നൈജീരിയയിൽ കൊലപാതകങ്ങളും തട്ടിക്കൊണ്ടു പോകലുകളും തുടർക്കഥയാകുന്നു; പ്രാർത്ഥനയോടെ പാപ്പാ

വടക്കൻ നൈജീരിയയിൽ കൊലപാതകങ്ങളും തട്ടിക്കൊണ്ടു പോകലുകളും തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ ആക്രമണങ്ങളെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ. എല്ലാ നൈജീരിയൻ പൗരന്മാർക്കും സുരക്ഷ ഉറപ്പ് നൽകാൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയോട് പാപ്പാ ആവശ്യപ്പെട്ടു. വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കടുനയിലെ ഗ്രാമങ്ങളിൽ നടന്ന ആക്രമണത്തിൽ ഞായറാഴ്ച 34 പേരാണ് കൊല്ലപ്പെട്ടത്.

“മരിച്ചുപോയവർക്കും പരിക്കേറ്റവർക്കും മുഴുവൻ നൈജീരിയൻ ജനതക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. കടുനയിൽ മാത്രമല്ല, രാജ്യമെമ്പാടും ഇത്തരം കൂട്ടക്കൊലകൾ നടക്കുന്നുണ്ട്” – പാപ്പാ പറഞ്ഞു. കൂട്ടത്തോടെ തട്ടിക്കൊണ്ടു പോയതിനെ തുടർന്ന് ഒരു ദശലക്ഷം നൈജീരിയൻ കുട്ടികൾക്ക് സ്കൂളിൽ പോകാൻ സാധിക്കാതെ വന്നിട്ടുണ്ടെന്ന് യൂണിസെഫ് വെളിപ്പെടുത്തി.

“വടക്കൻ നൈജീരിയയിലെ ഗ്രാമങ്ങൾക്കെതിരെ കഴിഞ്ഞ ഞായറാഴ്ച നടന്ന സായുധ ആക്രമണവാർത്ത ഞാൻ വേദനയോടെയാണ് ശ്രവിച്ചത്. രാജ്യം എല്ലാ പൗരന്മാരുടെയും സുരക്ഷ എപ്പോഴും ഉറപ്പു നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” – പാപ്പാ വെളിപ്പെടുത്തി. മോചനദ്രവ്യം ലഭിക്കുന്നതിനായി തട്ടിക്കൊണ്ടു പോകലും ബോക്കോ ഹറാം ഭീകരസംഘടനയുടെ തുടർച്ചയായ ആക്രമണങ്ങളും വർദ്ധിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ രൂക്ഷമായ അരക്ഷിതാവസ്ഥ നേരിടുകയാണ്. ചൊവ്വാഴ്ച രാജ്യത്തെ അംബ്ര സംസ്ഥാനത്ത് ഒരു പ്രമുഖ നൈജീരിയൻ ഡോക്ടർ കൊല ചെയ്യപ്പെടുകയുമുണ്ടായി.

കഡുന സംസ്ഥാനത്തെ സുരക്ഷാമേധാവി സാമുവൽ അരുവാന്റെ പ്രസ്താവന പ്രകാരം, “കൗറ ജില്ലയിലെ മദമൈ ഗ്രാമത്തിൽ ഞായറാഴ്ച നടന്ന ആക്രമണം നടത്തിയത് അജ്ഞാതരായ തോക്കുധാരികളാണ്. സൈനികരെ സംഭവസ്ഥലത്തേക്ക് അയച്ചു. അവർ അക്രമികൾക്കെതിരെ വെടിവയ്പ്പ് നടത്തി. അതിനു പ്രതികാരമായി തീവ്രവാദികൾ നടത്തിയ രണ്ടാമത്തെ ആക്രമണമാണ് കസെസെരെ ഗ്രാമത്തിൽ പിന്നീട് നടന്നത്. അവിടെ എട്ട് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾ തകർക്കുകയും ചെയ്തു.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.