
പൗലോസ് ശ്ലീഹാ കോറിന്തിയോക്കാര്ക്ക് എഴുതിയ ഒന്നാം ലേഖനം 15-ാം അധ്യായം 44-ാം വാക്യത്തില്‍ ഇങ്ങനെ പറയുന്നു. ‘വിതയ്ക്കപ്പെടുന്നത് ഭൗതിക ശരീരം പുനര്‍ജീവിക്കുന്നത് ആത്മീയ ശരീരം.” ആത്മശരീരത്തോടെ പരി.അമ്മ സ്വര്‍ഗാരോപണം ചെയ്തതിനെ കുറിച്ച് തിരുസഭ ധ്യാനിക്കുന്ന പുണ്യദിനമാണിന്ന്. 4-ാം നൂറ്റാണ്ടിനു മുന്‍പേ മറിയത്തിന്റെ സ്വര്‍ഗാരോപണത്തെപ്പറ്റിയുള്ള വിശ്വാസം സഭയില്‍ ആഴപെട്ട് തുടങ്ങി. 1950 നവംബര്‍ 15-ാം തിയതി പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പാ ‘മുനിഫിചെന്തിസ്സീമൂസ ദേവൂസ്’ എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ മറിയത്തിന്റെ സ്വര്‍ഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പരിശുദ്ധ അമ്മയെ ”സ്വര്‍ഗത്തില്‍ ആത്മശരീരങ്ങളോടെ മഹത്വീകൃതമായി കഴിയുന്ന ഈശോയുടെ അമ്മ വരാനിരിക്കുന്ന ലോകത്തില്‍ പൂര്‍ത്തീകരിക്കപ്പെടാനിരിക്കുന്ന സഭയുടെ ഇക്കാലത്തിന്റെ പ്രതീകവും ആരംഭവുമാണ്” എന്ന് വ്യക്തമായി പഠിപ്പിക്കുന്നു. പരി. അമ്മ. ഈ ലോകത്തിലെ തന്റെ ജീവിതം ഇതാ കര്‍ത്താവിന്റെ ദാസി എന്ന് പറഞ്ഞ്, എല്ലാ സഹനവും വേദനകളും ദൈവതിരുമനസ്സായി കണ്ടപ്പോള്‍, അവള് സ്വര്‍ഗരാജ്യത്തില്‍, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും നിരന്തരം ആരാധന സമര്‍പ്പിച്ചുകൊണ്ട്, ആത്മശരീരങ്ങളോടെ മഹത്വീകൃതയായി സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നു.
മറിയത്തിന്റെ ഈ സ്വര്‍ഗ്ഗാരോപണം ഈ ഭൂമിയില്‍ സഹനവും കഷ്ടപാടുകളും ഏറ്റെടുത്തുകൊണ്ട്, മരണാനന്തര ജീവിതത്തെ ലക്ഷ്യമാക്കി ജീവിക്കാന്‍ മനുഷ്യമക്കള്‍ക്ക് പ്രത്യാശ പകരുന്നു. ഈ ലോകത്തിലെ ജീവിതം നശ്വരമാണ് എന്നും, നമ്മള് അദ്ധ്വാനിക്കേണ്ടതും ജീവിക്കേണ്ടതും നശ്വരമായ ഈ ലോകത്തിനപ്പുുറമുള്ള, അനശ്വരമായ നിത്യ ജീവിതത്തിനുവേണ്ടിയാണെന്ന് സ്വര്ഗാരോപിതയായ മാതാവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. യോഹ 6:27-ല്‍ ഈശോ പറയുന്നു; ”നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രന് തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിന്.” ഈ ഭൂമിയിലെ ജീവിതത്തിന്റെ നിസ്സാരതയ്ക്കും, കഷ്ടപ്പാടിനും സഹനത്തിനും ഉപരിയായി വരാനിരിക്കുന്ന നന്മ മനസ്സിലാക്കി ജീവിക്കാന്‍ പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നു. ഈ ഭൂമിയിലെ അനുദിന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടാലേ മരണാനന്തരം സ്വര്‍ഗ്ഗരാജ്യ പ്രവേശനം നമുക്ക് സാധ്യമാകൂ എന്ന് ത്രീലോക രാജ്ഞിയായി മുടി ചൂടി, സ്വര്ഗാരോപിതയായ അമ്മ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
പരിശുദ്ധ അമ്മ ജീവിച്ചിരിക്കുമ്പോള്‍ തന്നെയാണോ, അതോ മരിച്ചതിനുശേഷമാണോ ആത്മീയശരീരത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് ആരോപണം ചെയ്തത് എന്ന ബൗദ്ധിക തലത്തിലുള്ള ചര്‍ച്ചയ്ക്ക് അപ്പുറം മരണത്തെ തോല്‍പ്പിച്ച് സാത്താനെ പരാജയപ്പെടുത്തിയവളാണ് പരി. അമ്മ എന്നും ആ അമ്മയോട് മരണനേരത്ത് ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ അല്പം കൂടി വിശ്വാസത്തോടും തീക്ഷ്ണതയോടും കൂടി പ്രാര്‍ത്ഥിക്കണം എന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
റോമാ 6:23-ല്‍ കാണുന്നു ”പാപത്തിന്റെ ശമ്പളം മാരണംമാത്രം” എന്ന്. പാപം ചെയ്യുമ്പോള്‍ ദൈവീക ജീവനില്‍ നിന്നും നാം അകറ്റപ്പെടുകയും ആത്മീയമായ മരണത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. മാമോദീസായിലൂടെ നമുക്ക് ലഭിച്ച ഈ ദൈവിക ജീവന്റെ, വരപ്രസാദത്തിന്റെ വെള്ളവസ്ത്രം മരണംവരെ നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിച്ചവരാണ് വിശുദ്ധര്‍. നമ്മള് ചെറുതും വലുതുമായിട്ടുള്ള പാപം ചെയ്യുമ്പോള്‍ സംഭവിക്കുന്നതും ഈ ദൈവിക ജീവനില്‍ നിന്നും അകന്ന് ആത്മീയ മരണത്തില്‍ അടിമപ്പെടുകയാണ്. ആദിമാതാവായ ഹവ്വാ, സാത്താന്റെ ശക്തമായ പ്രലോഭനത്തില്‍ ദൈവവചനത്തിനെതിരായ പാപം ചെയ്യുക വഴി മരണം ഭൂമിയിലേക്ക് കടന്നുവന്നു. അതാണ് ഉല്‍പ്പത്തി 3,6-ല്‍ നാം വായിക്കുന്നത്. ”ആ പഴം സ്വാദുള്ളതും കാഴ്ചയ്ക്ക് കൗതുകവും അറിവേകാന്‍ ആഭികാമ്യവുമായതുകൊണ്ട് അവള് പറിച്ചു തിന്നു” എന്നാണ് വചനം പറയുന്നത്. പഞ്ചേന്ദ്രിയങ്ങള്‍ വഴി സാത്താന് നമ്മേയും പ്രലോഭിപ്പിക്കും. നമുക്കതനുവദനീയമല്ലാത്ത സുഖത്തിനും സന്തോഷത്തിനുമായി സാത്താന് നമ്മെ ശക്തമായി പ്രലോഭിക്കും. ഉല്പ 2, 17-ല്‍ ”ഫലം തിന്നുന്ന ദിവസം നീ മരിക്കും” എന്നാണ് വചനം പറയുന്നത്. ഇത് ശാരീരിക മരണമല്ല, മറിച്ച് ആത്മീയ മരണമാണ്. ഈയൊരു ആത്മീയ മരണ സാധ്യത നമ്മളിലും എപ്പോഴും ഉണ്ട്. ഇപ്രകാരമുള്ള ആത്മീയ മരണത്തിലേക്ക് വീഴാതെ, മാമോദീസായില്‍ ലഭിച്ച ദൈവീക ജീവന് ശാരീരിക മരണംവരെ നിലനിര്‍ത്തുമ്പോഴാണ്, നിത്യജീവിതം, അല്ലെങ്കില്‍ സ്വര്‍ഗപ്രവേശനം നമുക്കും സാധ്യമാകുന്നത്. അതുകൊണ്ടാണ് ‘പരിശുദ്ധ മറിയമേ’ എന്ന പ്രാര്‍ത്ഥനയില്‍ മരണസമയത്തും ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നത്. ഈ മരണസമയം എന്നത് ആത്മീയ മരണം ആയിക്കണ്ട് പ്രലോഭനത്തില്‍ വീഴാതിരിക്കാനുള്ള ശക്തിക്കായി അമ്മയോട് പ്രാര്‍ത്ഥിക്കാം.
യോഹ 5:29-ല്‍ ”നന്മചെയ്തവര് ജീവന്റെ ഉയിര്‍പ്പിലേക്കും തിന്മ പ്രവര്‍ത്തിച്ചവര്‍ വിധിയുടെ ഉയിര്‍പ്പിലേക്കും ഉയര്‍ത്തെഴുന്നേല്‍ക്കും” എന്ന് വചനം പഠിപ്പിക്കുന്നു. ദൈവം നമ്മെ ശരീരവും ആത്മാവുള്ളവരായി സൃഷ്ടിച്ചു. മരണത്തില്‍ ശരീരവും ആത്മാവും വേര്‍പിരിയുന്നു. ശരീരം ജീര്‍ണിക്കുന്നു. ആത്മാവ് ദൈവസന്നിധിയിലേക്ക് ഉയരുന്നു. അവസാന നാളുകളില്‍ ദൈവം സൃഷ്ടിമുഴുവനേയും നവീകരിക്കുകയും മനുഷ്യരെ ശരീരത്തോടെ ഉയിര്‍പ്പിക്കുകയും മനുഷ്യര്‍ രൂപാന്തരീകൃതരാവുകയും ചെയ്യും. ദൈവം ശരീരത്തെയും ആത്മാവിനെയും രക്ഷിക്കുന്നു. Youcat 153-154).
അതുകൊണ്ടാണ് ശരീരത്തിന്റെ ഉയിര്‍പ്പിലും നിത്യജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു എന്ന് വിശ്വാസ പ്രമാണത്തില്‍ നാം ചൊല്ലുന്നത്. പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണം, ആത്മാവോടും ശരീരത്തോടും കൂടി സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടത് നമുക്കും വലിയ പ്രത്യാശ തരുന്നു- ആത്മീയ ശരീരത്തോടു കൂടിയുള്ള ആ പുനര്‍ജീവിതം എന്റെ ശരീരത്തിനും എന്റെ ആത്മാവിനും ഉണ്ട് എന്ന പ്രത്യാശ. പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കാം എന്റെ ആത്മാവിനെയും ശരീരത്തേയും വിശുദ്ധിയില്‍, പ്രലോഭനത്തില്‍ വീഴാതെ കാത്തുകൊള്ളണമേ.