പ്രതീക്ഷ നഷ്ടപ്പെട്ട് അവശതയിലായിരിക്കുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കൂ

ജീവിതത്തിലെ പ്രതീക്ഷകള്‍ മുഴുവന്‍ തകര്‍ക്കുന്ന രീതിയിലുള്ള ചില ആത്മീയ- ശാരീരിക മന്ദത ജീവിതത്തില്‍ പലപ്പോഴും ഉണ്ടാവാറുണ്ട്. മരുഭൂമിയില്‍ അലയേണ്ടി വന്ന അവസരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേലും പ്രതീക്ഷ നഷ്ടപ്പെട്ട് ദൈവത്തിനെതിരെ പിറുപിറുക്കുകയുണ്ടായി. ഇത്തരത്തില്‍ തോല്‍വി സമ്മതിക്കുന്ന അവസ്ഥകള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടാവും.

ദൈവം തിരഞ്ഞെടുത്ത ജനത്തിനു പോലും ക്ലേശങ്ങള്‍ ഉണ്ടാവാം. ഉണര്‍വ്വും ഉന്മേഷവും നഷ്ടപ്പെട്ട്, ക്ഷമയും പ്രത്യാശയും നശിക്കുന്ന അവസ്ഥ. മടുപ്പിന്റെ അരൂപി നമ്മുടെ പ്രതീക്ഷയെ കെടുത്തിക്കളയും. ജീവിക്കുന്ന അവസ്ഥയില്‍ മുഴുവന്‍ നെഗറ്റീവ് കണ്ടെത്താനും ജീവിതത്തില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെ മുഴുവന്‍ വിസ്മരിക്കാനും അത് ഇടവരുത്തും. ഇത്തരം അവസരങ്ങളില്‍ നാം മനസിലാക്കേണ്ട ഒരു കാര്യമാണ് – ഈ മടുപ്പും, പരാതി നിറഞ്ഞ ഹൃദയവും തോല്‍വി സമ്മതിക്കലുമെല്ലാം സാത്താന്റെ പ്രവര്‍ത്തിയാണെന്നത്. അത് മനസിലാക്കിയില്ലെങ്കില്‍ സാത്താനെപ്പോലെ നാമും ദൈവത്തെയും ദൈവം തരുന്ന പ്രതീക്ഷയെയും ആശ്വാസത്തെയുമെല്ലാം ഭയപ്പെടാന്‍ തുടങ്ങും.

അതുകൊണ്ട് ദൈവത്തിന്റെ ഇടപെടലിനായി ഓരോ നിമിഷവും കാത്തിരിക്കാം. പ്രതീക്ഷ കൈവിടാതിരിക്കാം. കരുണയുള്ള ദൈവം നമ്മുടെ സഹായത്തിനെത്തുക തന്നെ ചെയ്യും. ഇനിയൊന്നും ചെയ്യാനില്ല എന്നു ചിന്തിച്ച് മനസ് മടുപ്പിക്കാതെ ദൈവത്തിന് തന്റെ പദ്ധതികളെ നടപ്പില്‍ വരുത്തുന്നതിനുള്ള സമയം കൊടുക്കുക, ദൈവത്തിന്റെ അത്ഭുതകരമായ പ്രവര്‍ത്തികളെ മനുഷ്യരുടെ ബുദ്ധി കൊണ്ട് അളക്കാതിരിക്കുക.