പ്രതിസന്ധികളെ പ്രതീക്ഷയാക്കി മാറ്റിയ മൂന്നാം റാങ്കുകാരി, ടെസ്സ

സി. സൗമ്യ DSHJ

കണ്ണൂര്‍ സര്‍വകലാശാലയില്‍ എം എസ് ഡബ്ല്യൂ വിന് മൂന്നാം റാങ്കുനേടിയ പെൺകുട്ടിയാണ് ടെസ്സ ജോയി. പ്രതികൂല സാഹചര്യങ്ങളുടെ മുൻപിൽ തോറ്റു പിന്മാറാൻ തയ്യാറല്ലായിരുന്നു ടെസ്സ. ദൈവം തന്റെ ഒപ്പമുണ്ടെന്ന് ഉറച്ചു വിശ്വസിച്ചു, ആത്മാർത്ഥമായി പരിശ്രമിച്ചു. പ്രതിസന്ധികളെ നോക്കി തളരാതെ പ്രതീക്ഷയോടെ മുന്നോട്ടുപോയി. പരിയാരത്തുള്ള ജോയി – ആലീസ് ദമ്പതികളുടെ മൂന്നാമത്തെ മകളായ ടെസ്സയ്‌ക്ക് എങ്ങനെ ഇതിനൊക്കെ സമയം കിട്ടി എന്ന ചോദ്യത്തിന് ഉത്തരം. “എനിക്ക് പഠിച്ചുയരണം, എന്റെ കുടുംബത്തെ സഹായിക്കണം.”

ഏതാണ്ട് വലിയ കാര്യം ചെയ്ത പോലെ സോഷ്യൽ മീഡിയ ടെസ്സയെ പുകഴ്ത്തി സംസാരിക്കുമ്പോൾ ടെസ്സയ്ക്ക് ഇത് ഒരു വലിയ കാര്യമായി തോന്നുന്നില്ല. “എന്റെ വീട്ടിലെ ആവശ്യങ്ങളും മാതാപിതാക്കളെ സഹായിക്കുന്നതുമൊക്കെ എങ്ങനെ വലിയ കാര്യമാകും. അത് എന്റെ കടമയല്ലേ?” -ടെസ്സ ചോദിക്കുന്നു.

ടെസ്സയുടെ അമ്മ ആലീസ് കഴിഞ്ഞ പതിമൂന്ന് വർഷമായി ബ്രെയിൻ റ്റ്യുമറിന് ചികിത്സയിലാണ്. കഴിഞ്ഞ ഒന്നര വർഷമായി അമ്മ കിടപ്പിലാണ്. എഴുന്നേൽക്കുവാൻ ഒരാളുടെ സപ്പോർട്ട് വേണം. ഒരു വശം തളർന്നു പോയ അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. വീട്ടിലെ കാര്യങ്ങളൊക്കെ ചെയ്യുവാനും ഭക്ഷണം ഉണ്ടാക്കുവാനും പശുവിനെ നോക്കുവാനും കൃഷി നോക്കാനും പുല്ലരിയാനും ഒക്കെ പപ്പയോടൊപ്പം ടെസ്സയും അനിയത്തിയും റെഡി. പപ്പാ മേസ്തിരി പണിക്ക് പോകുമ്പോൾ കൂടെ സഹായിക്കാൻ ടെസ്സയും പോകും. ടെസ്സയെ സംബന്ധിച്ച് ഇതൊക്കെ അസാധാരണമായ കാര്യമൊന്നുമില്ല. ഒന്ന് രണ്ട് പ്രാവശ്യമൊക്കെ പപ്പയോടൊപ്പം രാത്രിയിലും സഹായിക്കാൻ പോയിട്ടുണ്ട്. സ്വന്തം വീട്ടിലെ ജോലികൾ ചെയ്യുന്നത് വലിയ സംഭവമാണ് എന്ന രീതിയിലുള്ള പബ്ലിസിറ്റിയോട് ടെസ്സയ്ക്ക് യോജിക്കാൻ കഴിയുന്നില്ല.

“ഈ കാര്യങ്ങളൊക്കെ എന്നെ സംബന്ധിച്ച് എന്റെയൊരു സന്തോഷമാണ്. പപ്പാ ഒറ്റയ്ക്ക് പോയി ജോലി ചെയ്യുമ്പോൾ പപ്പയെ സഹായിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു. എല്ലാ പണിയും നമ്മൾ പഠിച്ചിരിക്കണമല്ലോ? എന്റെ മമ്മിയെ നോക്കുന്നത് എന്റെ സന്തോഷമാണ്. നാലാളുകൾ അറിയാൻ വേണ്ടി ചെയ്യുന്നതല്ല ഞാൻ ഇതൊക്കെ. ഇത് എന്റെ ഉത്തരവാദിത്വമാണ്, എന്റെ സന്തോഷമാണ്. ഏതൊരു സാഹചര്യത്തിൽ പോയാലും ജീവിക്കാൻ പഠിക്കണം. അതിനുള്ള ഓരോ സാഹചര്യങ്ങളിലൂടെ ഞാൻ ഇപ്പോൾ കടന്നു പോകുന്നു. അങ്ങനെയേ ഞാൻ ഇതിനെയൊക്കെ കണ്ടിട്ടുള്ളൂ.” -ടെസ്സ വെളിപ്പെടുത്തുന്നു.

റാങ്ക് കിട്ടണമേയെന്ന് തന്നെ ടെസ്സ ഈശോയോട് പ്രാർത്ഥിക്കുമായിരുന്നു. ഡിഗ്രിക്ക് പഠിച്ചപ്പോൾ 74 % ആയിരുന്നു മാർക്ക്. “ഒരു ചെറിയ റാങ്ക് കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു. പപ്പയ്ക്കും മമ്മിയ്ക്കും സന്തോഷമാകുമായിരുന്നു.” പിജി പരീക്ഷയുടെ സമയത്ത് ഈശോയോട് പറയാറുണ്ട്. “ഈശോ എല്ലാം കാണുന്നുണ്ടല്ലോ. അതുകൊണ്ടായിരിക്കും എനിക്ക് റാങ്ക് കിട്ടിയത്.” -റാങ്കിനെ കുറിച്ച് ചോദിച്ചപ്പോൾ ടെസ്സയുടെ മറുപടി.

പറ്റുന്ന സഹായം പറ്റുന്ന സാഹചര്യങ്ങളിൽ മാതാപിതാക്കൾക്ക് ചെയ്തു കൊടുക്കുക. അത്രയുമേ ഞാൻ ചെയ്തിട്ടുള്ളൂ. സോഷ്യൽ മീഡിയയിലൂടെ കുറച്ചധികം പബ്ലിസിറ്റി ഉണ്ടായപ്പോഴും ഇതെന്റെ ഉത്തരവാദിത്വമാണെന്ന പൂർണ്ണ ബോധ്യത്തോടെ ടെസ്സ ജീവിക്കുന്നു. നേട്ടങ്ങളൊക്കെ ദൈവം തനിക്ക് തന്ന സമ്മാനമാണെന്ന ഉറച്ച ബോധ്യത്തോടുകൂടി തന്നെ.

“മമ്മി ഇന്ന് ജീവിച്ചിരിക്കുന്നത് തന്നെ ഈശോയുടെ പ്രത്യേക അനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ്. ആദ്യത്തെ ഓപ്പറേഷൻ കഴിഞ്ഞ സമയത്ത് മമ്മി തളർന്ന് പോയിരുന്നു. രണ്ട് മാസം മാത്രമേ ജീവിച്ചിരിക്കുകയുള്ളൂ എന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ, ഇന്ന് പതിമ്മൂന്ന് വർഷമായി മമ്മി ഞങ്ങളുടെ കൂടെയുണ്ട്. പപ്പയും മമ്മിയും ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പോയി ദിവ്യകാരുണ്യത്തിന്റെ മുൻപിൽ പോയി പ്രാർത്ഥിച്ചു. ആ പ്രാർത്ഥനയുടെ ഫലമായിട്ടാണ് മമ്മിയുടെ ആരോഗ്യം പതിയെ മെച്ചപ്പെടാൻ തുടങ്ങിയത്. രോഗമാണെങ്കിലും മമ്മി ഞങ്ങളുടെ കൂടെയുണ്ടായാൽ മതി” -ടെസ്സ പറയുന്നു. എട്ടരയേക്കറോളം സ്ഥലമുണ്ടായിരുന്നു ഇവർക്ക്. അത് വിറ്റാണ് ചികിത്സകൾ ഒക്കെ നടത്തിയത്. ചികിത്സയ്ക്കായി പള്ളിയിൽ നിന്നും ഗവൺമെന്റിൽ നിന്നും ഒക്കെ സഹായങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇവർ നാലു മക്കളാണ്, മൂത്തയാളുടെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെ ചേച്ചി സിസ്റ്ററാണ്. മൂന്നാമതാണ് ടെസ്സ. അനിയത്തി ഡിഗ്രി വിദ്യാർത്ഥിനിയാണ്. പിലാത്തറ സെന്റ് ജോസഫ് കോളേജിൽ നിന്നാണ് ടെസ്സ എം എസ് ഡബ്ല്യൂ പാസായത്. കോതമംഗലത്ത് എസ്.ഡി. സന്യാസിനീ സഭ നടത്തുന്ന റിഹാബിലൈറ്റെഷൻ സെന്ററിൽ ജോലി ചെയ്യുകയാണ് ടെസ്സ ഇപ്പോൾ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.