ഇന്‍ഡ്യന്‍ ഫോറസ്റ്റ് ആക്ട് 2019 കരട് നിയമം പരിഷ്‌കരിക്കണം – കത്തോലിക്ക കോണ്‍ഗ്രസ്

പാലക്കാട്: വനം സംരക്ഷിക്കാനെന്ന പേരില്‍, രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ പട്ടാളക്കാരെ നിയോഗിക്കുന്നതുപോലെ, പ്രത്യേക അധികാരങ്ങളും നിയമപരിരക്ഷയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്കുന്ന, ഇന്‍ഡ്യന്‍ ഫോറസ്റ്റ് ആക്ട് 2019 കരട് നിയമം പരിഷ്‌കരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാസമിതി, കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഒരു വ്യക്തി, വന നിയമപ്രകാരം ഒരു വര്‍ഷമോ അതിലധിമോ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തിട്ടുണ്ടെന്ന് ഏതെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥന് ബോധ്യമുണ്ടെങ്കില്‍ ഒരു മജിസ്‌ട്രേറ്റിന്റെ, വാറണ്ടോ ഉത്തരവോ കൂടാതെ തന്നെ ആ വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ പുതിയ കരട് നിയമം ഉദ്യോഗസ്ഥന് അധികാരം നല്കുന്നു. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം ഒരു വ്യക്തി ഏതെങ്കിലും കുറ്റം ചെയ്താല്‍, പ്രതി കുറ്റവാളിയാണെന്ന് സംശയാതീതമായി കോടതിയില്‍ തെളിയിക്കപ്പെടുന്നതുവരെ ആ വ്യക്തി നിയമത്തിനു മുമ്പില്‍ നിരപരാധിയാണ്. എന്നാല്‍, താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതിക്ക് തെളിയിക്കാന്‍ കഴിയുന്നതുന്നതുവരെ അദ്ദേഹത്തെ കുറ്റവാളിയായി മുദ്രകുത്തുന്ന സ്ഥിതിവിശേഷം ഇന്‍ഡ്യന്‍ ഫോറസ്റ്റ് ആക്ട് 2019 കരട് നിയമപ്രകാരം സംജാതമാകാന്‍ പോവുകയാണ്.

കൂടാതെ, ഏതെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഇത്തരം നടപടി ക്രമങ്ങളില്‍ അധികാര ദുര്‍വിനിയോഗം നടത്തിയാല്‍, ഇന്‍ഡ്യന്‍ ഫോറസ്റ്റ് ആക്ട് 2019 കരട് നിയമ പ്രകാരം സര്‍ക്കാര്‍ രൂപീകരിക്കുന്ന അതോറിറ്റിയുടെ പ്രാഥമിക അന്വേഷണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കൃത്യവിലോപം നടത്തി എന്ന് ബോധ്യപ്പെട്ടെങ്കില്‍ മാത്രമേ സംസ്ഥാന സര്‍ക്കാരുകള്‍ക്കു പോലും പ്രസ്തുത ഉദ്യോഗസ്ഥനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ അനുമതി നല്കാന്‍ കഴിയുകയുള്ളൂ.

ജനങ്ങള്‍ക്ക് ഭക്ഷണത്തിനാവശ്യമായ വിഭവങ്ങള്‍ ഉല്പാദിപ്പിക്കുകയും പ്രകൃതിയോട് ഇണങ്ങിക്കഴിയുകയും പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യുന്ന കര്‍ഷകരെ മറന്നുകൊണ്ടുള്ള ഈ നിയമഭേദഗതി കര്‍ഷകവിരുദ്ധമാണ്. പാലക്കാട് ജില്ലയില്‍, ഈ അടുത്തകാലത്ത് നിരവധി പേര്‍ക്ക് വന്യജീവി ആക്രമണം മൂലം ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. മലയോര മേഖലകളിലെ വന്യമൃഗശല്യം തടയുവാന്‍ വേണ്ടി നിലവില്‍ ഉപയോഗപ്പെടുത്തുന്ന വൈദ്യുതിവേലികളും ട്രഞ്ചുകളും കേടുപോക്കി പരിപാലിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥ മേധാവിത്വത്തിലേയ്ക്ക് നയിക്കുന്ന ഇത്തരം ഒരു നിയമം കൊണ്ടുവരുന്നത് തികച്ചും അപലപനീയമാണ്.

ഈ കരട് നിയമം രാജ്യത്തെ ജനങ്ങളെ മറന്നുകൊണ്ട് ഉദ്യോഗസ്ഥ പ്രഭുത്വത്തിനും ഉദ്യോഗസ്ഥ മേധാവിത്വത്തിനും ഇടയാക്കുന്ന നിയമപരിഷ്‌കാരമാണ്. പുതിയ കരട് നിയമം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്, തോക്കും മറ്റ് ആയുധങ്ങളും ഉപയോഗിക്കുന്നതിന് കൂടുതല്‍ അധികാരവും നിയമസംരക്ഷണവും നല്കുന്നത് കര്‍ഷകരില്‍ ആശങ്ക ജനിപ്പിക്കുന്നുവെന്നും യോഗം വിലയിരുത്തി.

ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെയും വന നിയമത്തിന്റെ ദുരുപയോഗത്തിന്റെയും നീരാളിപ്പിടുത്തത്തില്‍ നിന്നും ചെറുകിട കര്‍ഷകരെ രക്ഷിക്കാനുതകുന്ന വിധത്തില്‍ നിയമം പരിഷ്‌കരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കൃഷിഭൂമിയില്‍ അതിക്രമിച്ചു കടക്കുന്ന വന്യമൃഗങ്ങളെ തുരത്താനുള്ള കര്‍ഷകന്റെ അവകാശം അംഗീകരിക്കപ്പെടണം. ഇപ്രകാരം ചെയ്യുമ്പോള്‍, കര്‍ഷകനെതിരെ വൈരാഗ്യബുദ്ധിയോടെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. കര്‍ഷകരുടെ ജീവനും നിലനില്‍പ്പിനും ഉതകുന്നവിധം വനംവകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി നടപ്പിലാക്കണമെന്നും മണ്ണില്‍ പണിയെടുത്ത് മാന്യമായി ജീവിക്കാനുള്ള കര്‍ഷകന്റെ അവകാശത്തെ തടസ്സപ്പെടുത്തുന്ന ഒരു നടപടിയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും വനംവകുപ്പില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭിക്കേണ്ട എന്‍.ഒ.സി. പോലുള്ള രേഖകള്‍ മനഃപൂര്‍വ്വം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാസമിതി ആവശ്യപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ഡയറക്ടര്‍ റവ. ഫാ. ജിയോ കടവി യോഗം ഉദ്ഘാടനം ചെയ്തു. പാലക്കാട് രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍ സ്വാഗതവും വൈസ് പ്രസിഡന്റെ് ഷേര്‍ളി റാവു നന്ദിയും പറഞ്ഞു.

രൂപത ട്രഷറര്‍ മാത്യു കല്ലടിക്കോട്, ഗ്ലോബല്‍ സെക്രട്ടറി മോഹന്‍ ഐസക്, ഗ്ലോബല്‍ മീഡിയാ സമിതി കോ-ഓര്‍ഡിനേറ്റര്‍ ബെന്നി ആന്റെണി, രൂപത വൈസ് പ്രസിഡന്റെുമാരായ ജോസ് മുക്കട, സ്വപ്ന ജെയിംസ്, സെക്രട്ടറിമാരായ അഡ്വ. റെജിമോന്‍ ജോസഫ്, അഡ്വ. ബോബി പൂവ്വത്തിങ്കല്‍, ജോസ് വടക്കേക്കര എന്നിവര്‍ പ്രസംഗിച്ചു.