ദൈവനിഷേധത്തിൽ നിന്ന് ദൈവവിശ്വാസത്തിലേയ്ക്ക് കടന്നുവന്ന കോടീശ്വരൻ

    മിഖായേൽ  യിംസിന്റയ്‌റേ. ജീവിതത്തിൽ പരാജയം അറിഞ്ഞിട്ടില്ലാത്ത മനുഷ്യൻ. സമ്പത്തിന്റെ നെറുകയിൽ ഇരിക്കുമ്പോഴും അദ്ദേഹം ഒരിക്കൽപ്പോലും ദൈവത്തെക്കുറിച്ച് ചിന്തിക്കുകയോ അവിടുന്നിൽ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ, ദൈവം അദ്ദേഹത്തെ തന്നിലേക്ക് തിരികെ കൊണ്ടുവന്നു. ഇന്ന് അനേകരുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകുന്നതിന് ശ്രമിക്കുകയാണ് ഇദ്ദേഹം. ഈ കോടീശ്വരനെ ദൈവത്തിലേക്ക് നയിച്ച കാരണങ്ങളിലൂടെ, ആഴമായ ദൈവവിശ്വാസത്തിലേയ്ക്ക് വന്നതിനു ശേഷം അദ്ദേഹത്തിൻറെ ജീവിതത്തിൽ സംഭവിച്ച മാറ്റത്തിലൂടെ നമുക്ക് കടന്നുപോകാം.

    ദൈവനിഷേധത്തിൽ നിന്ന് ദൈവ വിശ്വാസത്തിലേയ്ക്ക്

    ആഴമായ ദൈവ വിശ്വാസം ഉണ്ടായിരുന്ന ഒരു കത്തോലിക്കാ കുടുംബത്തിലാണ് മിഖായേൽ ജനിക്കുന്നത്. എന്നാൽ മാതാപിതാക്കളുടെ വിശ്വാസം ഒന്നും മിഖായേലിനെ ദൈവത്തിലേക്ക് അടുപ്പിക്കുവാൻ കാരണമായിരുന്നില്ല. ദൈവം ഉണ്ടെങ്കിൽ ഈ ലോകത്ത് ഇത്രയധികം തിന്മ സംഭവിക്കുകയില്ലായിരുന്നു. ഇന്ന് ലോകം മുഴുവൻ തെറ്റായ കാര്യങ്ങളാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ദൈവം ഉണ്ട് എന്ന വിശ്വാസം തനിക്കില്ല എന്ന ധാരണക്കാരനായിരുന്നു അദ്ദേഹം.

    യൗവനത്തിൽ മികച്ച ജോലിയും സാമ്പത്തികസ്ഥിതിയും ആയതോടെ അദ്ദേഹത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. രാജ്യത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനി അദ്ദേഹത്തിന്റേതായി മാറി. അങ്ങനെ സുഖജീവിതം നയിക്കുന്നതിനിടയിലാണ് അദ്ദേഹത്തിൻറെ മകൾക്ക് അസുഖം വരുന്നത്. രോഗം മൂർച്ഛിച്ച് അപകടകരമായ അവസ്ഥയിലേയ്ക്ക് എത്തി. ആഴമായ ഭക്തിയും വിശ്വാസവും ഉണ്ടായിരുന്ന അമ്മയും ഭാര്യയും തീക്ഷ്ണമായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അദ്ദേഹം അതൊക്കെ കണ്ടുകൊണ്ട് നിന്നു. വൈകാതെ അത്ഭുതകരമായി കുട്ടി അപകടനില തരണം ചെയ്തു. അല്പം ശ്വാസം നേരെ വീണ നിമിഷം മിഖായേലിന്റെ അമ്മ അടുത്തെത്തി പറഞ്ഞു” നിന്റെ കുഞ്ഞിനെ തിരിച്ചു നൽകിയതിൽ ദൈവത്തിനു നന്ദി പറഞ്ഞു പ്രാർത്ഥിക്കുക”

    ജീവിതത്തിൽ ആദ്യമായി ‘അമ്മ പറഞ്ഞതുപോലെ പ്രാർത്ഥിക്കുവാൻ ഒരു പ്രേരണ അദ്ദേഹത്തിൻറെ ഉള്ളിൽ തോന്നി. അങ്ങനെ പ്രാർത്ഥിച്ചപ്പോൾ തന്റെ ഉള്ളിൽ നിന്ന് എന്തോ ഒന്ന് അഴിഞ്ഞുവീഴുന്നതു പോലെ അദ്ദേഹത്തിന് തോന്നി. ആശുപത്രിയിൽ നിന്നു വീട്ടിലെത്തുമ്പോഴും അമ്മ പറഞ്ഞ ആ വാക്കുകൾ അദ്ദേഹത്തിൻറെ കാതുകളിൽ പതിഞ്ഞു. ദൈവത്തിനു വീണ്ടും വീണ്ടും  നന്ദി പറയുവാനുള്ള പ്രേരണ ഉള്ളിൽ ശക്തമായി. അന്ന് ജീവിതത്തിൽ ആദ്യമായി അദ്ദേഹം മേശയിൽ ഇരുന്ന ബൈബിൾ കൈകളിൽ എടുത്തു. തുറന്നു. ഓരോ വാക്യങ്ങളിലൂടെ കടന്നുപോകുമ്പോഴും ആ കണ്ണുകൾ നിറഞ്ഞുതുളുമ്പുകയായിരുന്നു.

    എല്ലാം ദൈവത്തിനായി

    അന്നുമുതൽ വലിയ ഒരു മാറ്റം അദ്ദേഹത്തിൽ ഉണ്ടായി. അതുവരെ ഒരു കടമ തീർക്കാൻ നടത്തിയ പ്രാർത്ഥനകളും വിശുദ്ധ കുർബാന അർപ്പണവും ആഴത്തിൽ മനസ്സിൽ തട്ടി ചൊല്ലുവാൻ തുടങ്ങി. ആ മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തി. ദൈവവുമായി അടുത്ത അദ്ദേഹത്തിന്, തന്റെ പഴയ സുഹൃത്തുക്കളിൽ നിരവധി പേരെ ഒഴിവാക്കേണ്ടി വന്നു. അത് ആവശ്യവുമായിരുന്നു എന്ന് മിഖായേൽ സാക്ഷ്യപ്പെടുത്തുന്നു.

    ആഴമായ പ്രാർത്ഥനാജീവിതം അദ്ദേഹത്തെ ആത്മീയതയിൽ ഒരുപാട് വളർത്തി. ദൈവികമായ കൃപയാൽ അദ്ദേഹം നിറഞ്ഞു. ഒരിക്കൽ ഇടവകയിൽ ധ്യാനം നയിക്കുവാൻ അദ്ദേഹത്തിന് വികാരി അച്ചൻ അവസരം നൽകി. അതിലൂടെ പുതിയ ഒരു ദൗത്യത്തിലേയ്ക്ക് ദൈവം അദ്ദേഹത്തെ വളർത്തുകയായിരുന്നു. ഇന്ന് അദ്ദേഹം വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവരെ ദൈവത്തിലേക്ക് നയിക്കുകയാണ്. ” നിരവധി ആളുകൾ സ്വന്തമായി വ്യവസായം തുടങ്ങുവാൻ ആഗ്രഹിക്കുന്നു. പലപ്പോഴും അവർ ഈ മേഖലയിലേയ്ക്ക് കടന്നുവരുമ്പോൾ ദൈവത്തിന് അർഹമായ പ്രാധാന്യം നൽകുന്നില്ല. അല്ലെങ്കിൽ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ ബോധവാന്മാരല്ല. അവരെ നേർവഴിക്കു നയിക്കുകയാണ് എന്നെ കർത്താവ് ഏൽപ്പിച്ച ദൗത്യം.” മിഖായേൽ വ്യക്തമാക്കുന്നു.