ഒരായുസുകൊണ്ട് ഒരായിരം കുഞ്ഞുങ്ങള്‍ക്ക്‌ അമ്മയായി മാറിയ ഒരു സമര്‍പ്പിത   

സുനിഷ നടവയല്‍

കാൽവരിയിൽ ക്രിസ്തു കാണിച്ച സ്നേഹത്തിന്റെ ധൈര്യം, ജീവിതംകൊണ്ട് കാണിച്ച് തരുന്ന ഒരു സന്യാസിനിയുണ്ട് വയനാട്ടിൽ. ആരാധനാ സഭാ സമൂഹത്തിലെ അംഗമായ സി. റീന മുത്തുമാക്കുഴി SABS. ഒരു സന്യാസിനിയായിക്കൊണ്ട് അനേകം മക്കളുടെ അമ്മയായി മാറിയ ഒരു പുണ്യ ജീവിതം. ദൈവവിളി സ്വീകരിച്ചു പാലായില്‍ നിന്നും വയനാട്ടിലേക്ക് പോകുമ്പോൾ സി. റീന ഒരിക്കൽ പോലും ഓർത്തിരുന്നില്ല ഒരുപാട് മക്കളുടെ അമ്മയായി മാറുവാനുള്ള വലിയ വിളിയായിരുന്നു അതെന്ന്. വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെ സെന്റ് മേരീസ് ചിൽഡ്രൻസ് ഹോമിൽ ആയിരുന്ന്  ഒരായുസ്സുകൊണ്ട് അനേകം കുഞ്ഞുങ്ങളെ പോറ്റി വളർത്തി വലുതാക്കിയ ഒരമ്മ! മാനന്തവാടി കണിയാരത്തുള്ള തിരുഹൃദയ ആരാധനാ മഠത്തിൽ വിശ്രമ ജീവിതം നയിക്കുന്ന 82 -കാരിയായ സി. റീനയുടെ ജീവിതവിളിയിലൂടെയുള്ള ഒരു യാത്രയാണ് ഈ വർഷത്തെ മാതൃദിനത്തിൽ ലൈഫ് ഡേ പങ്കുവെക്കുന്നത്.

സിസ്റ്റർ റീന എന്ന റീനാമ്മ
വയനാട് മാനന്തവാടി കണിയാരത്തുള്ള സേക്രഡ് ഹാർട്ട് ആരാധനാ മഠത്തിലെ കോളിങ് ബെൽ അമർത്തി പോർട്ടിക്കോവിൽ കാത്തു നിൽക്കുകയായിരുന്നു ഞാൻ. പെട്ടന്ന് തന്നെ വളരെ ഊർജ്ജസ്വലയായ ഒരു സിസ്റ്റർ വന്നു വാതിൽ തുറന്നു. ‘റീന സിസ്റ്ററിനെ കാണുവാൻ വന്നതാണ്’ എന്ന് പറഞ്ഞപ്പോൾ ‘ഞാൻ തന്നെയാണ്’ എന്ന് പറഞ്ഞു. മനസ്സിലായമാത്രയിൽ സിസ്റ്റർ ഓടിവന്ന് സ്നേഹപൂർവ്വം എന്റെ കൈകളെ സിസ്റ്ററിന്റെ കൈകളോട് ചേര്‍ത്തു. പക്ഷേ, ഞാനല്പം അകലം പാലിച്ചു. ‘ബസിൽ കയറി വന്നതാണ്,  കൈയ്യിൽ കൊറോണ  ഒളിച്ചിരിക്കുന്നുണ്ടെങ്കിലോ’ എന്ന് പറഞ്ഞു കൈ കഴുകി. തിരികെ എത്തിയപ്പോഴേക്കും ‘ഭക്ഷണം കഴിക്കാമെന്നായി’. കഴിച്ചിട്ടാണ് വന്നതെന്ന് പറഞ്ഞെങ്കിലും സ്നേഹപൂർവ്വമായ നിർബന്ധം.
പ്രായം 82 ആയെങ്കിലും അതിന്റെ ക്ഷീണമോ അസ്വസ്ഥതയോ പരിഭവങ്ങളോ ആ മുഖത്ത് ഇല്ലായിരുന്നു. മാധുര്യമുള്ള  വ്യകതതയാർന്ന ശബ്ദത്തിൽ സംസാരം ആരംഭിച്ചു. ഇടയ്ക്കുവെച്ച് സി. റീനയെ ‘സിസ്റ്റർ’ എന്നതിന് പകരം ‘അമ്മ’ എന്ന് വിളിക്കുവാൻ ആരംഭിച്ചു. എന്നാൽ അത് എപ്പോഴാണെന്ന് ഓർത്തെടുക്കുവാൻ എനിക്കല്പം പ്രയാസം തോന്നി. അല്ലെങ്കിലും മക്കൾ ആദ്യമായി ‘അമ്മ’യെന്ന് വിളിക്കുന്ന നിമിഷം അവർക്ക് ഓർമ്മയുണ്ടാകാറില്ലല്ലോ! പേരിനൊപ്പം ഒരുപാട് വിശേഷണങ്ങളുണ്ടെങ്കിലും അതൊക്കെ വിസ്മരിക്കപ്പെട്ടുകൊണ്ട് ഒരൊറ്റ അഭിസംബോധനയിൽ ജീവിതം മുഴുവൻ നമുക്ക് മുൻപിൽ പറയാതെ പറയുന്ന ഒരുപാട് വിശുദ്ധാത്മാക്കൾ ഉണ്ട്. അതിലൊരാളാണ് വയനാട്ടുകാരുടെ സ്വന്തം അമ്മയായ സിസ്റ്റർ റീന. രണ്ടു മുതൽ 15 വയസ്സുവരെയുള്ള 60 -ഓളം കുഞ്ഞുങ്ങളുടെ അമ്മയായി മാറുകയായിരുന്നു റീനാമ്മ. പ്രായമേറെയായെങ്കിലും തന്റെ ഹൃദയത്തിലും പ്രാർത്ഥനയിലും ആ മക്കളെയെല്ലാവരെയും ചേർത്തു നിർത്തുന്നുണ്ട് ആ അമ്മ മനസ്സ്. പ്രസവിച്ചില്ലെങ്കിലും മുലയൂട്ടിയിട്ടില്ലെങ്കിലും ആർക്കും വേണ്ടാത്ത, ആരാലും സംരക്ഷിക്കപ്പെടാനില്ലാത്ത ഒരുപാട് കുട്ടികളുടെ  അമ്മയായി മാറുവാൻ ഒരു കന്യാസ്ത്രീയ്ക്ക് കഴിയണമെന്നുണ്ടെങ്കിൽ തീർച്ചയായും അതിനു പിന്നിൽ ഒരുപാട് ത്യാഗവും ആത്മസമർപ്പണവും ഉണ്ടായിരിക്കും; കഠിനാധ്വാനവും  ആത്മധൈര്യവും  പ്രാർത്ഥനയും ഉണ്ടായിരിക്കും.
അമ്മിഞ്ഞപ്പാൽപോലും പങ്കുവെയ്ക്കപ്പെട്ട ശൈശവവും ബാല്യവും
1940 ഓഗസ്റ്റ് മാസം ആറാം തിയതി പാലാ രൂപതയിലെ വള്ളിച്ചിറയിലെ മുത്തുമാക്കുഴി സെബാസ്റ്റ്യൻ- ത്രേസ്യാമ്മ ദമ്പതികളുടെ 11 മക്കളിൽ മൂന്നാമതായിട്ടായിരുന്നു സി. റീനയുടെ ജനനം. സി. ലീന റോസ്, സി. ലിറ്റൽ തെരേസ്, സി. ലിറ്റിൽ റോസ് എന്നിവർ സി. റീനയുടെ സ്വന്തം സഹോദരിമാരും ആരാധന മഠത്തിലെ  അംഗങ്ങളുമാണ്. ഇക്കാലമത്രയും ഒരുപാട് മക്കളെ ഏറ്റെടുക്കുകയും വളർത്തുകയും ചെയ്തതിനു പിന്നിൽ ഒരു സംഭവമുണ്ട്. കുഞ്ഞുനാളിൽ മുതൽ തന്റെ കുഞ്ഞിനാവകാശപ്പെട്ട അമ്മിഞ്ഞപ്പാല് മറ്റൊരു കുട്ടിക്കുകൂടി പങ്കുവെച്ച് കൊടുക്കുവാൻ ഒരു അമ്മ കാണിച്ച സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കഥയുണ്ട്. ആ അമ്മയുടെ കഥ കൂടി പറഞ്ഞാലേ റീനാമ്മയുടെ ജീവിതം പോലെ തന്നെ ഈ എഴുത്തിനും പൂർണ്ണതയുണ്ടാകുകയുള്ളൂ.
“എന്റെ അമ്മ പള്ളിയിൽ പോയി മടങ്ങി വരുമ്പോൾ ഒരു സ്ത്രീ അവരുടെ കുഞ്ഞിനേയും കൊണ്ട് നിന്ന് കരയുന്നത് കണ്ടു. അവരുടെ ഭർതൃപിതാവ് ഒരു മാനസിക രോഗിയാണെന്നും തരം കിട്ടിയാൽ ആറുമാസം മാത്രം പ്രായമുള്ള  തന്റെ മകനെ ഉപദ്രവിക്കുമെന്നും ഇപ്പൊൾ അത്തരത്തിലൊരു ഉപദ്രവത്തിൽ നിന്നും രക്ഷപെട്ടു വരികയാണെന്നും പറഞ്ഞായിരുന്നു ആ സ്ത്രീ വിതുമ്പിയത്. കുറച്ച് കഴിയുമ്പോൾ കുഞ്ഞിനെയുംകൊണ്ട് വീട്ടിലിലേക്കു വരുവാൻ പറഞ്ഞുകൊണ്ട് അമ്മ വീട്ടിലെത്തി. അപ്പന് ബിസിനസ് ആയിരുന്നതിനാലും പ്രായമായ മാതാപിതാക്കളൊക്കെ ഉള്ളതിനാലും വീട്ടിൽ എപ്പോഴും തിരക്കായിരുന്നു. എന്നിരുന്നാലും എന്റെ അതേ പ്രായമുള്ള ആ കുഞ്ഞിനേയും കൂടി വളർത്തുവാൻ അമ്മ തീരുമാനിച്ചു. അങ്ങനെ അന്നുമുതൽ എനിക്കുള്ള അമ്മിഞ്ഞപ്പാലിന് മറ്റൊരാൾ കൂടി അവകാശിയായി. നോക്കുവാനും അന്വേഷിക്കുവാനുമൊക്കെ അവന്റെ സ്വന്തം അമ്മയ്ക്ക് സാഹചര്യം ഇല്ലാത്തതിനാൽ അവന്റെ ശരീരത്തൊക്കെ കരപ്പനായിരുന്നു. ആറുമാസം പ്രായമുള്ളപ്പോഴായിരുന്നു അവനെ വീട്ടിൽ കൊണ്ടുവന്നത്. പിന്നീട് രണ്ടര വയസ്സ് വരെ അവൻ വീട്ടിൽ വളർന്നു. യാതൊരു പരാതിയും കൂടാതെ അമ്മ അവനെയും എന്നെയും ഒരുപോലെ നോക്കി. പിന്നീട് അവനെ അവന്റെ സ്വന്തം വീട്ടിലേക്ക് തിരിച്ച് കൊണ്ടുപോയി.
പക്ഷെ, അവൻ പോയതോടുകൂടി അവന്റെ കരപ്പൻ എനിക്ക് കിട്ടി. കൊച്ചുന്നാളിലെ മുതൽ ഇതുണ്ടായിരുന്നതിനാൽ എല്ലായിടത്തുനിന്നും വലിയ‌ തിരസ്കരണമാണ് എനിക്ക് ലഭിച്ചത്. ആരും കൂടെ നിൽക്കുവാനൊന്നും ഇഷ്ടപ്പെട്ടിരുന്നില്ല. ഈ അസുഖം കാരണം പത്താം തരത്തിൽ ഒരു പരീക്ഷ എഴുതുവാൻ പോലും സാധിച്ചില്ല. അങ്ങനെ തോറ്റുപോയ ഞാൻ പിന്നീട് ‘സെപ്റ്റംബർ’ പരീക്ഷയിൽ ജയിച്ചു.
മഠത്തിൽ ചേരണമെന്ന ആഗ്രഹം ഉണ്ടായിരുന്നു കൊച്ചുന്നാളിലെ മുതൽ തന്നെ. കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂളിലായിരുന്നു ഞാൻ പഠിച്ചത്. എന്റെ സ്വഭാവ രൂപീകരണത്തിൽ വലിയൊരു പങ്കു വഹിച്ചതും ആ സ്കൂൾ തന്നെയായിരുന്നു. ആരാധന സന്യാസ സമൂഹം സ്ഥാപിച്ച സ്കൂൾ ആയിരുന്നു അത്. ആരാധനാ സഭയുടെ സ്ഥാപകയായ ഷന്താളമ്മയാണ് ഈ സ്കൂളിന്റെ സ്ഥാപക. എന്റെ അധ്യാപികയും അവർ തന്നെയായിരുന്നു. ആ ഒരു സ്നേഹവും കരുതലുമൊക്കെ കണ്ടു വളർന്നതിനാലാകണം എനിക്കും ആരാധനാ മഠത്തിൽ ചേരുവാൻ താല്പര്യമുണ്ടായത്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മഠത്തിൽ ചേരണമെങ്കിൽ ഒന്നരവയസ്സുമുതൽ എനിക്ക് കൂട്ടായിട്ടുണ്ടായിരുന്ന കരപ്പൻ അസുഖം മാറണമായിരുന്നു. അങ്ങനെ പാലായിലെ നിത്യസഹായ മാതാവിന്റെ ദൈവാലയത്തിൽ ഒൻപത് ദിവസത്തെ നൊവേനയിൽ പങ്കെടുത്തു. മണലിൽ കരപ്പനുള്ള മുട്ട് കുത്തിനിന്ന് പ്രാർത്ഥിച്ചിട്ട്, വീട്ടിലേയ്ക്ക് തിരികെ വരും. വരുന്ന വഴിക്ക് ഒരു തോടുണ്ട്. അത് കടന്നു പോരുമ്പോളേക്കും മുറിഞ്ഞ മുട്ടിലെ തൊലിയൊക്കെ അടർന്നു പോന്നു നീറുമായിരുന്നു. എങ്കിലും അത്ഭുതകരമായി ഒൻപതാം ദിവസം എന്റെ ശരീരത്തിലുണ്ടായിരുന്ന കരപ്പൻ പൂർണ്ണമായും മാറിക്കിട്ടി!
ഇതിനിടയിൽ തയ്യൽ പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റും കിട്ടി. അപ്പോഴേക്കും തൊട്ടുതാഴെയുള്ള അനുജത്തിയും പത്താം ക്ലാസ് ജയിച്ചു. അങ്ങനെ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് മഠത്തിൽ ചേരുവാൻ മലബാറിലേക്ക് വന്നത്. വീട്ടിൽ നിന്നും മൂത്ത സഹോദരന്റെ എതിർപ്പുകളൊക്കെ ഉണ്ടായിരുന്നെങ്കിലും അതിലൊന്നും ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു ഭയവും തോന്നിയിരുന്നില്ല. അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടി 1965 ഏപ്രിൽ മാസം 20 -ന് സന്യാസവ്രതം സ്വീകരിച്ചു. പിന്നീട് വയനാട്ടിലെ ആലാറ്റിലിൽ സേവനം ചെയ്യുകയും അതിനു ശേഷം പാലാവയലിൽ തുന്നൽ പഠിപ്പിക്കുവാൻ പോകുകയും ചെയ്തു. തന്റെ ദൈവ വിളിയുടെ ആദ്യ നിമിഷങ്ങളെ സിസ്റ്റർ റീന ഓർത്തെടുത്തു.
ലില്ലിക്കുട്ടിയിലും അന്തപ്പനിലും തുടങ്ങിയ മാതൃത്വം
പാലാവയലിൽ തുന്നൽ പഠിപ്പിക്കുമ്പോൾ ലില്ലിക്കുട്ടി എന്നൊരു പെൺകുട്ടി ദിവസവും സി. റീനയുടെ അടുക്കൽ ചേർന്ന് നിൽക്കുമായിരുന്നു. എന്നും ഒരേ ഉടുപ്പ് തന്നെ ധരിച്ചു വരുന്ന, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോകാതിരുന്ന ഒരു കൊച്ചു പെൺകുട്ടി. ഒരു ദിവസം സിസ്റ്റർ അവളോട് സംസാരിച്ചപ്പോൾ വീട്ടിൽ കടുത്ത ദാരിദ്ര്യമാണെന്നും ഭക്ഷണം പോലും ശരിയായി ലഭിക്കുന്നില്ലെന്നും അവൾ പറഞ്ഞു. ഒടുവിൽ മദർ സുപ്പീരിയറിൽ നിന്നും അനുവാദം മേടിച്ച് അവളെ മഠത്തിൽ നിർത്തി പഠിപ്പിക്കുവാനാരംഭിച്ചു. പിന്നീട് പത്താം തരം കഴിഞ്ഞപ്പോൾ അവള്‍ക്കും മഠത്തില്‍ ചേരണം എന്നായി. നിര്‍ബന്ധം കൂടിയപ്പോള്‍ മറ്റൊരു മഠത്തില്‍ ചേരാന്‍ സഹായിച്ചു. പിന്നീട് ലില്ലിക്കുട്ടി സന്യാസ വ്രതം സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ലില്ലിക്കുട്ടിയെന്ന ആ പെൺകുട്ടി ഒരുപാട് സേവനങ്ങൾ ചെയ്തുകൊണ്ട് തന്റെ സമർപ്പിത ജീവിതവിളി ഏറ്റവും മനോഹരമായി നയിക്കുന്നു.
അതിനുശേഷം 1972 -ൽ കോഴിക്കോട് ജില്ലയിലെ പുല്ലൂരാം പാറയിലേക്ക് സ്ഥലം മാറ്റം ലഭിക്കുകയും അവിടുത്തെ മിഷൻ ആശുപത്രിയുടെ നിർമ്മാണ ചുമതല ഏൽക്കുകയും ചെയ്തു. ഇടയിൽ തുന്നൽ പഠിപ്പിക്കുകയും ചെയ്തിരുന്നു. അവിടെ വച്ചായിരുന്നു അന്തപ്പൻ എന്ന യുവാവിനെ സിസ്റ്റർ പുതിയൊരു  ജീവിതത്തിലേക്ക് പറിച്ച് നടുന്നത്. അല്പം ബുദ്ധിക്കുറവുണ്ടായിരുന്ന അന്തപ്പൻ എന്ന 25 -കാരൻ ആയിരുന്നു ആ പരിസരങ്ങളിലെ കടകളിൽ പാട്ടയിൽ വെള്ളം ചുമന്നു കൊണ്ടുപോയി കൊടുത്തിരുന്നത്. അന്ന് അന്തപ്പന് ശരിയായി സംസാരിക്കാനോ ഭാവിയെക്കുറിച്ച് ചിന്തിക്കാനോ കഴിയുമായിരുന്നില്ല. കടക്കാർ കൂലിയായി കൊടുത്തിരുന്നത് ഒരു നേരത്തെ ഭക്ഷണവും ബീഡിയുമായിരുന്നു. ഒരിക്കൽ സിസ്റ്റർ അന്തപ്പനെ അടുത്തു വിളിച്ച് സംസാരിച്ചു. ശരിയായി കുളിക്കുകയോ മുടി വെട്ടുകയോ ഒന്നും ചെയ്യാതിരുന്ന ആ യുവാവിനെ പുഴയിൽ കൊണ്ടുപോയി കുളിപ്പിച്ച് മുടിയൊക്കെ വെട്ടി, മഠത്തിൽ ചെറിയ ജോലിക്ക് നിർത്തി. ചെയ്യുന്ന ഓരോ ചെറിയ ജോലിക്കും ചെറിയ തുക കൂലിയായി കൊടുക്കുകയും ഒടുവിൽ  അത് ഒരു നിശ്ചിത സംഖ്യ ആയപ്പോഴേക്കും ബാങ്ക് അക്കൗണ്ട് എടുപ്പിച്ച് അന്തപ്പനെ സമ്പാദ്യ ശീലം പഠിപ്പിച്ചു. ഒരുപാട് ഒന്നും സംസാരിക്കാനറിയാത്ത അന്തപ്പൻ ‘സിസ്സേ’ എന്നാണ് റീന സിസ്റ്ററിനെ വിളിച്ചുകൊണ്ടിരുന്നത്. അന്തപ്പൻ പിന്നീട് വിവാഹിതനായി. സിസ്റ്റർ ബത്തേരിയിലേക്ക് പോന്നതിന് ശേഷവും ഇടയ്ക്കിടെ അന്തപ്പന്‍ കാണുവാൻ വന്നിരുന്നു. ഒരു പുതിയ ഷർട്ടോ മുണ്ടോ വാങ്ങിയാൽ അപ്പോൾ എത്തുമായിരുന്നു ബത്തേരിയിലേക്ക്; എന്തിനെന്നോ, അന്തപ്പന്റെ ‘സിസ്സയെ’ കാണിക്കുവാൻ. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പോലും സിസ്റ്ററിനെ അയാള്‍ അറിയിച്ചിരുന്നു. ജീവിതമെന്തെന്നു പഠിപ്പിച്ച ആളോടുള്ള കടപ്പാട് അത്രവലുതായിരുന്നു അയാള്‍ക്ക്!
വിവിധ പ്രായക്കാരായ കുഞ്ഞുങ്ങളുടെ അമ്മ  
1977 – 1986 കാലഘട്ടത്തിൽ വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെ സെന്റ് മേരീസ് ചിൽഡ്രൻസ് ഹോമിന്റെ ഉത്തരവാദിത്വം സി. റീനയ്ക്കായിരുന്നു. അവിടെയുള്ള 60 -ഓളം വരുന്ന വിവിധ പ്രായക്കാരായ കുഞ്ഞുങ്ങളുടെ അമ്മയാകുക എന്ന വലിയ ഉത്തരവാദിത്വമാണ് സിസ്റ്ററിനു അന്നുണ്ടായിരുന്നത്. ആ കാലഘട്ടത്തിൽ ആരോരുമില്ലാത്ത അനേകം കുഞ്ഞുങ്ങൾക്ക് സിസ്റ്റർ റീന, റീനാമ്മ ആയി മാറി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെതിയവരും മാതാപിതാക്കൾ മരണമടഞ്ഞവരും ആർക്കും വേണ്ടാത്തവരും ആയ കുട്ടികള്‍ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. സാമ്പത്തിക പ്രതിസന്ധിയാൽ മക്കളെ വളർത്തുവാൻ  മാർഗ്ഗമില്ലാത്തവരും തങ്ങളുടെ കുഞ്ഞുങ്ങളെ അവിടെ ചേർത്തിരുന്നു. കരപ്പനും മറ്റസുഖങ്ങളും ഉണ്ടായിരുന്ന നിരവധി കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു അവിടെ. അവരെയെല്ലാം വൃത്തിയായി കുളിപ്പിക്കുകയും മരുന്നുകൾ കൃത്യമായ ഇടവേളകളിൽ നല്കുവാനുമൊക്കെ പ്രത്യേകമായി സിസ്റ്റർ ശ്രദ്ധിച്ചിരുന്നു. അവരുടെ വ്യക്തിത്വ വികസനത്തിന്റെയും മാനവിക മൂല്യങ്ങളുടെയും കൃത്യമായ വളർച്ച ആ അമ്മ പ്രത്യേകമാം വിധം കൈകാര്യം ചെയ്തിരുന്നു.
ദൈവത്തോടൊപ്പം ചേർന്ന് തന്റെ കുഞ്ഞുങ്ങളുടെ കൂടെ നടന്നും പഠിപ്പിച്ചും ദൈവസ്നേഹത്തെ അറിയിച്ചുകൊടുത്തു ആ അമ്മ. അപ്പനും അമ്മയുമൊക്കെയായി സിസ്റ്റർ അവരുടെ ഉറക്കത്തിൽ പോലും കൂടെയുണ്ടായിരുന്നു. തന്റെ ഒൻപത് വർഷത്തെ സേവനത്തിനിടയിൽ ആ കുഞ്ഞുങ്ങളുടെ അനാഥത്വം അവരെ അറിയിക്കാതിരിക്കുവാൻ തന്റെ സ്നേഹവും വാത്സല്യവും കൊണ്ട് അവരെ പൊതിഞ്ഞു പിടിച്ച ഒരു അമ്മയാണ് സിസ്റ്റർ റീന. അവരുടെ കണ്ണുനീരിന്റെ വേദനകളെ സ്വന്തം കണ്ണുനീരിനാലും പ്രാർത്ഥനയാലും തുടച്ചു മാറ്റുവാൻ ആ അമ്മ ശ്രമിച്ചു. ഇതിനിടയിൽ മാനന്തവാടി രൂപതയുടെ സ്കൂളിൽ തുന്നൽ അധ്യാപികയായി ജോലിയും ലഭിച്ചു. തന്റെ മുൻപിലുള്ള കുഞ്ഞുങ്ങളെ ഏറ്റവും ശക്തരായി വളർത്തുവാൻ അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജീവിതത്തിൽ ധൈര്യം കാണിക്കേണ്ട നിരവധി അവസരങ്ങളും ഈ അമ്മയ്ക്കുണ്ടായിട്ടുണ്ട്. ഒട്ടനവധി സന്ദർഭങ്ങളിൽ  അസാമാന്യമായ ധൈര്യം പ്രകടിപ്പിച്ചിട്ടുണ്ട് ഈ സന്യാസിനി. ഒരിക്കൽ സെക്സ് റാക്കെറ്റിൽ കുടുങ്ങിപ്പോയി ഗർഭിണിയായ ഒരു പെൺകുട്ടിയെ അതി സാഹസികമായി സിസ്റ്റർ രക്ഷപെടുത്തിയിട്ടുണ്ട്. മാനസിക രോഗം മൂർഛിച്ച് നിൽക്കുന്ന അവസ്ഥയിലുള്ള ഒരു പെൺകുട്ടിയെ സ്നേഹപൂർവ്വം വരുതിക്ക് കൊണ്ടുവരികയും അവളെ സംരക്ഷിക്കുകയും ചെയ്തു ഈ അമ്മ. തനിക്കു മുൻപിൽ വരുന്ന ഒരാളെ പോലും അവർ തിരസ്കരിച്ചിരുന്നില്ല. “മാനസിക രോഗികളായവരുടെ മുൻപിലൊക്കെ ചെന്ന് സംസാരിക്കുമ്പോൾ അപകട സാധ്യത ഏറെ ആണ്. എന്തുകൊണ്ടാണെന്നറിയില്ല ഇന്നുവരെയും ആരും എന്നെ തിരസ്കരിച്ചിട്ടില്ല. എനിക്ക് ദൈവം തന്ന വലിയ ധൈര്യവും കൃപയുമാണത്” -സിസ്റ്റർ സന്തോഷത്തോടെ പറയുന്നു.
മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുവാനോ അവരെ സഹായിക്കുവാനോ ലഭിക്കുന്ന അവസരം ഒന്നുപോലും പാഴാക്കിയിട്ടില്ല. “നമ്മുടെ ഭൂമിയിലെ ഓരോ പ്രവർത്തികൾക്കും ദൈവ തിരുസന്നിധിയിൽ കണക്കുബോധിപ്പിക്കേണ്ടി വരും” എന്നാണു അമ്മയുടെ പക്ഷം. ഒൻപതു വർഷത്തെ സേവനത്തിനു ശേഷം സെന്റ് മേരീസിൽ നിന്ന് സ്ഥലം മാറിയപ്പോൾ കരയാത്ത കുഞ്ഞുങ്ങളില്ലായിരുന്നു അവിടെ. രണ്ടര വയസ്സുകാരി കുഞ്ഞുമോളുടെ ഒരാഴ്ചത്തെ കണ്ണുനീർ പിന്നീട് അവൾക്ക് അവളുടെ റീനാമ്മയെ ഒരിക്കൽ കൂടി കാണുവാൻ അനുവാദം നൽകി. തന്റെ കുഞ്ഞുങ്ങളുടെ വളർച്ചയിൽ അതിയായി സന്തോഷിച്ച ആ അമ്മയുടെ ഉത്തരവാദിത്വങ്ങളും വളരെ വലുത് തന്നെയായിരുന്നു. പ്രായപൂർത്തിയാകുന്നവരെ വിവാഹം കഴിപ്പിച്ചയയ്ക്കുവാനും മികച്ച തൊഴിൽ മേഖലകളിൽ ചേർക്കുവാനും ഉത്തരവാദിത്വമുള്ള ആ അമ്മ ശ്രമിച്ചിരുന്നു. കഷ്ടതകളിൽ സഹായം നൽകിയ ഒരുപാട് പേരുണ്ട്. പറഞ്ഞതിനേക്കാൾ പറയാത്ത അനുഭവങ്ങളിലാണ് കൂടുതൽ. ഇന്ന് സമൂഹത്തിൽ ഉയർന്ന പദവിയിൽ ഉള്ളവർപോലും ഇടയ്ക്കിടെ സർവ്വ തിരക്കുകളും മാറ്റിവെച്ച് സ്വന്തം അമ്മയെക്കാണുവാനെന്നപോലെ വരാറുണ്ട്. ഈ സ്നേഹ വായ്പ്പിനിടയിലും സ്വന്തം മക്കളെ ഓർത്ത് എന്നും പ്രാർത്ഥനയുമായി ജീവിതം മുന്നോട്ട് നയിക്കുകയാണ് ആ മാതൃ ഹൃദയം.
നീണ്ട 32 വർഷക്കാലം റീനാമ്മയെ സ്വപ്നം കണ്ട മേരിചേച്ചി
സുൽത്താൻ ബത്തേരിയിലെ ശുശ്രൂഷയ്ക്കിടയിൽ, കണ്ണൂർ ജില്ലയിൽ നിന്നും മേരിഎന്ന ഹൈസ്കൂൾ വിദ്യാർത്ഥിനി സെന്റ് മേരീസ് ചിൽഡ്രൻസ് ഹോമിൽ എത്തി. നാലുവർഷക്കാലം സി. റീനയുടെ സ്നേഹ വാത്സല്യം അനുഭവിക്കുവാൻ ഭാഗ്യം ലഭിച്ചിരുന്നു കുഞ്ഞു മേരിക്ക്. പിന്നീട് പത്താം തരം കഴിഞ്ഞപ്പോൾ തിരികെ വീട്ടിലേക്ക് പോയെങ്കിലും ആ അമ്മയുടെ സ്നേഹവാത്സല്യം ഒരിക്കലും മറക്കുവാൻ സാധിച്ചില്ല. ഫോണോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്നതിനാൽ പിന്നീട് ഒരിക്കൽപോലും ഒന്ന് കാണുവാനോ സംസാരിക്കുവാനോ മേരിക്ക് കഴിഞ്ഞിരുന്നില്ല.
പിന്നീട് സംഭവിച്ചത്: 
അന്ന് കുഞ്ഞായിരുന്നെങ്കിലും ഇന്ന് 50 വയസ്സ് കഴിഞ്ഞ മേരി ചേച്ചിയുടെ വാക്കുകളിലൂടെ: “എങ്ങനെയെങ്കിലും അമ്മയെ ഒന്ന് കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞിരുന്നില്ല. അന്ന് മുതൽ നീണ്ട 32 വർഷക്കാലം ഞാൻ മിക്കവാറും എല്ലാ ദിവസവും റീനാമ്മയെ സ്വപ്നം കാണുമായിരുന്നു. വിവാഹം കഴിഞ്ഞ് മൂത്ത മകന്റെ ബിരുദ പഠനം പൂർത്തിയായിരിക്കുന്ന അവസരത്തിലാണ് അമ്മയുടെ ആഗ്രഹം സാധിക്കുവാൻ പറ്റുമോ എന്ന് നമുക്ക് നോക്കാം എന്ന് പറഞ്ഞുകൊണ്ട് മകൻ എന്നെയുംകൂട്ടി വയനാട്ടിൽ എത്തുന്നത്. പല മഠങ്ങൾ കയറിയിറങ്ങിയതിനു ശേഷം മുള്ളൻകൊല്ലിയിലെ കോൺവെന്റിൽ സിസ്റ്റർ ഉണ്ടെന്നു അറിഞ്ഞു. അങ്ങനെ എന്റെ 32 വർഷത്തെ ആഗ്രഹം അന്നായിരുന്നു സാധിക്കപ്പെട്ടത്. വെറും നാല് വർഷം മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളു എങ്കിലും അമ്മ തന്നതായിരുന്നു എനിക്ക് എല്ലാം. കുടുംബ ജീവിതത്തിലെ അടുക്കും  ചിട്ടയ്ക്കും പ്രാര്ഥനയ്ക്കുമെല്ലാം ഞാൻ റീനാമ്മയോടാണ് കടപ്പെട്ടിരിക്കുന്നത്. ആ കുറിയ കൈകൾ കൊണ്ട് ചെയ്ത നന്മകളുടെ എണ്ണമെടുക്കുവാൻ നമുക്ക് ഒരിക്കലും സാധിക്കില്ല. ആരുടെ ദുഃഖവും ദുരിതവും തന്റേതായി ഏറ്റെടുത്ത് ദൈവത്തോട് കരഞ്ഞു പറഞ്ഞുകൊണ്ട് നമുക്കായി കാര്യം നേടിത്തരുന്ന എന്റെ അമ്മ ജീവിക്കുന്ന വിശുദ്ധ തന്നെയാണ്.” ഇത് ഒരാളുടെ അനുഭവ സാക്ഷ്യം; ഇതുപോലെ എത്രയെത്ര അനുഭവങ്ങള്‍! വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത ആ മാതൃ സ്നേഹത്തിനു പകരം വെയ്ക്കുവാൻ മറ്റൊന്നുമില്ല. എഴുതാനും പറയാനും കഥകൾ ഇനിയും ഒരുപാട് ബാക്കിയുണ്ട്.
ആരാധന സഭാ സമൂഹത്തോട് കടപ്പാട്
ഇക്കാലമത്രയും തന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്കു ആരാധന സഭാ സമൂഹത്തിൽ നിന്നും ഒരിക്കൽപോലും ഒരു എതിർപ്പും നേരിടേണ്ടി വന്നിട്ടില്ല. ഇക്കാലമത്രയും മദർ സുപ്പീരിയർമാർ നല്ല പരിഗണനയും സ്നേഹവും നൽകിയതിനാൽ തനിക്ക് ഏതൊരു പ്രവർത്തി ചെയ്യുവാനും ഒരു ധൈര്യക്കുറവും ഉണ്ടായിരുന്നില്ലെന്ന് സി. റീന പറയുന്നു. എങ്കിലും 82 വർഷം പിന്നിടുമ്പോളും തന്റെ 56 വർഷത്തെ സമർപ്പിത ജീവിതത്തെ ഒരിക്കൽപ്പോലും ഒരു മാധ്യമത്തിന് മുൻപിൽ വെളിപ്പെടുത്തുവാൻ ആഗ്രഹിച്ചിരുന്നില്ല. “ഞാൻ ചെയ്തതൊക്കെയും അവിടുത്തേയ്ക്ക് വേണ്ടി മാത്രമാണ്, ഹൃദയങ്ങളറിയുന്ന അവിടുന്ന് തന്നെ അത് നോക്കിക്കൊള്ളും. വലതു കൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ,” എന്ന് പറഞ്ഞുകൊണ്ടാണ് ആ അമ്മ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
വിളമ്പിത്തന്ന ഉച്ച ഭക്ഷണം കഴിച്ചു കഴിയുംവരെ വളരെ സ്നേഹത്തോടെ അടുക്കൽ കൂട്ടിരുന്നു സി. റീന. നന്ദിയും പറഞ്ഞു സേക്രഡ് ഹാർട്ട് കോൺവെന്റിന്റെ പടികളിറങ്ങുവാൻ തുടങ്ങുമ്പോൾ ‘മക്കൾക്ക് കൊടുക്കണം കേട്ടോ’ എന്നും പറഞ്ഞുകൊണ്ട് സ്നേഹം നിറച്ച മിഠായികൾ എന്റെ കൈകളിൽ ആ അമ്മ  വെച്ച് തന്നു. മൂന്നു മണിക്കൂറുകൊണ്ട് പറഞ്ഞു തന്നതിനേക്കാളുപരി, സ്നേഹിച്ചു കാണിച്ചു തന്ന ആ അമ്മയുടെ നന്മ സ്വീകരിച്ച കുഞ്ഞുങ്ങളുടെ കൂടെ ഇനി ഞാനും ഉണ്ട്. ജീവിതകാലം മുഴുവൻ എല്ലാം പങ്കുവെച്ച് നൽകിയ ക്രിസ്തുവിന്റെ ജീവിതത്തോട് ചേർത്തുവെയ്ക്കുവാൻ ഒരു നന്മ നിറഞ്ഞ ജീവിതം കൂടി. പുറംപൂച്ചുകളോ നാട്യങ്ങളോ ഇല്ലാതെ, ആ സ്വരംപോലെ തന്നെ തെളിമയാർന്ന ഹൃദയവും പ്രവർത്തികളുമാണ് റീനാമ്മയെന്ന സ്നേഹത്തിന്റെ പര്യായത്തിന്. ജീവിതം കൊണ്ട് കാണിച്ചു തന്ന സ്നേഹത്തിന്റെ ഭാഷ്യത്തിനു നന്ദി. സി. റീനയോടും നല്ല തമ്പുരാനോടും!
സുനീഷ നടവയൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

2 COMMENTS

  1. സിസ്റ്ററിൻ്റെ ഓരോ നൻമകൾക്കും ദൈവം പ്രതിഫലം നൽകട്ടെ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.