പരിചയക്കാരനായ ഒരു വൈദികന്‍റെ പക്കല്‍ കുമ്പസാരിച്ചിട്ടാണ് ഞാനീ കുറിപ്പെഴുതുന്നത്. പരിശുദ്ധ സഭയുടെ അതിവിശുദ്ധമായ ഈ കൂദാശ പന്നികള്‍ക്കു മുന്പില്‍ വിതറിയ മുത്തിനുസമാനം ചവിട്ടിമെതിക്കപ്പെടുന്നതു കാണുന്പോഴും ഹൃദയഭാരങ്ങളിറക്കിവച്ച ആ കുമ്പസാരക്കൂട് തന്ന സമാശ്വാസം ഇപ്പോള്‍ എന്നെ ശാന്തനാക്കുന്നുണ്ട്. കുമ്പസാരം നിരോധിക്കണമെന്നു പറഞ്ഞ ദേശീയ വനിതാകമ്മീഷന്‍റെ അദ്ധ്യക്ഷക്ക് കുമ്പസാരം എന്താണെന്ന് അറിവുണ്ടായിരിക്കുകയില്ല. അവരോട് ക്ഷമിക്കാം. പക്ഷേ, ക്രൈസ്തവമായ പ്രതികരണങ്ങള്‍ ഉണ്ടാകണം. അത് കുമ്പസാരം കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുമെന്ന് പേടിച്ചിട്ടല്ല, മറിച്ച് ഭരണഘടന തരുന്ന മതസ്വാതന്ത്ര്യം ആരുടെയും അഭിപ്രായപ്രകടനങ്ങള്‍ കൊണ്ടുപോലും ഹനിക്കപ്പെടാതിരിക്കാന്‍ വേണ്ടി.

മുന്പൊരിക്കല്‍ കുറിച്ചത് വീണ്ടും ആവര്‍ത്തിക്കുകയാണ്, കുമ്പസാരം വിശ്വാസിയുടെ സ്വകാര്യ അഹങ്കാരമാണ്. അനുഭവിക്കുന്നവന് മാത്രം ആസ്വാദ്യമായിത്തീരുന്ന സ്വര്‍ഗ്ഗീയവിരുന്നാണത്. അനേകകാലത്തേക്ക് വേണ്ട ഊര്‍ജ്ജത്തെ സ്വരുക്കൂട്ടാന്‍ സ്വര്‍ഗ്ഗമനുവദിക്കുന്ന ഇറ്റുനിമിഷങ്ങളാണവ. ക്ഷണിക്കപ്പെട്ടിട്ടും വിരുന്നിനു വരാത്തവരും അയോഗ്യതകൊണ്ട് പുറത്താക്കപ്പെട്ടവരും ഉഴവുചാലിനു മദ്ധ്യേ കലപ്പയുപേക്ഷിച്ചവരും സഭയുടെ വക്താക്കളും വിശ്വാസത്തിന്‍റെ വ്യാഖ്യാതാക്കളുമാകുന്ന ഈ കാലഘട്ടത്തില്‍ വിശ്വാസം തെറ്റിദ്ധരിക്കപ്പെടുന്നതില്‍ ആരെയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല.

ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലും വിശ്വാസം ജീവിക്കുന്നവര്‍ നിശബ്ദരാവുകയും വിശ്വാസത്തെ എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ ശബ്ദമുയര്‍ത്തുകയും ചെയ്യുന്പോള്‍ പൊതുസമൂഹത്തിനുമുന്പില്‍ അസത്യങ്ങളും അയഥാര്‍ത്ഥ്യങ്ങളും സത്യവും യാഥാര്‍ത്ഥ്യവുമായി ആവിഷ്കരിക്കപ്പെടും, സ്ഥാപിക്കപ്പെടും. വിശ്വാസജീവിതത്തിന്‍റെ ഈ വെല്ലുവിളി തിരിച്ചറിഞ്ഞുകൊണ്ട് മൗനവും നിസംഗതയും വെടിയാന്‍ ആരെങ്കിലുമൊക്കെ തയ്യാറായിരുന്നെങ്കില്‍, എന്ന് കൊതിച്ചുപോകുന്നു.

നോബിൾ തോമസ് പാറക്കൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.