മൊസാംബിക്ക്: യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവരുടെ സ്ഥിതി അതിദയനീയം

മൊസാംബിക്കിൽ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണവും യുദ്ധവും മൂലം പാവപ്പെട്ട ജനങ്ങളുടെ സ്ഥിതി അതിദയനീയമാണെന്ന് പെമ്പയിലെ ബിഷപ്പ് ലൂയിസ് ഫെർണാണ്ടോ. ആക്രമണത്തിന്റെ ഫലമായുണ്ടായ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന ഒരു  യുദ്ധത്തിന്റെ നടുവിലാണ് ഞങ്ങൾ താമസിക്കുന്നത്. പോലീസ് സ്റ്റേഷനും ഒറ്റപ്പെട്ട ഗ്രാമങ്ങൾക്കും നേരെയുള്ള ആക്രമണത്തോടെയാണ് ഇത് ആരംഭിച്ചത്. ഇപ്പോൾ യുദ്ധം നഗരങ്ങളിലേക്കും വ്യാപിച്ചു. നാല് നഗരങ്ങൾ ഇതിനകം പൂർണ്ണമായും ശൂന്യമായി. ഈ യുദ്ധം മൂലം രണ്ടായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. 500,000 -ത്തിലധികം ആളുകൾ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തു,” – ബിഷപ്പ് ലൂയിസ് ഫെർണാണ്ടോ പറയുന്നു.

മൊസാംബിക്കിന്റെ വടക്ക് ഭാഗത്താണ് പെമ്പ രൂപത. ഇസ്ലാമിക തീവ്രവാദികൾ തുടർച്ചയായി ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ് ഇവിടെ. ജനങ്ങൾ കാടുകളിലേക്ക് പാലായനം ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ, പാവപ്പെട്ടവരായ ഈ ഞങ്ങളുടെ സ്ഥിതി വളരെ ദയനീയമാണ്. അവർക്ക് ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവയെല്ലാം ആവശ്യമാണ്. ഈ യുദ്ധം കഷ്ടപ്പാടുകൾ മാത്രമാണ് സമ്മാനിച്ചതെന്ന് ബിഷപ്പ് വെളിപ്പെടുത്തുന്നു.

“മാനുഷിക പ്രതിസന്ധി കുറയ്ക്കുന്നതിനും ഏറ്റവും ദുർബലരായവരെ സഹായിക്കുന്നതിനും കഷ്ടപ്പാടുകൾ കുറയ്ക്കുന്നതിനും ഞങ്ങളാൽ കഴിയുന്ന വിധം പ്രവർത്തിക്കുന്നുണ്ട്. ഞങ്ങൾ സത്യം പറയുന്നതിൽ ഭയപ്പെടുന്നില്ല. എല്ലാ രാജ്യങ്ങളിലെയും ഭരണഘടനകളും  മനുഷ്യാവകാശത്തിന്റെ സാർവത്രിക പ്രഖ്യാപനങ്ങളും ബൈബിളും ഖുറാനും ഒക്കെ സമാധാനത്തിനായിട്ടാണ് ആഹ്വാനം ചെയ്യുന്നത്” – ബിഷപ്പ് കൂട്ടിച്ചേർത്തു.

ഇത് ക്രിസ്ത്യാനികൾക്കെതിരായിട്ടുള്ള യുദ്ധമല്ല. തീവ്രവാദികൾ ലക്ഷ്യം വെയ്ക്കുന്നത് ക്രിസ്ത്യാനികളെയല്ല. എന്നാൽ സാധാരണ ജനങ്ങൾ യുദ്ധം മൂലം വളരെ ക്ലേശം അനുഭവിക്കുന്നുണ്ട്. സമാധാനത്തിനായി ആളുകൾ കൊതിക്കുന്നു എന്നും വേദനയോടെ ബിഷപ്പ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.