ഇവരില്‍ ഒരാള്‍ അവന്റെ അമ്മ മരിച്ചതിനുശേഷം ചോറുണ്ടിട്ടില്ല: ഇപ്പോള്‍ 15 വര്‍ഷങ്ങള്‍  

ബുദ്ധിവികാസം പൂർണ്ണമാകാത്തവരുടെ പുനരധിവാസകേന്ദ്രമാണ് കുടമാളൂരുള്ള ‘സംപ്രീതി.’ ഈ കേന്ദ്രത്തെക്കുറിച്ചു പല ഫീച്ചറുകള്‍ ലൈഫ് ഡേ – പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍നിന്നും ഏറെ വ്യത്യസ്തമായ ഒന്ന് ഈ മാതൃദിനത്തില്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. അവിടെയുള്ള ഒരു കുട്ടി അവന്റെ അമ്മ മരിച്ചതിനുശേഷം ചോറുണ്ടിട്ടില്ല എന്ന അവിടുത്തെ ഡയറക്ട്ടര്‍ അച്ചന്റെ വെളിപ്പെടുത്തല്‍ നമ്മുടെയും കണ്ണുകള്‍ നിറയിക്കുന്നതാണ്. അവന്റെ അമ്മയായിരുന്നു അവനെന്നും ചോറ് വാരിക്കൊടുത്തിരുന്നത്. അമ്മ മരിച്ച അന്ന് മുതല്‍ അവന്‍ ചോറുണ്ണുന്നത് അവസാനിപ്പിച്ചു. ഡയറക്ട്ടര്‍ ഫാ. റ്റിജോ മുണ്ടുനടയ്ക്കല്‍ mcbs – എഴുതുന്നു.    

ഇന്ന് ലോക മാതൃദിനം. മക്കൾക്ക്‌ അമ്മയെ ഓർക്കുവാനും അമ്മയോടുള്ള കടപ്പാട് വാക്കിലും പ്രവർത്തിയിലും മനോഭാവത്തിലും അനുവർത്തിക്കുവാനും ഓർമപ്പെടുത്തുന്ന ദിനം. 9 മാസം ഉദരത്തിൽ വഹിച്ച് പാലൂട്ടിവളർത്തി, സ്വയം വിശന്നെരിഞ്ഞാലും മക്കളെ വിശപ്പറിയിക്കാതെ, മക്കൾക്ക്‌ വിഷമം ഉണ്ടാകാതിരിക്കാൻ മാനസിക ശാരീരിക വേദനകൾ നിശബ്ദമായി സഹിച്ച്, വേദനകൾ ആരെയും അറിയിക്കാതെ സാരിത്തുമ്പുകൊണ്ട് മുഖം മറച്ചും രാത്രിയിൽ നിശബ്ദമായി കരഞ്ഞും മക്കൾക്കുവേണ്ടി ചിരിക്കുന്ന മുഖം കരുതിവയ്ക്കുന്ന അമ്മമാർ! ആരും വിലയിട്ടില്ലെങ്കിലും, നല്ലവാക്ക് കേട്ടില്ലെങ്കിലും പകലന്തിയോളം ഒരേ ജോലികൾ എന്നും ചെയ്യുന്നവർ. ഒരു മാറ്റം ആഗ്രഹിച്ചാലും ഒരിക്കലും അനുഭവിക്കാത്തവർ. അഹോരാത്രം കണ്ണുനീരോടെ പ്രാർത്ഥിക്കുന്നവർ. മക്കൾ വഴിതെറ്റിയാൽ അറിയാത്ത കുറ്റത്തിന് പ്രതികൂട്ടിലാകുന്നവർ. ആയുസ്സ് മുഴുവൻ വച്ചുവിളമ്പിയാലും നല്ലതെന്ന വാക്ക് കേട്ടിട്ടില്ലാത്തവർ. അമ്മമാര്‍ അങ്ങനെയാണ്.

അമ്മയോടുള്ള മക്കളുടെ കടപ്പാടിനെക്കുറിച്ചോർക്കുമ്പോൾ, ബുദ്ധിവികാസം പൂർണ്ണമാകാത്തവരുടെ പുനരധിവാസകേന്ദ്രമായ കുടമാളൂരുള്ള സംപ്രീതിയിലെ 19 മാലാഖമാരിലെ ഒരാൾ എനിക്കെന്നും അത്ഭുതമാണ്; പ്രത്യേകിച്ച് ഈ മാതൃദിനത്തിൽ. 2006 മുതൽ ഇന്നുവരെ ഒരു മണിപോലും ചോറുണ്ണാത്ത ഒരു മാലാഖ ഇവിടെയുണ്ട്. രാവിലെ ഉണ്ടാക്കുന്ന എന്തെങ്കിലും ഉച്ചക്കും വൈകിട്ടും കൊടുക്കാൻ മാറ്റി വച്ചിരിക്കും. അതില്ലെങ്കിൽ ചോറിനുപകരം മറ്റെന്തെങ്കിലും പാകം ചെയ്തുകൊടുക്കും അതാണ് പതിവ്. എത്രദിവസം പട്ടിണികിടക്കേണ്ടിവന്നാലും ഒരുമണിപോലും ചോറുണ്ണില്ല അവന്‍.

ഇവരുടെ നിശ്ചയദാർഢ്യങ്ങൾക്കു മുമ്പിൽ നമ്മൾ ശിരസ്സുനമിക്കാതെ തരമില്ല. കാരണം അവര്‍ തീരുമാനങ്ങളുടെ മനുഷ്യരാണ്. ഞാനീപറഞ്ഞുവരുന്ന വ്യക്തി എന്തുകൊണ്ട് ചോറുമാത്രം കഴിക്കില്ല എന്നതിന്റെ കാരണം അന്വേഷിച്ചപ്പോൾ അറിഞ്ഞത് മാതൃദിനത്തിന്റെയല്ല മാതൃവത്സരങ്ങളുടെ സ്നേഹമൂറുന്ന – ഇടമുറിയാത്ത ഒരു നിശ്ചയദാർഢ്യമായിരുന്നു അതെന്ന് മനസ്സിലായി.

വീട്ടിലായിരുന്നപ്പോൾ എന്നും അമ്മയായിരുന്നു അവന് ചോറുവാരി കൊടുത്തുകൊണ്ടിരുന്നത്. 2006 -ൽ അമ്മ മരിച്ചു. മൃതസംസ്കാരം കഴിഞ്ഞ അന്നുമുതൽ ഇന്ന് 2021 മെയ് മാസം 9 -ആം തിയതി വരെ അവന്‍ ചോറുണ്ടിട്ടില്ല. അമ്മയോടുള്ള തന്റെ കടപ്പാടും ബന്ധവും തന്റെ പ്രധാന ഭക്ഷണമായ ചോറുപേക്ഷിച്ചുകൊണ്ട് ജീവിക്കുന്ന, മാതൃ – പുത്ര ബന്ധം മറ്റുള്ളവർക്ക് നിശബ്ദമായി എന്നാൽ വെല്ലുവിളിയായി കാണിച്ചുതരുന്ന സംപ്രീതിയുടെ പ്രിയപ്പെട്ട മാലാഖ. മാതൃ ദിനമായ മെയ് മാസം 9 – നുവേണ്ടിമാത്രമുള്ള ഒരു കടപ്പാടോ സ്നേഹമോ അല്ലിതെന്നും ജീവിതാവസാനം വരെയുള്ള ഒരു ബന്ധമാണെന്നുമുള്ള ഓർമപ്പെടുത്തൽ!

ബുദ്ധിവികാസം പൂർണമാകാത്ത ഈ മാലാഖയുടെ നിശ്ചയദാർഢ്യമുള്ള മാതൃസ്നേഹത്തിനുമുമ്പിൽ സ്വയം ചോദിച്ചുപോകുന്നു. ആർക്കാണ് ശരിക്കും ബുദ്ധിയുള്ളത്? ആർക്കാണ് യഥാർത്ഥ സ്നേഹവും കടപ്പാടുമുള്ളത്? ആർക്കാണ് അമ്മയോട് ശരിക്കും നന്ദിയുള്ളത്, ഇല്ലാത്തത്? ആരാണ് യഥാർത്ഥത്തിൽ മാതൃദിനങ്ങളും വത്സരങ്ങളും കൊണ്ടാടുന്നത്? ആർക്കാണ് ബുദ്ധിവികാസം പൂർണമായത്?

ഫാ. റ്റിജോ മുണ്ടുനടയ്ക്കല്‍ mcbs

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.