കൊളോണിൽ മാതാവിന്റെ തിരുനാളിന് ശനിയാഴ്ച കൊടിയേറും

കൊളോണ്‍: കൊളോണിലെ ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ മുപ്പത്തിയൊന്‍പതാമത്തെ തിരുനാളിനും, ഭാരത അപ്പസ്തോലന്‍ മാര്‍ത്തോമാ ശ്ലീഹായുടെ തിരുനാളിനും ഈ വര്‍ഷത്തെ ഇടവകദിനത്തിനും ജൂലൈ 6-ന് (ശനി) വൈകുന്നേരം അഞ്ചു മണിയ്ക്ക് തുടക്കം കുറിക്കും.

ലദീഞ്ഞ്, നൊവേന എന്നിവയ്ക്കുശേഷം പ്രസുദേന്തി, ഹാനോ തോമസ് മൂര്‍ കടുത്താനം കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ ആഘോഷമായ പ്രദക്ഷിണത്തോടു കൂടി കൊടിയേറ്റം നടത്തും. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് (Regentenstrasse 4, 51063, Koeln) ആഘോഷപരിപാടികള്‍ നടക്കുന്നത്.

ജൂലൈ 7-നാണ് (ഞായര്‍) തിരുനാളിന്റെ മുഖ്യപരിപാടികള്‍. യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ പത്ത് മണിയ്ക്ക് ആഘോഷമായി നടക്കുന്ന സമൂഹബലിയില്‍ നിരവധി വൈദികര്‍ സഹകാര്‍മ്മികരായിരിക്കും.

പ്രസുദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേര്‍ച്ച വിളമ്പ്, ഉച്ചഭക്ഷണം എന്നിവയ്ക്കുശേഷം ഉച്ചകഴിഞ്ഞ് ഒന്നേമുക്കാലിന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കമ്മ്യൂണിറ്റിയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ കൊളോണ്‍ അതിരൂപതാ സഹായമെത്രാന്‍ ഡോ. ഡൊമിനിക്കുസ് ഷ്വാഡെര്‍ലാപ്പ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്  വിവിധങ്ങളായ കലാപരിപാടികള്‍ക്കൊപ്പം സമാപന സമ്മേളനവും ലോട്ടറി നറുക്കെടുപ്പും നടക്കും. വുപ്പര്‍ത്താലിലെ ലോട്ടസ് ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്ത ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും കൊച്ചിയ്ക്കുള്ള എയര്‍ ടിക്കറ്റാണ് (ടു ആന്റ് ഫ്രോ) ലോട്ടറിയുടെ ഒന്നാം സമ്മാനം.

തിരുനാളിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി നൂറ്റിഇരുപത്തിയഞ്ചോളം അംഗങ്ങളുള്ള വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു.

ജര്‍മ്മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെയും ഇന്ത്യാക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റി. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1970-ലാണ് ആരംഭിച്ചത്. സുവര്‍ണ്ണജൂബിലി നിറവിലേയ്ക്കു കടക്കുന്ന കമ്യൂണിറ്റിയില്‍ ഏതാണ്ട് എണ്ണൂറോളം കുടുംബങ്ങള്‍ അംഗങ്ങളായുണ്ട്. കഴിഞ്ഞ പത്തൊന്‍പതു വര്‍ഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. കമ്യൂണിറ്റി ചാപ്ളെയിനായി സേവനം ചെയ്യുന്നു.

ജര്‍മ്മനിയിലെ ആദ്യമലയാളി തലമുറക്കാരായ ചങ്ങനാശേരി നാലുകോടി സ്വദേശി വെട്ടികാട് കടുത്താനം തോമസ് മൂറിന്റെയും മറിയമ്മയുടെയും മകന്‍ ഹാനോ തോമസ് മൂര്‍ കുടുംബം ആണ് ഈ വര്‍ഷത്തെ പ്രസുദേന്തി.

എടത്വാ പട്ടത്താനത്ത് തങ്കപ്പന്റെയും ഗ്രേസമ്മയുടെയും മകള്‍ വിജിയാണ് ഭാര്യ. തിലോ, തിര്‍സ, തേവ്സ് എന്നിവര്‍ മക്കളാണ്.

ജോസ് കുമ്പിളുവേലിൽ